മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ കോട്ടക്കുന്ന് എന്ന ആരാധകൻ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ച് ഡിസൈൻ ചെയ്ത ഷർട്ട് ധരിച്ചെത്തി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മലപ്പുറം സ്വദേശിയാണ് ജസ്ഫർ. സ്വന്തമായി ഡിസൈൻ ചെയ്ത ചിത്രം ലിനൻ ഷർട്ടിൽ വരച്ചാണ് ജസ്ഫർ മമ്മൂട്ടിക്ക് സമ്മാനിച്ചത്.
‘ഇടിയൻ ചന്തു’ സിനിമയുടെ ഓഡിയോ ലോഞ്ചിന് മമ്മൂട്ടിയെത്തിയത് ഈ ഷർട്ടാണ്.
‘ടർബോ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മമ്മൂട്ടി ദുബായിൽ എത്തിയപ്പോഴായിരുന്നു ജസ്ഫറിനെ കണ്ടത്. അന്ന് അദ്ദേഹത്തിന് എന്ത് സമ്മാനം നൽകുമെന്ന ചിന്തയിൽ, ലിനൻ തുണി വാങ്ങി പ്രിയതാരത്തിന്റെ അളവിൽ ഒരു ഷർട്ട് തുന്നിയെടുക്കുകയായിരുന്നു. പിന്നീട് നീല അക്രലിക്ക് ചായം ഉപയോഗിച്ച് ഡിസൻ വരച്ചെടുത്തു. ഷർട്ടിനൊപ്പം മമ്മൂട്ടിയുടെ ഒരു ചിത്രവും വരച്ച് സമ്മാനിച്ചിരുന്നു ജസ്ഫർ.
തന്റെ ഷർട്ട് മമ്മൂക്ക സ്നേഹത്തോടെ മേടിച്ചുവച്ചെങ്കിലും അത് എപ്പോഴെങ്കിലും അദ്ദേഹം ഉപയോഗിക്കുമെന്ന് ജസ്ഫർ സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ല. ഷർട്ട് തീർച്ചയായും ധരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നെങ്കിലും മറന്നുപോയിട്ടുണ്ടാകുമെന്നാണ് ജസ്ഫർ കരുതിയിരുന്നത്.
തലശേരി സ്വദേശി ഫാത്തിമ ദൗഫർ ആണ് ജസ്ഫറിന്റെ ജീവിതസഖി. മകൻ, ആറ് വയസുകാരൻ കെൻസിൽ റോമി.