പാട്ടും അഭിനയവും ഒരുപോലെ ഇഷ്ടപ്പെടുന്ന നായിക ഗൗരി ജി.കിഷന്റെ വിശേഷങ്ങൾ
ജീവിതം മാറ്റിമറിച്ച ജാനു
സിനിമയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. തമിഴ് സിനിമ ‘96’ ൽ ഒഡിഷൻ വഴിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്ലസ്ടു ബോർഡ് എക്സാം നടക്കുന്ന സമയം. ഒഡിഷനു േപായാൽ പഠനത്തിലുള്ള ശ്രദ്ധ തിരിയുമോയെന്നു പേടിയുണ്ടായിരുന്നു. അച്ഛനുമമ്മയുമാണ് പിന്തുണ നൽകിയത്. ഒഡിഷനിൽ പങ്കെടുത്തെങ്കിലും ആദ്യം അവർക്ക് ഓകെ ആയില്ല. പിന്നീട് പരീക്ഷയെല്ലാം കഴിഞ്ഞു കോളജിൽ േചർന്ന സമയത്താണ് ‘96’ ലേക്കുള്ള വിളി വന്നത് . ബിഗ് സ്ക്രീനിൽ ‘കുട്ടി ജാനു’വിനെ ആദ്യം കണ്ടപ്പോഴുള്ള എക്സൈറ്റ്മെന്റ് മറക്കാനാകില്ല. ആ സിനിമ എന്റെ ജീവിതം മാറ്റി മറിച്ചു. ഇപ്പോഴും എല്ലാവർക്കും ഞാൻ ജാനുവാണ്.
പാട്ടാണു കൂട്ട്
ലിറ്റിൽ മിസ് റാവുത്തർ എന്ന സിനിമയിലും ഏറെ പ്രതീക്ഷയുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ‘ലിറ്റിൽ മിസ് റാവുത്തറി’ലൂടെ ഞാൻ പിന്നണി ഗായികയുമായി. സങ്കടപ്പെരുമഴ.. എന്ന പാട്ടും അതിന്റെ ചിത്രീകരണവും വ്യത്യസ്തമായ അനുഭവമായിരുന്നു. പാട്ടും നൃത്തവും പെർഫോമൻസും ഒരുമിച്ചു ചെയ്യാൻ പറ്റുന്നത് അപൂർവമല്ലേ. പാട്ട് പഠിച്ചിട്ടുണ്ട്. അത്യാവശ്യം പാടും. ഗാനരംഗങ്ങളിൽ അഭിനയിക്കാൻ എനിക്കൊരു പ്രത്യേക താൽപര്യമുണ്ട്. പാട്ടുകൾ പോലെ തന്നെ എനിക്ക് പ്രിയമാണ് നല്ല ഗാനരംഗങ്ങളും. ഇനി ഏതെങ്കിലും ബയോപിക്കിൽ അഭിനയിക്കണമെന്നാണു മോഹം. വളരെ ചാലഞ്ചിങ് ആയ അങ്ങനെയൊരു റോൾ തേടിയെത്തുമെന്ന പ്രതീക്ഷയിലാണു ഞാൻ.
ബർത്ഡേ യാത്ര
ചേട്ടൻ ഗോവിന്ദ് ഒരുപാടു യാത്രകൾ പോകാറുണ്ട്. അങ്ങനെയാണ് എനിക്കും യാത്രകളോട് ഇഷ്ടം തോന്നിയത്. സിനിമയ്ക്കു വേണ്ടിയല്ലാതെ കുറേ യാത്രകൾ പോകണമെന്നാണു മോഹം. കഴിഞ്ഞ ബർത്ഡേക്ക് സുഹൃത്തുക്കളുമൊത്തു ലക്ഷദ്വീപ്, ഗോവ, മുംബൈ അങ്ങനെ കുറേ ഇടങ്ങളിലേക്കു യാത്ര പോയി. ലക്ഷദ്വീപ് യാത്ര രസകരമായിരുന്നു. കൂട്ടത്തിൽ ഞാനും ഫാഷൻ ഡിസൈനറായ ലക്ഷ്മിയും മലയാളികളായതുകൊണ്ടു നല്ല സ്വീകരണം കിട്ടി. കുടുംബമൊത്തും യാത്രകൾ ചെയ്യാറുണ്ട്. കുറച്ചു നാൾ മുൻപ് വയനാട്ടിലെ ഒരു റിസോർട്ടിൽ താമസിച്ച് അഡ്വഞ്ചർ ആക്ടിവിറ്റീസ് ചെയ്തു.
ജനനിയും ഞാനും
‘അനുരാഗ’ത്തിലെ ജനനി ഞാൻ ഇതുവരെ അവതരിപ്പിക്കാത്ത തരം കഥാപാത്രമാണ്. കഥ കേട്ടപ്പോഴേ ഇഷ്ടപ്പെട്ടിരുന്നു. ഞാൻ ജനനിയെപ്പോലെയേ അല്ല. എന്നിട്ടും എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു ജനനിയെ. സിനിമയെക്കുറിച്ചും എന്റെ കഥാപാത്രത്തെക്കുറിച്ചും നല്ല അഭിപ്രായം കേൾക്കുന്നതിൽ സന്തോഷമുണ്ട്. സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് എന്റെ അച്ഛനായി ‘അനുരാഗ’ത്തിൽ അഭിനയിച്ചത്. ഞാൻ അദ്ദേഹത്തിന്റെ വലിയ ഫാൻ ആണ്. പല സിനിമകളെക്കുറിച്ചും അറിയാൻ കൊതിച്ച കഥകൾ അദ്ദേഹത്തിൽ നിന്നു നേരിട്ടു കേൾക്കാൻ കഴിഞ്ഞു.
തമിഴ്നാട്ടുകാരിയല്ല, മലയാളി
അമ്മ വീണ വൈക്കം സ്വദേശിയാണ്. അച്ഛൻ ഗീതാ കിഷൻ പത്തനംതിട്ട അടൂർ സ്വദേശിയാണ്. സഹോദരൻ ഗോവിന്ദ് കിഷൻ. അച്ഛൻ അമേരിക്കൽ കമ്പനിയിൽ ജോലി ചെയ്യുന്നു. വർഷങ്ങളായി ഞങ്ങൾ ചെന്നൈയിൽ സെറ്റിൽഡാണ്. മലയാള സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോടെ ഇപ്പോൾ ഇടയ്ക്കിടെ നാട്ടിലെത്താറുണ്ട്.
എനിക്കു ജേണലിസത്തോടായിരുന്നു താൽപര്യം.അതുകൊണ്ടാണു ജേണലിസം, സൈക്കോളജി, ലിറ്ററേച്ചർ ഇവ മൂന്നും പ്രധാനവിഷയങ്ങളായുള്ള ബിരുദത്തിനു േചർന്നത്. സാഹിത്യവും ഇഷ്ടവിഷയമാണ്. ജീവിതത്തിൽ സിനിമ വന്നില്ലായിരുന്നെങ്കിൽ ജേണലിസം മേഖലയിലെത്തിയേനെ ഞാൻ.
മനസ്സ് നിറയ്ക്കും പ്രണയം
‘96’ നു ശേഷം തേടിയെത്തിയതിലേറെയും പ്രണയകഥകളാണ്. എനിക്ക് പ്രണയ സിനിമകൾ കാണാൻ ഇഷ്ടമാണ്. മറ്റുള്ളവരുടെ പ്രണയകഥകൾ കേൾക്കാനും ഇഷ്ടമാണ്. പ്രണയത്തിൽ വിശ്വസിക്കുന്നുണ്ട്. റൊമാന്റിക് ആയ ആളാണെന്നാണു സ്വയം കരുതുന്നത്. സ്കൂൾ കാലത്ത് ക്രഷ്, ഇൻഫാച്വേഷൻ ഇതെല്ലാമുണ്ടായിരുന്നു. ‘96’ ലേതു പോലെ ആഴത്തിലുള്ള പ്രണയമൊന്നും ഉണ്ടായിട്ടില്ല. അതിന് ഇനിയും സമയമുണ്ടല്ലോ.
ചൈത്രാലക്ഷ്മി