Thursday 06 February 2025 11:59 AM IST : By സ്വന്തം ലേഖകൻ

‘ചാടിയെങ്കിലും വാള്‍ പിടി കിട്ടിയില്ല, അത് എന്റെ തുടയിൽ കുത്തിക്കയറി’: ‘ഒരു വടക്കന്‍ വീരഗാഥ’ വിശേഷങ്ങളുമായി മമ്മൂട്ടി

mammootty

മലയാള സിനിമയിലെ ക്ലാസിക് സൃഷ്ടികളിലൊന്നായ ‘ഒരു വടക്കന്‍ വീരഗാഥ’ റീ റിലീസിനൊരുങ്ങുമ്പോൾ, സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടി വിശേഷങ്ങൾ പങ്കുവയ്ക്കുന്ന വിഡിയോ ശ്രദ്ധേയമാകുന്നു. രമേഷ് പിഷാരടിയാണ് മമ്മൂട്ടിയുമായി സംസാരിക്കുന്നത്.

വടക്കൻ വീരഗാഥയുടെ ചിത്രീകരണ സമയത്തെ ചില ഓർമകള്‍ പങ്കുവയ്ക്കുന്നതാണ് ഈ പ്രൊമോ വിഡിയോയിൽ.
ചാടി വാളു പിടിക്കുന്ന ഒരു രംഗമുണ്ടതില്‍, എല്ലാ പ്രാവശ്യവും ചാടുമ്പോള്‍ വാള്‍ പിടികിട്ടില്ല, ഒരു പ്രാവശ്യം ആ വാള്‍ എന്റെ തുടയില്‍ കുത്തിക്കയറി എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ടതെല്ലാം മമ്മൂട്ടി ഈ അഭിമുഖത്തില്‍ പങ്കിടുന്നു.

എം.ടി. വാസുദേവൻ നായർക്കും ഹരിഹരനും മമ്മൂട്ടിക്കുമൊപ്പം ചേർന്ന് പി.വി. ഗംഗാധരൻ, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിലൂടെ മലയാളത്തിനു സമ്മാനിച്ച ‘ഒരു വടക്കൻവീരഗാഥ’ 1989ല്‍ ആദ്യമായി തിയേറ്ററുകളിലെത്തിയപ്പോള്‍ വലിയ വിജയമായിരുന്നു. മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, മാധവി, ബാലൻ കെ. നായർ, ക്യാപ്റ്റൻ രാജു എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. കെ.രാമചന്ദ്ര ബാബു ഛായാഗ്രാഹണം നിർവഹിച്ച ചിത്രത്തിനായി ബോംബെ രവി സംഗീതമൊരുക്കി. എം എസ് മണിയായിരുന്നു എഡിറ്റിങ്.