അഹാന കൃഷ്ണ നായികയായി റിലീസിനൊരുങ്ങുന്ന സിനിമയമാണ് നാൻസി റാണി. ചിത്രത്തിന്റെ സംവിധായകൻ ജോസഫ് മനു ജെയിംസ് സിനിമയുടെ ചിത്രീകരണാനന്തര ജോലികൾ പുരോഗമിക്കുന്നതിനിടെ 2023ൽ അപ്രതീക്ഷിതമായി മരണപ്പെട്ടു. ഇതോടെ സംവിധായകന്റെ ഭാര്യ നൈനയാണ് സിനിമയുടെ പ്രൊഡക്‌ഷനും റിലീസിന്റെ കാര്യങ്ങളും ഏറ്റെടുത്തത്. എന്നാൽ, സിനിമ റിലീസിന് ഒരുങ്ങുന്നതിനിടയിൽ നായിക അഹാന സിനിമയുടെ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്ന് പരസ്യമായി ആരോപിച്ച് നൈന രംഗത്തു വന്നത് വലിയ ചർച്ചയായി. ഇപ്പോഴിതാ, ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് അഹാന.
സിനിമയുടെ സംവിധായകൻ ജോസഫ് മനു ജെയിംസ് ഒരുമിച്ച് വർക്ക് ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള വ്യക്തിയായിരുന്നുവെന്നും പലപ്പോഴും മദ്യപിച്ചായിരുന്നു സെറ്റിലെത്തിയിരുന്നതെന്നും അഹാന വെളിപ്പെടുത്തി. സിനിമയെക്കുറിച്ച് കൃത്യമായ ധാരണ ഇല്ലാത്ത യാതൊരു പ്രഫഷണലിസവും ഇല്ലാത്ത സെറ്റായിരുന്നു നാൻസി റാണിയുടേതെന്നും അഹാന പറയുന്നു. സംവിധായകന്റെ തെറ്റുകൾ മറയ്ക്കാൻ തനിക്കെതിരെ വാസ്തവരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുക പതിവായിരുന്നെന്ന് അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമായിരിക്കും ഇതെന്നും താരം.
2023 ഫെബ്രുവരി 25ന് ആയിരുന്നു മഞ്ഞപ്പിത്തം ബാധിച്ച് ജോസഫ് മനു ജെയിംസിന്റെ വിയോഗം.