രണ്ടര കോടി ബജറ്റിൽ നിർമിച്ച ചിത്രത്തിന് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് ആകെ ലഭിച്ച ഷെയർ വെറും പതിനായിരം രൂപയാണെന്ന് നിർമാതാക്കളുടെ സംഘടന.
ജനുവരി മാസം റിലീസിനെത്തിയ ഈ സിനിമ മലയാളത്തിൽ സാമ്പത്തികമായി ഏറെ നഷ്ടം സംഭവിച്ച സിനിമകളിലൊന്നായി മാറി. നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രം മ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ ചിത്രമെന്ന വിശേഷണത്തോടെയാണ് എത്തിയത്.
ജനുവരിയില്‍ പുറത്തിറങ്ങിയ 28 മലയാള ചിത്രങ്ങളിൽ ഒരു സിനിമ മാത്രമാണ് സാമ്പത്തികമായി വിജയിച്ചതെന്ന നിർമാതാവ് ജി. സുരേഷ് കുമാറിന്റെ വെളിപ്പെടുത്തൽ മലയാള സിനിമ വ്യവസായം എത്ര വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നു തെളിയിക്കുന്നു.
‘കഴിഞ്ഞ മാസത്തെ നഷ്ടം മാത്രം 110 കോടി രൂപ വരും. ഇങ്ങനെ മുൻപോട്ട് പോയാൽ ഇൻഡസ്ട്രി തകർന്നടിയും. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമ എടുക്കാൻ പറ്റാത്ത അവസ്ഥയാണ് വരുന്നത്’.– ജി. സുരേഷ് കുമാർ പറയുന്നു. മലയാള സിനിമ തകർച്ചയുടെ വക്കിലെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട ഗതികേടിലാണെന്നും നിർമാതാക്കളുടേയും വിതരണക്കാരുടെയും എക്സിബിറ്റേഴ്‌സിന്റെയും ഫെഫ്കയുടെയും സംയുക്ത യോഗത്തിന്റെ തീരുമാനങ്ങൾ വിശദീകരിക്കുന്ന പത്രസമ്മേളനത്തിൽ സുരേഷ് കുമാർ പറഞ്ഞു.