Saturday 04 November 2023 12:37 PM IST : By സ്വന്തം ലേഖകൻ

സുരേഷേട്ടാ.... ഞങ്ങൾ ഒന്നു കെട്ടിപ്പിടിക്കട്ടെ: മനസു നിറഞ്ഞ് ആലിംഗനം: താരത്തിന് വമ്പൻ സ്വീകരണം

sg

സുരേഷ് ഗോപി ബിജു മേനോൻ ടീം ഒരുമിച്ച ഗരുഡന് പ്രേക്ഷകർ ആവേശോജ്ജ്വല സ്വീകരണമാണ് നൽകുന്നത്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിന് തൃശൂരിലെ ഗിരിജ തീയറ്ററിൽ പ്രത്യേക ലേഡീസ് ഷോയും സംഘടിപ്പിച്ചിരുന്നു. വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ സുരേഷ് ഗോപി ചിത്രം കാണാനെത്തിയ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രദർശത്തിനു ശേഷം സ്ത്രീകളടക്കമുള്ള പ്രേക്ഷകര്‍ ഹൃദ്യമായാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. അദ്ദേഹത്തെ ആലിംഗനം ചെയ്യാനും കുട്ടികളടക്കമുള്ളവരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു.

സിനിമയ്‌ക്ക് കിട്ടുന്നത് വലിയ പിന്തുണയാണെന്ന് സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അതൊരു ഈശ്വരാനുഗ്രഹമാണെന്നും ആ അനുഗ്രഹം സസന്തോഷം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും താരം പറഞ്ഞു. ‘‘ഗരുഡൻ പറന്നുയരുകയാണ്. അത് നാട് ആഘോഷിക്കുമ്പോൾ സന്തോഷത്തോടെയാണ് ഞാൻ പങ്കെടുക്കുന്നത്. ആ സന്തോഷത്തിൽ നിങ്ങളും ആസ്വദിക്കുക. ഇതൊരു ഇൻഡസ്ട്രിയുടെ വിജയം കൂടിയാണ്. ഇന്ന് പാലായിലും നൂറനാടും ആറ്റിങ്ങലും പോകുന്നുണ്ട്.’’–സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിലെ വനിതകൾ വിളിച്ചു, താൻ വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ​ഗിരിജ തിയറ്ററും ഒരു വനിതയുടെ പ്രയത്നമാണ്. ഗിരിജ തിയറ്ററിന് പ്രതിസന്ധിയുണ്ടായപ്പോൾ ഉടമയുമായി സംസാരിച്ചിരുന്നുവെന്നും താരം പറഞ്ഞു.

 നീതിക്കുവേണ്ടി പോരാടുന്ന പൊലീസ് ഓഫിസറുടെയും ഒരു കോളജ് പ്രഫസറുടെയും ജീവിതമാണ് ഈ സിനിമയുടെ പ്രമേയം. കേരള ആംഡ് പൊലീസിന്റെ കമാൻഡന്റ് ഹരീഷ് മാധവനായാണ് സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളജ് പ്രഫസറുടെ വേഷമാണ് ബിജുമേനോൻ ചെയ്യുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള നിഷാന്ത് ഒരു നിയമ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത് അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.