Thursday 17 April 2025 09:54 AM IST : By സ്വന്തം ലേഖകൻ

ആ നടൻ ഷൈൻ ടോം ചാക്കോ! പരാതി നൽകി വിൻസി, വിവരങ്ങൾ ശേഖരിക്കാൻ എക്സൈസും

winc

സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് നടി വിൻ സി. അലോഷ്യസിനോട് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തൽ. നടി ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും പരാതി നൽകി.

‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്. പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് മനോരമ ന്യൂസിനോടു പറഞ്ഞു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. നേരത്തെ, നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു. നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻ സി. വിഡിയോയിലൂടെ പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്നും നടി നിലപാടെടുത്തിരുന്നു. അതേസമയം, ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ലഹരി ഉപയോഗിച്ചത് കണ്ടുവെന്ന വെളിപ്പെടുത്തലിൽ വിൻസി അലോഷ്യസിൽ നിന്നും എക്സൈസ് വിവരങ്ങൾ തേടും. പ്രാഥമിക അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് വിവരങ്ങൾ തേടുക. പരാതി ഉണ്ടെങ്കിൽ മാത്രമേ കേസ് എടുത്ത് അന്വേഷണം നടത്തു.