താൻ സുഖമായി സന്തോഷത്തോടെയിരിക്കുന്നു എന്നും ഇവിടെ എല്ലാം ഓക്കേ ആണെന്നും നടി അപർണ ഗോപിനാഥ്. താരം കുറച്ചു നാളുകളായി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും അവയ്ക്കൊപ്പമുള്ള കുറിപ്പുകളും ആരാധകരിൽ ആശങ്ക സൃഷ്ടിച്ചിരുന്നു.
‘തിരിച്ചു വരില്ല എന്ന് കരുതിയ ഇടത്തു നിന്ന് മനോധൈര്യം കൊണ്ടും, വിധി അതായതു കൊണ്ടും, പ്രാർഥന കൊണ്ടും തിരിച്ചു വന്നു’ എന്ന കുറിപ്പോടെയും, ‘പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി, ദൈവത്തിന് നന്ദി’ എന്ന കുറിപ്പോടെയും സമീപകാലത്ത് താരം പോസ്റ്റ് ചെയ്ത തന്റെ രണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് ആരാധകരിൽ ആശങ്ക സൃഷ്ടിച്ചത്. അപര്‍ണ ഏതോ അപകടകരമായ സാഹചര്യത്തില്‍ നിന്നോ അസുഖത്തിൽ നിന്നോ രക്ഷപ്പെട്ടുവെന്ന തോന്നലാണ് ഈ പോസ്റ്റുകള്‍ പ്രേക്ഷകരിൽ സൃഷ്ടിച്ചത്. പലരും ഇക്കാര്യം കമന്റുകളിലൂടെ ചോദിച്ചെങ്കിലും താരം മറുപടിയും നൽകിയില്ല. ഇതൊരു ചർച്ചയായതോടെ, താരം ചിത്രങ്ങൾക്കൊപ്പമുള്ള വാചകങ്ങൾ തിരുത്തി. ശേഷം വ്യക്തത നൽകുന്ന പോസ്റ്റ് പങ്കുവച്ചു.
‘ഞാൻ സുഖമായി സന്തോഷത്തോടെയിരിക്കുന്നു. അങ്ങനെയല്ല എന്ന് ചിന്തിച്ച് എനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി. ഇവിടെ എല്ലാം ഓക്കേ ആണ്’.– അപർണ ഗോപിനാഥ് കുറിച്ചു. ചില യുദ്ധങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നു, ചിലത് അങ്ങനെയല്ല എന്ന ഹാഷ് ടാഗിനൊപ്പമാണ് അപർണയുടെ കുറിപ്പ്.