Thursday 08 July 2021 10:16 AM IST : By സ്വന്തം ലേഖകൻ

6 നെയ്ത്തുകാർ 3 ആഴ്ച കൊണ്ടൊരുക്കിയ സാരി ഇതാണ്! ‘ചെലവ് വെറും 35000 രൂപയോ ?’ എന്ന് ആരാധകർ: വിഡിയോ

mridhula-vijay

മലയാളത്തിന്റെ പ്രിയ മിനിസ്ക്രീൻ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ്‍യും വിവാഹിതരായി. ഇന്നു രാവിലെ തിരുവനന്തപുരത്തു വച്ചായിരുന്നു ചടങ്ങ്. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

കുടുംബ പ്രേക്ഷകരുടെ പ്രിയ നായികയാണ് മൃദുല വിജയ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് യുവകൃഷ്ണ.

‘‘കല്യാണത്തിന് നാല് സാരി ചെയ്ഞ്ചാണ് വരുക. അതില്‍ രണ്ട് പുടവകൾ ഉണ്ണിയേട്ടന്റെ (യുവ) വീട്ടിൽ നിന്ന് കൊണ്ടുവരും. മറ്റു രണ്ടു സാരികളിൽ, താലി കെട്ടുമ്പോൾ ഉടുക്കുന്നതാണ് ഇപ്പോൾ ബാലരാമപുരത്തെ മംഗല്യക്കസവ് ടീം തയാറാക്കുന്നത്. ഈ മാസം അവസാനത്തോടെയേ അതിന്റെ വർക്ക് പൂർത്തിയാകൂ. ഗോൾഡ് കസവിന്റെ പട്ടുസാരിയാണ് ഒരുക്കുന്നത്’’. – മുൻപ് ‘വനിത ഓൺലൈന്’ നൽകിയ പ്രത്യേക അഭിമുഖത്തിൽ മൃദുല വിവാഹ സാരിയെക്കുറിച്ച് മനസ്സ് തുറന്നതിങ്ങനെ.

mridhula

വിവാഹത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറല്‍ ആകുമ്പോഴും ഈ മനോഹരമായ വിവാഹ സാരി ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ട്.

‘‘വ്യത്യസ്തമായ ഒരു ഡിസൈൻ തയാറാക്കി, നെയ്തെടുക്കുന്നതാണ് ആ സാരി. ബ്ലൗസില്‍ എന്റെയും ചേട്ടന്റെയും പേര് ചേർത്ത് ‘മൃദ്വാ’ എന്നും പിന്നിൽ ഞങ്ങൾ പരസ്പരം ഹാരമണിയിക്കുന്നതിന്റെ ചിത്രവും തുന്നിച്ചേർക്കുന്നുണ്ട്.

തുടർച്ചയായി മൂന്ന് ആഴ്ച കൊണ്ട്, ആറ് നെയ്ത്തുകാർ ചേർന്നാണ് സാരി പൂർത്തിയാക്കുന്നത്. അവർ മാറി മാറി നെയ്യുകയാണ്. കോളം കോളം പോലെയാണ് ഡിസൈൻ പോകുന്നത്. ഓരോ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ തുന്നിയാൽ പരമാവധി ഏഴ് കോളമേ ഫിനിഷ് ചെയ്യാൻ പറ്റൂ. അതുകൊണ്ടാണ് മൂന്ന് ആഴ്ച വേണ്ടി വരുന്നത്.

ഞാൻ അതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ സമ്മിശ്ര പ്രതികരണമാണ് കിട്ടിയത്. കുറച്ചു പേർ നെഗറ്റീവ് കമന്റുകളുമായി എത്തി. ഇത്ര ആഡംബരം അനാവശ്യമാണ് എന്ന തരത്തിലാണ് അവർ സംസാരിക്കുന്നത്. പക്ഷേ, ഈ സാരിക്ക് എന്റെ ആകെ ചെലവ് 35000 രൂപയാണ്. താലി കെട്ടുമ്പോൾ ഉള്ള സാരിയിൽ വ്യത്യസ്തമായി എന്തെങ്കിലും വേണം എന്നുണ്ടായിരുന്നു. അപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് ചേട്ടനാണ് ഈ ആശയം പറഞ്ഞത്. വിവാഹം വളരെ ലളിതമായി, ചെലവ് ചുരുക്കി നടത്തണം എന്നാണ് പ്ലാൻ. ഈ ഒരു സിറ്റുവേഷനിൽ ആർക്കും വർക്കും കാര്യങ്ങളുമൊന്നുമില്ല. അതുകൊണ്ട് തന്നെ ഇത്ര കാലം കൊണ്ട് നീക്കിവച്ച സമ്പാദ്യമെല്ലാം കൂടി കല്യാണത്തിനു വേണ്ടി എടുത്തു ചെലവാക്കുന്നതിനോട് താൽപര്യമില്ല. ഒരു ദിവസത്തിന്റെ ആഡംബരത്തിനു വേണ്ടി സമ്പാദിച്ചു വച്ചിരിക്കുന്ന പണം അനാവശ്യമായി ചെലവഴിച്ച് നശിപ്പിക്കുന്നതെന്തിന്. അതിനു ഞാൻ തയാറല്ല’’. – വിവാഹ ഒരുക്കങ്ങളെക്കുറിച്ച് അഭിമുഖത്തിൽ മൃദുല പറഞ്ഞതിങ്ങനെ.

2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. ഏക സഹോദരി പാർവതി. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയും ചേച്ചിമാർ. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ.