ADVERTISEMENT

തിരുവന്തപുരത്ത്, വിവാഹത്തിനു മുൻപു ജനിച്ച കുഞ്ഞിനെ അമ്മയുടെ സമ്മതമില്ലാതെ ദത്ത് നൽകിയ സംഭവം സിനിമാക്കഥയെ വെല്ലുന്ന സംഭവവികാസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ദിവസേനയെന്നോണം ഇതുമായി ബന്ധപ്പെട്ട് പുതിയ പുതിയ വെളിപ്പെടുത്തലുകളും ചർച്ചകളും സജീവമാകുന്നു. തുടക്കം മുതൽ ഇതിനു കൈവന്ന രാഷ്ട്രീയ മാനവും സംഭവത്തെ കേരളത്തിന്റെ പൊതു സമൂഹത്തിൽ സജീവമായി നിലനിർത്തുന്നതിനു പ്രധാന കാരണമാണ്.

കവടിയാർ സ്വദേശി ബി.അജിത്കുമാറുമായുള്ള ബന്ധത്തിൽ അനുപമ ഗർഭം ധരിച്ചത് അനുപമയുടെ വീട്ടുകാർ അറിഞ്ഞത് എട്ടുമാസം ഗർഭിണിയായിരിക്കെയാണ്. കുഞ്ഞിനു വളർച്ചയില്ലെന്നു തെറ്റിദ്ധരിപ്പിച്ചു ഗർഭഛിദ്രം നടത്താനുള്ള ശ്രമം പാളിയപ്പോഴാണ്, ശിശുക്ഷേമസമിതിയിൽ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള ആസൂത്രണം നടത്തിയതെന്നാണ് അനുപമ ആരോപിക്കുന്നുത്. പ്രസവിച്ചു മൂന്നാം മാസം എടുത്തു മാറ്റിയ കുഞ്ഞിനെ തേടിയുള്ള അനുപമയുടെ നിയമ പോരാട്ടം തുടരുമ്പോൾ, ഇതുമായി ബന്ധപ്പെട്ട് പ്രശസ്ത എഴുത്തുകാരി എസ്. ശാരദക്കുട്ടി പങ്കുവച്ച ഒരു കുറിപ്പ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT

പവിത്രൻ സംവിധാനം ചെയ്ത ‘ഉത്തരം’ എന്ന സിനിമയുമായുള്ള ഈ സംഭവത്തിന്റെ സാമ്യത ചൂണ്ടിക്കാട്ടിയാണ് ശാരദക്കുട്ടിയുടെ പോസ്റ്റ്. സമാനവിഷയം കൈകാര്യം ചെയ്ത ‘എന്റെ കാണാക്കുയിൽ’ തുടങ്ങിയ മറ്റനേകം സിനിമകളും ഓർമ്മപ്പെടുത്തുന്നതാണ് അനുപമയുടെ അനുഭവം എന്ന് ശാരദക്കുട്ടി കുറിക്കുന്നു.

‘ഇമ്മാനുവേൽ എന്ന് താൻ പെറ്റുപേരിട്ട കുഞ്ഞിനെ അധികാരബലത്തിൽ അച്ഛൻ അനാഥാലയത്തിനു കൈമാറ്റം ചെയ്യുന്നതും വർഷങ്ങൾക്കു ശേഷം ആ കുഞ്ഞിനെ ദയനീയ സാഹചര്യത്തിൽ അമ്മ കണ്ടെത്തുന്നതിന്റെ ആഘാതവുമാണ് ഉത്തരം എന്ന സിനിമയുടെ പ്രമേയം. ചിത്രമുണ്ടാക്കിയ ഞെട്ടൽ വലുതായിരുന്നു. അനുപമയുടെ അച്ഛൻ പറഞ്ഞത് പോലെ തന്നെ സെലീനക്ക് കുഞ്ഞിനെ നോക്കാൻ കഴിയാത്തതുകൊണ്ട് ‘ജുഡീഷ്യൽ പ്രോസസ്സ്’ ലൂടെ കുഞ്ഞിനെ ശിശു ക്ഷേമ സമിതിക്ക് കൈമാറി എന്നാണ് സിനിമയിൽ അച്ഛനും പറയുന്നത്.. സിനിമയിലതാകാം. പക്ഷേ അത്, നിയമ വിരുദ്ധമാണ് എന്ന മുന്നറിയിപ്പെങ്കിലും വേണം. സ്വന്തം കുഞ്ഞിനെ കയ്യിൽ കിട്ടാനായി അമ്മ നടത്തുന്ന സമരങ്ങൾക്ക് എതിർ നിൽക്കുന്നത് എല്ലാക്കാലത്തും ജോസ് പ്രകാശ് രൂപത്തിലുള്ള അച്ഛന്മാരും പാട്രിയാർക്കിയുടെ അടിമകളായ സാധു രൂപം കെട്ടിയ ‘പൊന്ന’മ്മമാരും തന്നെ.

ADVERTISEMENT

വനിതാ കമ്മീഷനും ശിശുസംരക്ഷണ സമിതിയും രാഷ്ട്രീയത്തിലെ സ്ത്രീ നേതൃത്വവും കുടുംബത്തിലേതെന്ന പോലെ പാട്രിയാർക്കൽ ഭരണകൂടത്തിന്റെ അടിമകളായ സാധുരൂപം കെട്ടിയ അമ്മമാരാകരുത്. ആറുമാസമായി അനുപമ സ്വന്തം കുഞ്ഞിനെത്തേടി അലയുകയാണ്. സ്ത്രീ പക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സർക്കാർ അവർക്കൊപ്പം നിൽക്കണം.

ഇതിൽ നിഷ്പക്ഷമാവുക എന്നാൽ അനുപമയോടൊപ്പം നിൽക്കുക എന്നു തന്നെയാണർഥം’ എന്നും എസ്.ശാരദക്കുട്ടി കുറിക്കുന്നു.

ADVERTISEMENT

തന്റെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ചതെന്ന മാതാപിതാക്കളുടെ വാദത്തിനു മറുപടിയായി ഗുരുതരമായ ആരോപണമാണ് അനുപമ ഉന്നയിക്കുന്നത്. ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്തുന്നതിന് തന്റെ മാതാപിതാക്കള്‍ക്ക്, ശിശുക്ഷേമസമിതിയും സി.ഡബ്ല്യു.സിയും കൂട്ടുനിന്നെന്ന് അനുപമ ആരോപിക്കുന്നു.

നിലവിലെ നിയമങ്ങളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് സംസ്ഥാന ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചതെന്നും അനുപമ തുറന്നു പറയുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോയെന്നു ഏപ്രിലില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും അനുപമ പറയുന്നു. നിലവിലെ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കാനാണ് അനുപമയുടെ തീരുമാനം.

അനുപമയുടെ അനുമതിയില്ലാതെ ശിശുക്ഷേമ സമിതിക്കു കൈമാറിയ കുഞ്ഞിനെ ദത്ത് നല്‍കിയെന്നാണു ലഭിക്കുന്ന വിവരമെന്നു അനുപമ പറയുന്നു. ഏറെ നാള്‍ പൊലീസ് സ്റ്റേഷനുകളില്‍ കയറി ഇറങ്ങിയശേഷം കുഞ്ഞിന് ഒരു വയസു തികയുന്ന ദിനത്തിലാണ് കേസെടുത്തതെന്നും അനുപമ പറയുന്നു. മറ്റൊരു ഭാര്യയും കുട്ടിയുമായി കഴിഞ്ഞിരുന്ന അജിത്ത് അനുപമയ്ക്കു കുട്ടിയുണ്ടായ ശേഷമാണ് ആദ്യ ഭാര്യയില്‍ നിന്നു വിവാഹമോചനം നേടുകയും അനുപമയെ വിവാഹം കഴിക്കുകയും ചെയ്തത്.

ADVERTISEMENT