‘സംസാരമില്ല, എഴുന്നേൽക്കില്ല...കണ്ണും ദേഹവുമൊക്കെ മഞ്ഞക്കളർ’: ഐസിയുവിൽ അഡ്മിറ്റായി, ഒരു മാസമായി ആശുപത്രിയിൽ
Mail This Article
ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ആശുപത്രിയിലായ വിവരം പങ്കുവച്ച് നടിയും നർത്തകിയുമായ ദേവി ചന്ദന. ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും ‘മഞ്ഞപ്പിത്തമല്ലേ’ എന്ന് ചോദിച്ച് അസുഖത്തെ നിസാരമാക്കി കണ്ടവരുണ്ടെന്നും ദേവി പറഞ്ഞു.
‘ഒരു മാസമായി ആശുപത്രിയിലായിരുന്നു. ചെറിയ ശ്വാസംമുട്ടൽ എന്നു പറഞ്ഞ് വച്ചോണ്ടിരുന്നു. പക്ഷേ ആശുപത്രിയിൽ ചെന്നുകഴിഞ്ഞപ്പോഴാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്. ലിവർ എൻസൈമുകൾ നന്നായി കൂടി. ഐസിയുവിൽ അഡ്മിറ്റായി. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഇപ്പോൾ ഭേദമായി വരുന്നു. ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠമായിരുന്നു. എവിടെ നിന്നാണ് ഈ അസുഖം കിട്ടിയതെന്ന് എല്ലാവരും ചോദിച്ചു. ഞാൻ ഒറ്റയ്ക്ക് എവിടെയും പോയിട്ടില്ല. മൂന്നാറിലൊക്കെ എല്ലാവരുടെയും കൂടെയാണ് പോയത്. അതുകഴിഞ്ഞ് മുംബൈയിൽ എനിക്കൊരു ഫങ്ഷനുണ്ടായിരുന്നു. അപ്പോഴും കൂടെ ആളുകളുണ്ടായിരുന്നു. അതുകഴിഞ്ഞ് ഷൂട്ടിങ്ങിന് പോയപ്പോഴും എല്ലാവരുമുണ്ടായിരുന്നു. എന്റെ ഭയങ്കര പ്രതിരോധശേഷി കൊണ്ടാവാം, എനിക്ക് മാത്രം അസുഖം വന്നത്. ഈ അസുഖത്തിനെക്കുറിച്ച് നമുക്ക് ധാരണയില്ലായിരുന്നു. ഇടയ്ക്ക് ശ്വാസം മുട്ടൽ ഉണ്ടാകാറുണ്ടായിരുന്നു. അത് തണുപ്പിന്റെയൊക്കെ ആകുമെന്ന് കരുതി നിസ്സാരമായി കണ്ടു. കരൾ വീങ്ങിയിരിക്കുന്നു കാരണം ശ്വാസം മുട്ടിയതാണ്. ആശുപത്രിയിലായതു കാരണം എന്റെ കുഞ്ഞുങ്ങളുടെ അരങ്ങേറ്റം നേരിൽ കാണാൻ കഴിഞ്ഞില്ല. ഫോണൊക്കെ കൈയിലെടുത്തിട്ട് മൂന്നാഴ്ചയോളമായി. ഐസിയുവിൽ ഫോൺ പറ്റില്ല. ഒരുപാട് പേർ വിളിച്ച് അന്വേഷിച്ചിരുന്നു. എല്ലാവർക്കും നന്ദി. ഈ വിഡിയോയിലൂടെ ഞാൻ പറയാനുദ്ദേശിച്ചത് വേറൊന്നുമല്ല, പുറത്തേക്ക് യാത്ര ചെയ്യുന്നവർ വെള്ളം, ഭക്ഷണം എന്നിവയൊക്കെ വളരെയധികം ശ്രദ്ധിക്കണം. ഹെപ്പറ്റൈറ്റിസ് ബി പോസിറ്റീവായി കോമയിലൊക്കെ പോയവരുണ്ടെന്ന് പറഞ്ഞുകേട്ടു. സ്ട്രീറ്റ് ഫുഡ് കഴിക്കുന്നത് ഒന്ന് കൺട്രോൾ ചെയ്യുക. ശുദ്ധമായ വെള്ളം മാത്രം കുടിക്കുക. പറയുമ്പോൾ എളുപ്പമാണ്. ഇതു വന്നുകഴിഞ്ഞാൽ വളരെ ബുദ്ധിമുട്ടാണ്. എല്ലാവരും ശ്രദ്ധിക്കുക’. - ദേവി ചന്ദന പറയുന്നു.
ദേവി ചന്ദനയുടെ രോഗാവസ്ഥയെക്കുറിച്ച് ഭർത്താവ് കിഷോർ പറയുന്നതിങ്ങനെ –
‘കഴിഞ്ഞ മാസം 26ന് രാത്രി അഡ്മിറ്റായതാണ്. ആ സമയത്ത് അട്ടയൊക്കെ ചുരുണ്ട് കിടക്കുന്നതുപോലെയായിരുന്നു കിടപ്പ്. സംസാരമില്ല, എഴുന്നേൽക്കില്ല. ഭക്ഷണം കഴിക്കാൻ എഴുന്നേൽക്കുമ്പോൾ ഛർദിക്കുന്നു. അതുകൊണ്ട് ഭക്ഷണം കാണുമ്പോൾ കഴിച്ചാൽ ഛർദിക്കുമോയെന്ന പേടി. ആകെ വല്ലാത്തൊരു അവസ്ഥയായിരുന്നു. കണ്ണും ദേഹവുമൊക്കെ മഞ്ഞക്കളർ. ബിലിറൂബിൻ 18 ആയി. എൻസൈംസൊക്കെ ആറായിരമൊക്കെയായി’. – കിഷോർ പറഞ്ഞു.