‘നാക്ക് മൂലം ഒരുപാട് ശത്രുക്കളെ ഉണ്ടാക്കി, അവരോട് മാപ്പ് പറയുകയാണ്’: പരാമർശത്തിൽ കുറ്റബോധമുണ്ടെന്ന് ജൂഡ്
Mail This Article
നടൻ ആന്റണി വർഗീസിനെതിരായ പരാമർശത്തിൽ കുറ്റബോധമുണ്ടെന്നും സത്യമാണോ എന്നു പോലും തനിക്കറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
‘‘വായിലെ നാക്ക് മൂലം ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. പാവം പെപ്പെയെ അങ്ങനെ പറഞ്ഞതിലുള്ള കുറ്റബോധത്തിലാണ് ഞാൻ ഇപ്പോൾ ഇരിക്കുന്നത്. പെപ്പെയുടെ സഹോദരിയുടെ കല്യാണം നടത്തിയത് സിനിമയില്‍ നിന്നുളള അഡ്വാൻസ് മേടിച്ച കാശുകൊണ്ടാണെന്ന് ഞാൻ പറഞ്ഞു. സത്യമാണോ എന്നുപോലും അറിയാത്ത കാര്യമായിരുന്നു അത്. അങ്ങനെ പറയേണ്ടിയിരുന്നില്ല, പറഞ്ഞ ടോണും മാറിപ്പോയി. അദ്ദേഹത്തിന്റെ സഹോദരിക്കും കുടുംബത്തിനും ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഞാൻ അവരോട് മാപ്പ് പറയുകയാണ്.
അത് പറയാൻ ഞാൻ അവരെ വിളിച്ചിരുന്നു, എന്നാൽ കിട്ടിയില്ല. ഞാൻ ആ നിർമാതാവിന്റെ കാര്യമേ അപ്പോൾ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതോർത്തപ്പോൾ പറഞ്ഞു പോയതാണ്. ഉള്ളിലില്ലാത്ത ദേഷ്യമാണ് ആവശ്യമില്ലാതെ പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയി.’’– ജൂഡ് പറഞ്ഞു.
റേഡിയോ മാംഗോയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ജൂഡിന്റെ പ്രതികരണം.