Wednesday 07 June 2023 10:08 AM IST : By സ്വന്തം ലേഖകൻ

‘എന്റെ വീതിയും നീളവും അളക്കാൻ നിങ്ങളെ ഏൽപിച്ചിട്ടില്ല’: ബോഡി ഷെയ്മിങ് കമന്റിന് തകർപ്പൻ മറുപടി

bhagya

സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റിനു താഴെ ബോഡി ഷെയ്മിങ് കമന്റുമായി എത്തിയയാൾക്ക് തകർപ്പൻ മറുപടിയുമായി സൂപ്പർ‌താരം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്.

‘അഭിനന്ദനങ്ങൾ, നിങ്ങൾ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. സാരിയുടെ പ്രശ്നം എന്താണെന്ന് വച്ചാൽ നീളത്തെക്കാൾ വണ്ണം കൂടിയവർക്ക് ചേരുന്ന വസ്ത്രമല്ല സാരി. സാരിയെക്കാൾ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതൽ സ്‌മാർട്ടാക്കും’ എന്നായിരുന്നു ബ്രിട്ടിഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ സന്തോഷം പങ്കുവച്ച ഭാഗ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെ ഒരാൾ കമന്റിട്ടത്.

‘എന്റെ വീതിയും നീളവും അളക്കാൻ നിങ്ങളെ ഏൽപിച്ചിട്ടില്ലെങ്കിലും നിങ്ങൾ തന്ന വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും. എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്റെ കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ’ എന്നാണ് ഇതിന് ഭാഗ്യയുടെ മറുപടി.