Tuesday 13 April 2021 11:22 AM IST : By സ്വന്തം ലേഖകൻ

‘കറുത്ത, പല്ല് പൊങ്ങിയ പെൺകുട്ടി, അവളെ ആരും പ്രണയിക്കുന്നില്ല, കല്യാണവും നടക്കുന്നില്ല’! അഞ്ഞൂറു മുതല്‍ മുപ്പതിനായിരം രൂപ വരെ പിരിച്ചെടുത്ത് നിർമിച്ച ‘കാക്ക’

kakka

സിനിമയെ സ്നേഹിക്കുന്ന ഒരു സംഘം ആളുകൾ ചേർന്ന് സിനിമയെക്കുറിച്ച് സംസാരിക്കാൻ, തങ്ങളുടെ സിനിമാ സങ്കൽപ്പങ്ങൾ പങ്കുവയ്ക്കാൻ ഒരു വാട്സാപ്പ്‌ കൂട്ടായ്മ തുടങ്ങി – ‘വെള്ളിത്തിര’ എന്ന പേരിൽ. ആ ഗ്രൂപ്പിൽ നിന്നുരുത്തിരിഞ്ഞ ആശയങ്ങളും അഭിപ്രായങ്ങളുമൊക്കെ ചേർന്നപ്പോൾ ആ സംഘത്തില്‍ നിന്നുമൊരു ചെറുസിനിമ യാഥാർഥ്യമായിരിക്കുന്നു – ‘കാക്ക’. ഇതിനോടകം പോസ്റ്ററുകളുലൂടെയും പാട്ടിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം വിഷുദിനത്തിൽ ഒ.ടി.ടി യിലൂടെ റിലീസ് ചെയ്യും.

‘വെള്ളിത്തിര’ വാട്സാപ്പ്‌ കൂട്ടായ്മ നിർമ്മിച്ച ഹ്രസ്വചിത്രമാണ് ‘കാക്ക’ സ്ത്രീ കഥാപാത്രങ്ങൾക്ക്‌ മുൻതൂക്കമുള്ള, സമകാലിക സാഹചര്യങ്ങളുമായി ചേർന്നു പോകുന്ന വിഷയമാണ് ‘കാക്ക’ കൈകാര്യം ചെയ്യുന്നത്‌.

ചിത്രത്തിന്റെ സംവിധാനം, അഭിനയം, സാങ്കേതിക പ്രവർത്തനം തുടങ്ങിയ എല്ലാ മേഖലയിലും ‘വെള്ളിത്തിര’ യിലെ അംഗങ്ങൾ തന്നെയാണ് പ്രവർത്തിക്കുന്നത്.

‘‘2016 ല്‍ ആണ് ഞാൻ ‘വെള്ളിത്തിര’ എന്ന കൂട്ടായ്മ ഉണ്ടാക്കിയത്. അന്നു മുതൽ സിനിമ ചെയ്യുക എന്നത് ആഗ്രഹമാണ്. പലപ്പോഴും അതിന്റെ ചർച്ചകൾ സജീവമായതാണ്. അപ്പോഴേക്കും പ്രളയങ്ങളും കൊറോണയുമുൾപ്പടെയുള്ള തടസങ്ങൾ വന്നു. ഒടുവിൽ ലോക്ക് ഡൗൺ കഴിഞ്ഞ്, നവംബറിൽ ‘കാക്ക’ ചിത്രീകരണം തുടങ്ങി’’. ചിത്രത്തിന്റെ ക്രിയേറ്റീവ്‌ ഹെഡ്‌ അൽത്താഫ്‌.പി.ടി. ‘വനിത ഓൺലൈനോട്’ പറഞ്ഞു.

ലക്ഷ്മിക സജീവൻ,സതീഷ് അമ്പാടി ശ്രീല നല്ലെടം, ഷിബുകുട്ടൻ, വിജയകൃഷ്ണൻ, ഗംഗ സുരേന്ദ്രൻ, വിപിൻ നീൽ, വിനു ലാവണ്യ, ദേവാസുര്യ, മുഹമ്മദ്‌ ഫൈസൽ എന്നിവരാണ് കാക്കയിലെ പ്രധാന അഭിനേതാക്കൾ.

ചിത്രത്തിന്റെ എഡിറ്റിംഗും സംവിധാനവും അജു അജീഷ്‌. കഥ,തിരക്കഥ,സംഭാഷണം – അജു അജീഷ്‌,ഷിനോജ്‌ ഈനിക്കൽ,ഗോപിക.കെ.ദാസ്‌.

‘‘256 അംഗങ്ങളാണ് ഗ്രൂപ്പിൽ. അതിൽ അറുപതോളം പേർ അവരെക്കൊണ്ടാകുന്ന തുക പിരിച്ചാണ് ചിത്രം മുടക്കിയിരിക്കുന്നത്. അഞ്ഞൂറും ആയിരവുമൊക്കെ തന്നവർ മുതൽ ടീമിലുണ്ട്. കുറച്ച് കടമുണ്ട്. എങ്കിലും റിലീസിനു ശേഷം അതും തീർക്കാം എന്നു കരുതുന്നു. ഇങ്ങനെയൊരു കൂട്ടായ്മ ഉള്ളതുകൊണ്ടാണ് ഈ സിനിമ യാഥാർഥ്യമാകുന്നത്. വലിയ സന്തോഷം.

അജു അജീഷ് മുൻപ് ഷോർട്ട് ഫിലിമുകള്‍ ചെയ്തിട്ടുള്ള ആളാണ്. നന്നായിത്തന്നെ അദ്ദേഹം ‘കാക്ക’ ഒരുക്കിയിരിക്കുന്നു. പ്രിവ്യൂ കണ്ട് എല്ലാവർക്കും ഇഷ്ടമായി. ചിത്രം കണ്ട് താൽപര്യം തോന്നിയാണ് NEESTRESM കാക്കയെ റിലീസിന് എടുത്തത്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ലക്ഷ്മിക മുൻപ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ചിത്രത്തിലേക്ക് എത്തിയത്. എനിക്ക് പരിചയമുള്ള കുട്ടിയാണ്.

kakka-2

നിറത്തിന്റെ പ്രശ്നങ്ങളെയൊക്കെ അഡ്രസ് ചെയ്താണ് സിനിമ വികസിക്കുന്നത്. കറുത്ത, പല്ല് പൊങ്ങിയ ഒരു കുട്ടി. അവളെ ആരും പ്രണയിക്കുന്നില്ല. കല്യാണവും നടക്കുന്നില്ല. പരിചയപ്പെടുന്നവരുടെ ലക്ഷ്യം മറ്റു പലതുമാണ് താനും. ഇതാണ് കഥയിൽ വരുന്നത്’’. – അൽത്വാഫ് പറയുന്നു.

ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് പ്രദീപ്‌ ബാബു, വരികൾ അനീഷ്‌ – കൊല്ലോളി പശ്ചാത്തല സംഗീതം – എബിൻ സാഗർ, ഗായിക – ജീനു നസീർ, ഛായാഗ്രഹണം – ടോണി ലോയിഡ്‌ അരൂജ,നിശ്ചചല ഛായാഗ്രഹണം – അനുലാൽ.വി.വി, യൂനുസ് ഡാക്‌സോ, സൗണ്ട് മിക്സ്‌ റോമ്‌ലിൻ മലിച്ചേരി, പി.ആർ.ഒ – ഷെജിൻ ആലപ്പുഴ, പ്രൊഡക്ഷൻ കണ്‍ട്രോളർ – ഉണ്ണികൃഷ്ണൻ കെ.പി. ഫിനാൻസ്‌ മാനേജർ – നിഷ നിയാസ്‌, കലാ സംവിധാനം –സുബൈർ പാങ്ങ്‌, ചമയം – ജോഷി ജോസ്‌, വിജേഷ്‌ കൃഷ്ണൻ പോസ്റ്റർ ഡിസൈൻ ഗോകുൽ.എ.ഗോപിനാഥൻ.