‘പ്രിയന്റെ വാക്കുകളിൽ നിറയെ ലിസിയോടുള്ള പ്രണയവും ഇഷ്ടവും; ആ ഭയം മാറ്റിയെടുക്കണം’: ആലപ്പി അഷ്റഫ് പറയുന്നു
Mail This Article
സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും തമ്മിലുള്ള വേര്‍പിരിയല്‍ സിനിമാലോകത്ത് വലിയ ഞെട്ടലുകള്‍ക്ക് വഴിവച്ചിരുന്നു. കഴിഞ്ഞ ദിവസം സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് കൈകള്‍ ചേര്‍ത്തുപിടിച്ച ഇരുവരുടെയും ദൃശ്യങ്ങള്‍ സന്തോഷത്തോടെയാണ് സിനിമാ പ്രേമികള്‍ ചര്‍ച്ച ചെയ്തത്. അതിനിടെ പ്രിയദര്‍ശനും ലിസിയും തമ്മിലുള്ള ശത്രുതയുടെയും വൈരാഗ്യത്തിന്റെയും മഞ്ഞുരുകി തുടങ്ങിയെന്നും അവർ ഒന്നാകാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
ആലപ്പി അഷറഫിന്റെ വാക്കുകള്‍;
ലിസിയും പ്രിയദർശനും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയെങ്കിലും അവർ തമ്മിലുള്ള ശത്രുതയുടെയും വൈരാഗ്യത്തിന്റെയും മഞ്ഞുരുകി തുടങ്ങിയെന്നും അവർ ഒന്നാകാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്നും ഞാൻ വെളിപ്പെടുത്തിയിരുന്നു. അതിനെയും പലരും സംശയത്തോടെയാണ് വീക്ഷിച്ചത്. അന്നത് എന്റെ ഭാവനയിൽ മെനഞ്ഞെടുത്ത കെട്ടുകഥയായിരുന്നില്ല. ലിസിയുമായി സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ച കാര്യങ്ങളാണ്.
എന്നാൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹചടങ്ങിന് അവർ രണ്ടുപേരും ഒരുമിച്ചെത്തിയപ്പോൾ അവർ രണ്ടുപേരെയും ചേർത്തുനിർത്തി സിബി ഫോട്ടോ എടുത്തതും അവർ രണ്ടുപേരും കൈകോർത്ത് ഇറങ്ങി പോകുന്നതും ഒക്കെ കണ്ട് ഒരു മലയാളം ചാനലിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു. മൂന്നര മാസങ്ങൾക്കു മുൻപ് സംവിധായകൻ ആലപ്പി അഷ്റഫ് ആണ് ലിസിയും പ്രിയദർശനും തമ്മിൽ വീണ്ടും ഒന്നിക്കുവാനുള്ള സാധ്യതകൾ തെളിഞ്ഞതായി തന്റെ യൂട്യൂബ് ബ്ലോഗിലൂടെ അറിയിച്ചത്. അവർ ഒന്നിച്ചോ എന്ന ചോദ്യവുമായി നടൻ മോഹൻലാലിന്റെ അടുത്തേക്കു പോലും ഉത്തരം തേടി പോയവരുണ്ട്.
ഞാൻ ഈ വിഷയം അന്ന് വെളിപ്പെടുത്താനുള്ള കാരണം നടി പ്രിയരാമനും ഭർത്താവും തമ്മിൽ വേർപിരിയലും വർഷങ്ങൾക്കു ശേഷം അവർ ഒരു വേദിയിൽ വച്ച് വീണ്ടും പ്രണയാഭ്യർത്ഥന നടത്തി ഒന്നാവുകയും ചെയ്ത കഥയിൽ നിന്നാണ്. രഞ്ജിത്ത് മറ്റൊരു വിവാഹവും കഴിച്ച് ആ ബന്ധവും വേർപിരിഞ്ഞ ശേഷമാണ് പ്രിയാരാമനുമായി വീണ്ടും ഒന്നുചേർന്നത്. എന്നാൽ പ്രിയനും ലിസിയും വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം രണ്ടുപേരും വേറെ വിവാഹബന്ധ ബന്ധത്തിലേക്ക് കടന്നില്ല. തന്നെയുമല്ല കുട്ടികളുടെ കാര്യത്തിൽ രണ്ടുപേരും ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നതും നടപ്പാക്കുന്നതും. പ്രിയൻ ഒരു അമ്മായിപ്പനും മുത്തച്ഛനും ഒക്കെ ആയപ്പോഴാണ് ഇപ്പോൾ ചിന്താഗതിക്ക് മാറ്റം സംഭവിക്കുകയും ലിസിയോട് വീണ്ടും പ്രണയവും കരുതലും ഒക്കെ മൊട്ടിട്ടതും.
സിബി മലയിലിന്റെ മകന്റെ വിവാഹചടങ്ങിലേക്കായി അവർ രണ്ടുപേരും ഒരുമിച്ചാണ് ചെന്നൈയിൽ നിന്നും ഫ്ലൈറ്റിൽ കൊച്ചിയിൽ എത്തിയത്. അവരങ്ങനെ ഒന്നിച്ച് വിവാഹചടങ്ങ് നടക്കുന്ന വേദിയിൽ എത്തുകയും പ്രിയനും ലിസിയും അവിടെ വച്ച് പരസ്പരം നാണത്തോടെ നോക്കി ചിരിക്കുകയും കൈപിടിച്ചു നടക്കുകയും നിൽക്കുകയും ഒക്കെ ചെയ്യുന്നത് കാണികൾ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. സിബി മലയിൽ രണ്ടുപേരെയും ചേർത്തു നിർത്തി പറയുകയുണ്ടായി ഈ ഒത്തുചേരലിന് ഇവിടം വേദിയായതിൽ വളരെ സന്തോഷമുണ്ടെന്ന്. വിവാഹ ചടങ്ങിനു ശേഷം രണ്ടുപേരും ഒരുമിച്ച് ലിസിയുടെ അമ്മയെ കാണാൻ പോയി.
പ്രിയനുമായി ഒന്നിച്ചുള്ള ജീവിതം ആയികൂടെ എന്ന് ഞാൻ ലിസിയോട് ചോദിച്ചു. അതിന് ലിസി പറഞ്ഞ മറുപടി, ‘ഒന്നിച്ചാണ് ഇക്ക, ഇപ്പോൾ എല്ലാം കുടുംബമായി സ്നേഹമായി തന്നെയാണ് മുന്നോട്ടു പോകുന്നത്. പരാതിയോ പരിഭവമോ വഴക്കോ ഒന്നും തന്നെയില്ല. ഇനി ഇപ്പോൾ നിബന്ധനകളോ കരാറുകളോ ബന്ധനങ്ങളോ ഒന്നും തന്നെ വേണ്ട സ്നേഹത്തോടെ ഇങ്ങനെ തന്നെ നീങ്ങട്ടെ..’ കരാറിലൊക്കെ ഒപ്പിട്ട് പുനർവിവാഹവും കഴിച്ചു കഴിഞ്ഞാൽ വീണ്ടും വഴക്കുണ്ടാകുമോ എന്നൊരു പേടി ലിസിയുടെ ഉള്ളിൽ ഉണ്ടെന്നാണ് ലിസി പറയുന്നത്. ആ ഭയം പ്രിയൻ മാറ്റിയെടുത്താൽ മാത്രമേ ബന്ധം പൂർണതയിൽ എത്തുകയുള്ളൂ.
രണ്ടു ദിവസം മുമ്പ് പ്രിയദർശൻ എന്നെ വിളിച്ചിരുന്നു. തന്റെ നാക്ക് കരിനാക്കാണോ പൊൻ നാക്കാണോടോ എന്ന് എന്നോട് ചോദിച്ചു. ലിസിക്ക് പ്രിയനോടുള്ള ഇഷ്ടവും കരുതലും ഒക്കെ മനസ്സിലാക്കി ഞാനാണല്ലോ ഇത് ആദ്യം പറഞ്ഞത് അതുകൊണ്ടായിരിക്കണം പ്രിയൻ എന്നോട് അങ്ങനെ ചോദിച്ചത്. ഇപ്പോൾ പ്രിയനെ സംബന്ധിച്ച് കരുതലും സ്നേഹവും മാത്രമല്ല അദ്ദേഹം പ്രണയപരവശനും കൂടിയാണ്. വാക്കുകളിൽ നിറയെ ലിസിയോടുള്ള പ്രണയവും ഇഷ്ടവും തുളുമ്പി നിൽക്കുന്നു. പഴയതുപോലെ നല്ലൊരു കുടുംബജീവിതം പ്രിയന് നയിക്കണമെങ്കിൽ ലിസിയുടെ ഉള്ളിലുള്ള അവശേഷിച്ച ഭയം കൂടി മാറ്റിയെടുക്കേണ്ടതായുണ്ട്. പ്രിയൻ അതിനു ശ്രമിക്കട്ടെ, അത് സാധിക്കട്ടെ.
ഇനിയുള്ള കാലം ഇണയായും തുണയായും പരസ്പരം സ്നേഹിച്ച് ഒന്നിച്ചു ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നിങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പെണ്ണിന്റെ ഉടലറിയുമ്പോഴല്ല ഉള്ളറിയുമ്പോഴാണ് ദാമ്പത്യത്തിൽ പൂക്കാലം ഉണ്ടാകുന്നത്. ആണിന്റെ കരുത്തറിയുമ്പോഴല്ല കരുതൽ അറിയുമ്പോഴാണ് ഓരോ പെണ്ണും ജീവിക്കാൻ കൊതിക്കുന്നത്.