Thursday 02 February 2023 11:37 AM IST

‘എന്തൊക്കെ സന്തോഷം വന്നാലും അച്ഛൻ കൂടെ ഇല്ലാത്തതിന്റെ വിഷമം എപ്പോഴും ഉണ്ട്’: ‘മാളികപ്പുറം’ 100 കോടി നിറവിൽ: വിഷ്ണു ശശിശങ്കർ പറയുന്നു

V.G. Nakul

Sub- Editor

vishnu-sasisankar-1

മലയാള സിനിമയിൽ വിഷ്ണു ശശിശങ്കറിന്റെ രാജകീയ അരങ്ങേറ്റമാണ് ‘മാളികപ്പുറം’. തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നു ഈ ചെറുപ്പക്കാരൻ.

അകാലത്തില്‍ പൊലിഞ്ഞ മലയാളത്തിന്റെ പ്രിയ സംവിധായകൻ ശശിശങ്കറിന്റെ മകനാണ് വിഷ്ണു. നാരായം, കുഞ്ഞിക്കൂനൻ, മന്ത്രമോതിരം, ഗുരു ശിഷ്യൻ, മിസ്റ്റർ ബട്‌ലർ തുടങ്ങി ജനപ്രിയവിജയങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തമിടം നേടിയ ശശിശങ്കർ 2016 ൽ അന്തരിച്ചു.

പി.എ ബക്കറുടെ സംവിധാന സഹായിയാണു ശശിശങ്കറിന്റെ തുടക്കം. ‘നാരായം’ എന്ന ചിത്രത്തിലൂടെ 1993ൽ സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ദിലീപിനെ ജനപ്രിയനായകനാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ‘കുഞ്ഞിക്കൂനൻ’ എന്ന ചിത്രമാണ് ശശിശങ്കരിന്റെ കരിയറിലെ വലിയ വിജയം. പുന്നാരം, സർക്കാർ ദാദ എന്നിവയാണു അദ്ദേഹത്തിന്റെ മറ്റു മലയാള ചിത്രങ്ങൾ. പേരഴകൻ, പഗഡൈ പഗഡൈ എന്നീ തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കുഞ്ഞിക്കൂനന്റെ തമിഴ് റീമേക്കായിരുന്നു സൂര്യയും ജ്യോതികയും പ്രധാന വേഷത്തിൽ എത്തിയ പേരഴകൻ.

അച്ഛനിലൂടെയാണ് സിനിമയെന്ന ഹരം വിഷ്ണുവിലേക്കും പടർന്നത്. അതുകൊണ്ടു തന്നെ അച്ഛനുള്ള മകന്റെ ഗുരുദക്ഷിണ കൂടിയാകുന്നു ‘മാളികപ്പുറം’.

‘‘ഒരു വിജയമാകും എന്നു തോന്നിയിരുന്നു. എന്നാൽ ഇങ്ങനെ അനുഗ്രഹം ചൊരിഞ്ഞുള്ള ഒരു വലിയ വിജയമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല’’. – വിഷ്ണു ശശിശങ്കർ ‘വനിത ഓൺലൈനോട്’ പറയുന്നു.

vishnu-sasisankar-3

‘‘കുറേക്കാലമായി വിട്ടു നിന്ന കുടുംബപ്രേക്ഷകർ കൂട്ടത്തോടെ തിയറ്ററുകളിലേക്കു മടങ്ങിയെത്തി എന്നതാണ് ഈ വിജയത്തിന്റെ സീക്രട്ട്. സിനിമ നന്നെങ്കിൽ ആളുകൾ തിയറ്ററുകളിലേക്കു വരും എന്നതിന് ‘മാളികപ്പുറം’ ഒരു ഉദാഹരണമാണ്’’.– വിഷ്ണു തുടരുന്നു.

തിരക്കഥയുടെ ഏഴ് ഡ്രാഫ്റ്റുകൾ

എന്നെ ഈ കഥയിലേക്ക് ആകർഷിച്ചത് അതിന്റെ സോൾ ആണ്. ഞാനും അഭിലാഷേട്ടനും സഹോദരൻമാരെപ്പോലെയാണ്. അദ്ദേഹം സിനിമയിൽ എത്തും മുമ്പേയുള്ള ബന്ധമാണ്. ഞങ്ങൾ എപ്പോഴും സിനിമ ചർച്ച ചെയ്യും. അദ്ദേഹം ത്രില്ലറിന്റെയും ഞാൻ ഫാമിലി ഡ്രാമയുടെയും ആളാണ്. ഇങ്ങനെ ത്രില്ലർ കഥകൾ പറഞ്ഞതിന്റെ കൂട്ടത്തിൽ കക്ഷി പങ്കുവച്ച പ്ലോട്ടാണ് ‘മാളികപ്പുറം’. പുള്ളി എവിടെയൊ വായിച്ച ഒരു വാർത്തയിൽ നിന്നാണ് അതിന്റെ തുടക്കം. ആ ഘട്ടം മുതൽ കഥയുടെ ഓരോ വികാസത്തിലും ഞാൻ ഒപ്പമുണ്ട്. തിരക്കഥയുടെ ഏഴ് ഡ്രാഫ്റ്റുകളാണ് ‘മാളികപ്പുറ’ത്തിനായി തയാറാക്കിയത്. അത്രയേറെ റിസേർച്ചുണ്ടായിരുന്നു. ഇൻഫർ‌മേറ്റീവും ഒപ്പം എന്റർടെയ്ൻമെന്റും ആകണം എന്നുണ്ടായിരുന്നു. ചുരുക്കത്തിൽ‌ ഈ സിനിമയിൽ ഞാൻ വന്നു ചേർന്നതല്ല. തുടക്കം മുതലേ ഒപ്പം ഉണ്ടായിരുന്നതാണ്. അതിന്റെതായ ആനുകൂല്യങ്ങൾ കിട്ടി.

എല്ലാവർക്കും തൃപ്തികരമായ ഒരു തിരക്കഥാരൂപം വന്നപ്പോൾ, ആ കഥാപാത്രത്തിനു ഏറ്റവും അനുയോജ്യൻ ഉണ്ണി മുകുന്ദൻ ആണെന്നു തോന്നി. കഥ കേട്ടപ്പോൾ ആൾ‌ക്കും വലിയ താൽപര്യമായി. അത്രയേറെ ഉണ്ണിയും ഇതിൽ ഇൻവോൾവ് ആയിരുന്നു.

2018 മുതൽ‌ ‘മാളികപ്പുറ’ത്തിന്റെ ചർച്ചകളും തിരക്കഥയുടെ പരിപാടികളും തുടങ്ങിയിരുന്നു. പ്രീ പ്രൊഡക്ഷനും ഷൂട്ടിങ്ങും കൂടി അഞ്ച് മാസം. ചിത്രീകരണത്തിന്റെ സമയത്തു പോലും തിരക്കഥ മിനുക്കിക്കൊണ്ടിരുന്നു. ലൊക്കേഷനിലെത്തുമ്പോൾ തോന്നുന്ന ഗുണപരമായ തിരുത്തുകൾ കൂടി തിരക്കഥയിൽ ഉൾക്കൊള്ളുകയായിരുന്നു.

തുടക്കം അച്ഛനോടൊപ്പം

ഞാന്‍ പഠിച്ചത് വിഷ്വൽ കമ്യൂണിക്കേഷനാണ്. അച്ഛന്റെയൊപ്പം ചില വർക്കുകളിൽ പ്രവർത്തിച്ചാണ് തുടക്കം. പിന്നീട് തമിഴിൽ വിവേകിനൊപ്പം എഡിറ്റിങ്ങിൽ പ്രവർത്തിച്ചു. തുടർന്ന് പൊൻറാം, അനൂപ് പണിക്കർ, എം.പത്മകുമാർ എന്നിവർക്കൊപ്പം സംവിധാന സഹായിയായി. എഡിറ്റർ എന്ന നിലയിൽ പരസ്യചിത്രങ്ങളിലും ചില ട്രെയിലറുകളിലുമൊക്കെ സഹകരിച്ചിട്ടുണ്ട്.

ആ വലിയ വേദന

അച്ഛന്റെ സിനിമകളിൽ എനിക്ക് ഏറ്റവും പ്രിയം ‘മിസ്റ്റർ ബട്‌ലർ’ആണ്. വീണ്ടും വീണ്ടും കാണുന്ന സിനിമയാണത്. അച്ഛന്റെ മരണം വളരെ നേരത്തെയായിപ്പോയി. ഈ സന്തോഷ നിമിഷത്തിൽ അച്ഛൻ ഒപ്പം ഉണ്ടായിരുന്നെങ്കിൽ എന്നു തോന്നുന്നുണ്ട്. എന്തൊക്കെ സന്തോഷം വന്നാലും കൂടെ അദ്ദേഹം ഇല്ലാത്തതിന്റെ വിഷമം എപ്പോഴും ഉണ്ട്.

‘മാളികപ്പുറം’ കണ്ട് അച്ഛന്റെ സുഹൃത്തുക്കളൊക്കെ വിളിച്ചിരുന്നു. പേര് പറയാനാണെങ്കിൽ ഒരു വലിയ ലിസ്റ്റ് ഉണ്ട്. കൂട്ടത്തിൽ അച്ഛന്റെ ഗുരുനാഥനായ സത്യൻ അന്തിക്കാട് സാറും പ്രിയ സുഹൃത്തായിരുന്ന ദിലീപേട്ടനും വളരെയേറെ സന്തോഷം പങ്കുവച്ചു.

vishnu-sasisankar-2

വിവാദം

അത്തരം വിവാദങ്ങളെയൊക്കെ ഞാൻ അവഗണിക്കുകയാണ്. പടം 100 കോടി എത്തിയില്ലേ. അതാണ് എന്റെ മറുപടി...

പുതിയ സിനിമകൾ

ഞാനും അഭിലാഷേട്ടനും ചില പുതിയ കഥകൾ സംസാരിക്കുന്നുണ്ട്. കുറേക്കാലമായി ചർച്ചയിലുള്ള പ്ലോട്ടുകളാണ്. ഇപ്പോൾ കൂടുതലൊന്നും പറയാറായിട്ടില്ല. മികച്ച ഒരു കുടുംബചിത്രമാകും എന്നുറപ്പ്.