Wednesday 13 April 2022 05:50 PM IST

ദേ... ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ...: അന്നു പരിഹസിച്ചവരെ കൊണ്ട് കയ്യടിപ്പിച്ചു, മാസാണ് ശ്രീവിദ്യ

Ammu Joas

Sub Editor

sreevidya-mulla ചിത്രം: അരവിന്ദ് രാജ്, അമൽ ഷാജി

ഇറങ്ങാത്ത സിനിമയിലെ നായിക

ഞാൻ പഠിച്ച കണ്ണൂർ എയർകോസിസിൽ സിനിമയുടെ ഒഡീഷൻ നടന്നു. ഒന്നാം വർഷം ഏവിയേഷനു പഠിക്കുന്നു ഞാനപ്പോൾ. സ്കൂൾകാലത്ത് മോണോ ആക്ടും കഥാപ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ചു നോക്കി. സഹനായികയായി അവസരം കിട്ടിയെങ്കിലും സിനിമ നടന്നില്ല. അതോടെ, ചിലർ കളിയാക്കലും തുടങ്ങി, ‘ദേ, ഇറങ്ങാത്ത സിനിമയിലെ നായിക പോണൂ.’ അന്നു പരിഹസിച്ചു ചിരിച്ചവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കണം എന്ന വാശിയാണ് ഇവിടം വരെയെത്താനുള്ള ഒരു കാരണം.

കിളി പോയ അവതാരക

ഏവിയേഷൻ കോഴ്സിന്റെ അവസാന വര്‍ഷമാണ് ‘ഒരു പഴയ ബോംബ് കഥ’യിൽ അവസരം വന്നത്. ‍പിന്നീട് മമ്മൂക്കയുടെ ‘ഒരു കുട്ടനാടൻ ബ്ലോഗ്’. അതോടെ സിനിമയിൽ തുടരാമെന്നു തീരുമാനിച്ചു.

പ്രേക്ഷകർ എന്നെ കൂടുതൽ അറിഞ്ഞത് ‘സ്റ്റാർ മാജിക്’ പ്രോഗ്രാമിലൂടെയാണ്. അതിനുമുൻപും അവതാരകയായി പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. മൊത്തം കിളി പോയ ആ അവതാരകയിൽ കോമഡി പരിപാടിക്കു പറ്റിയ സ്പാർക് ഉണ്ടെന്നു തോന്നിയാകും ‘സ്റ്റാർ മാജിക്കി’ലേക്കു വിളിച്ചത്. ഒരു തവണ പോയി നോക്കാം എന്നു കരുതി. എപ്പിസോഡ് റിലീസായതോടെ ഞാനും സ്റ്റാറായി. ഇപ്പോഴിതാ, ‘നൈറ്റ് ഡ്രൈവ്’ സിനിമ കൂടി വന്നതോടെ എല്ലാം ഉഷാർ.

ചങ്കല്ല മോനെ, ‘ചങ്കത്തി’

‘നൈറ്റ് ഡ്രൈവി’ലെ പ്രധാന കഥാപാത്രമായ റോഷന്റെ ചങ്ക് ഫ്രണ്ടിന്റെ റോളിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് ഒരു യുവനടനെയാണ്. പിന്നീടാണ് സ്ത്രീ കഥാപാത്രമായാൽ നന്നാകുമെന്ന് സംവിധായകൻ വൈശാഖേട്ടനും തിരക്കഥാകൃത്ത് അഭിയേട്ടനും ചിന്തിച്ചതും എന്നെ വിളിച്ചതും. ‘അമ്മിണി അയ്യപ്പൻ’ എന്ന തമാശ നിറഞ്ഞ കഥാപാത്രത്തെ തേടിയപ്പോൾ എന്റെ മുഖം അവരുടെ മനസ്സിൽ വന്നു എന്നത് അഭിമാനമാണ്. കെപിഎസി ലളിതാമ്മ, ഉർവശിചേച്ചി... ഇവരെയൊക്കെ പോലെ എല്ലാത്തരം കഥാപാത്രങ്ങളും ചെയ്യണം എന്നാണ് എന്റെ മോഹം.

2022, ഈശ്വരാ മിന്നിച്ചേക്കണേ

മുടി മുറിച്ചത് ‘നൈറ്റ് ഡ്രൈവി’നു വേണ്ടിയായിരുന്നു. വിഗ് വച്ചാൽ മതിയാകില്ല, സ്വാഭാവികതയ്ക്കു വേണ്ടി മുടി മുറിച്ചേ പറ്റൂ എന്നു പറഞ്ഞതും മുടി വെട്ടി. ഈ സിനിമ നഷ്ടപ്പെടാൻ പാടില്ലല്ലോ.

കരിയർ ബ്രേക് ആണ് ‘നൈറ്റ് ഡ്രൈവ്’. ‘കനകരാജ്യം’ സിനിമയുടെ ഷൂട്ടിലാണ് ഇപ്പോൾ. മറ്റു ചില പ്രൊജക്ടുകളുടെ ചർച്ചകളും നടക്കുന്നു.

കാസർകോട് പെരുമ്പളയിലെ വീട് പുതുക്കിപ്പണിയുന്നു. മേയ് മാസത്തിൽ ചേട്ടൻ ശ്രീകാന്തിന്റെ വിവാഹം. എല്ലാംകൊണ്ടും 2022 നല്ല വർഷമാണെന്ന് തോന്നുന്നു.

അതല്ലേ നല്ലത്

സിനിമയിലെത്തിയപ്പോൾ തനി കാസർകോടൻ ശൈലി മാറ്റിവച്ച് സംസാരിക്കാൻ പഠിച്ചെങ്കിലും അത്രയ്ക്കങ്ങ് ശരിയായിട്ടില്ല. ഇപ്പോഴും ചില വാക്കുകൾ നാവിനു വഴങ്ങില്ല. ചൂലിനു ‘മാച്ചി’ എന്നാണ് ഞങ്ങൾ പറയുക, തെന്നിവീഴുക എന്നതിന് ‘ജാറുക’...

കുറച്ചുകൂടി ശ്രദ്ധിച്ചും ഗൗരവത്തോടെയും സംസാരിക്കണം എന്ന് അഭിനയരംഗത്തു വന്ന നാളുകളിൽ പലരും പറയുമായിരുന്നു. പക്ഷേ, ആ അഭിപ്രായം ഇപ്പോൾ മാറി. ഉള്ളിലുള്ളതു പോലെ, കൂളായി സംസാരിക്കുന്നതല്ലേ നല്ലത്. നമുക്ക് നമ്മുടെ സ്റ്റൈൽ, നമ്മുടെ ശൈലി.

മോഡേൺ ഫാമിലിയാണേ...

‘സിനിമയിൽ അഭിനയിച്ചു നടന്നാൽ മതിയോ, കല്യാണം കഴിക്കേണ്ട’ എന്നു ചിലർ ചോദിക്കാറുണ്ട്. ഗേൾസിന് അത്യാവശ്യം ഫ്രീ‍ഡം അനുവദിക്കുന്ന മോഡേൺ ഫാമിലിയാണ് ഞങ്ങളുടേത്. അതുകൊണ്ട് സമ്മർദമേയില്ല. 30 വർഷത്തെ പ്രവാസജീവിതത്തിനു ശേഷം അച്ഛൻ കുഞ്ഞമ്പു ഇപ്പോൾ നാട്ടിലുണ്ട്. അമ്മ വസന്തയ്ക്ക് വീട്ടുഭരണം. എന്റെ പേരിനൊപ്പമുള്ള മുല്ലച്ചേരി അമ്മയുടെ തറവാട്ടുപേരാണ് കേട്ടോ.

അമ്മു ജൊവാസ്

ഫോട്ടോ: ഹരിക്കുട്ടൻ എച്ച്.കെ, ആരിഫ് എകെ