ADVERTISEMENT

വ്യായാമത്തിന്റേയും ഫിറ്റ്നസിന്റേയം കാര്യത്തിൽ ഹൃത്വിക്കിനോളം പോന്ന മറ്റൊരു താരം ബോളിവുഡിൽ ഉണ്ടോ എന്നുള്ള കാര്യം സംശയമാണ്. സ്വന്തം ശരീരത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാൻ അത്രയേറെ അധ്വാനിക്കുന്നുണ്ട് ഹൃത്വിക്. താരത്തിന് ഈ ശീലം പകർന്നു നൽകിയത് ആരെന്ന ചോദ്യങ്ങളെ ഇനി മറന്നേക്കാം. ഫിറ്റ്നസ് ഫ്രീക്കായി ഹൃത്വിക്കിനെ നിലനിർത്തുന്നതിൽ അമ്മ പിങ്കി റോഷനും വലിയ സ്ഥാനമുണ്ട്. അറുപത്തിയെട്ടാം വയസ്സിൽ ചുറുചുറുക്കോടെ വ്യായാമം ചെയ്യുന്ന പിങ്കിയുടെ വിഡിയോയാണ് അത് അടിവരയിടുന്നത്. ഹൃത്വിക് തന്നെയാണ് അമ്മയുടെ എനർജറ്റിക് വി‍ഡിയോ പങ്കുവച്ചിരിക്കുന്നത്.

ഈ പ്രായത്തിലും കഠിനമായ വ്യായാമമുറകളുമായാണ് പിങ്കി റോഷൻ എത്തുന്നത്. 58 വയസ്സു മുതലാണ് പിങ്കി റോഷൻ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ഹൃതിക് വിഡിയോക്കൊപ്പം പങ്കുവച്ച കുറിപ്പിൽ പറയുന്നു. അമ്മയുടെ യാത്രയിൽ അഭിമാനമുള്ള വ്യക്തിയാണ് താനെന്നും ഹൃതിക് കുറിക്കുന്നു. 

ADVERTISEMENT

‘അറുപത്തിയെട്ടാം വയസ്സിലും അമ്മ ഫിറ്റ്നസിനായി പ്രയത്നിക്കുന്നതു കാണുമ്പോൾ പ്രായമെത്രയായാലും നമുക്കും കൂടുതൽ മികച്ചതായി തുടരാം എന്ന പ്രതീക്ഷയാണ്. അമ്മയുടെ ഈ അഭിനിവേശത്തെ പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി. അമ്മ മോശം ദിവസങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ആ ദിനങ്ങളെ എല്ലാം തരണം ചെയ്ത് വീണ്ടും ജിമ്മിൽ പോകുക എന്നത് ശ്രമകരമായ ദൗത്യമായിരുന്നു. നിങ്ങളുടെ പിന്തുണയോടെയാണ് അമ്മ വീണ്ടും വർക്കൗട്ടിലേക്ക് തിരികെ എത്തിയത്. അമ്മയെ വീണ്ടും കരുത്തയാക്കുന്നതിൽ എല്ലാവരോടും നന്ദി പറയുന്നു. അവനവനെ മെച്ചപ്പെടുത്താൻ പരമാവധി ശ്രമിക്കുന്ന എല്ലാവർക്കും സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണ ലഭിച്ചിരുന്നെങ്കിൽ എന്നാ​ഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. അമ്മ വർക്കൗട്ട് ചെയ്യാൻ തുടങ്ങിയത് 58–ാം വയസ്സിലാണ്. വര്‍ക്കൗട്ടിനു വൈകിപ്പോയി എന്നു ചിന്തിക്കുന്ന എല്ലാവർക്കും പ്രചോദനമാകാനാണ് ഇത്. നിങ്ങളുടെ മക്കൾക്കായി നിങ്ങളും വർക്കൗട്ട് ചെയ്യൂ. ’– ഹൃതിക് പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

സോഷ്യൽ മീഡിയയിൽ അമ്മയുടെ നിരവധി വർക്കൗട്ട് വിഡിയോകളും താരം പങ്കുവച്ചു. പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധി പേരാണ് പിങ്കി റോഷന്റെ വർക്കൗട്ട് അഭിനിവേശത്തെ പ്രശംസിച്ചത്. വർക്കൗട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഏത് പ്രായത്തിലുള്ളവർക്കും മാതൃകയാണ് പിങ്കി എന്നും പലരും കമന്റ് ചെയ്തു. 

ADVERTISEMENT

 



ADVERTISEMENT
ADVERTISEMENT