Tuesday 16 July 2024 09:45 AM IST : By സ്വന്തം ലേഖകൻ

‘കുട്ടി ആരാധകന്’ മമ്മൂക്കയുടെ വക ‘കുട്ടി ലംബോർഗിനി’ സമ്മാനം: മനോഹരം ഈ വിഡിയോ

mammootty-2

തന്റെ കുട്ടി ആരാധകന് സർപ്രൈസ് പിറന്നാൾ സമ്മാനവുമായി മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി. മഹാദേവാണ് പ്രിയതാരത്തില്‍ നിന്നു ഒരടിപൊളി പിറന്നാൾ സമ്മാനം ലഭിച്ച സന്തോഷവാൻ.

‘ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രത്തിന്റെ പൂജ ദിവസം മുതൽ ലൊക്കേഷനിലെ സ്ഥിര സന്ദർശകൻ ആണ് ചിത്രീകരണം നടക്കുന്ന ഫ്ലാറ്റിന് തൊട്ടടുത്തു താമസിക്കുന്ന മമ്മൂക്കയുടെ ‘കണ്ണൂർ സ്‌ക്വാഡ്’ കുട്ടിഫാൻ മഹാദേവ്. ഇന്നലെ പിറന്നാൾ ആഘോഷിച്ച ഈ കൊച്ചു മിടുക്കനു മമ്മൂക്ക സർപ്രൈസ് ആയി ഒരു ഗിഫ്റ്റ് കൊടുത്തപ്പോൾ’.– എന്ന കുറിപ്പോടെ നിര്‍മാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജ് ആണ് ഈ മനോഹര വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

ലംബോർഗിനിയുടെ കളിപ്പാട്ട കാർ ആയിരുന്നു മഹാദേവിനു കിട്ടിയ സർപ്രൈസ്. തന്റെ ലംബോർഗിനി കാണാൻ മമ്മൂക്കയുടെ ബെൻസ് പോലെ ഉണ്ടെന്നായിരുന്നു സമ്മാനപ്പൊതി തുറന്ന ശേഷം മഹാദേവിന്റെ പ്രതികരണം.