അന്തരിച്ച സംവിധായകൻ കെ.ജി ജോർജിന് ആദരാഞ്ജലികൾ അർപ്പിച്ച്, കുറിപ്പ് പങ്കുവച്ച് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി.
‘ഇന്ത്യൻ സിനിമക്ക് മലയാളം നൽകിയ ഏറ്റവും വലിയ വരങ്ങളിൽ ഒന്നായിരുന്നു ജോർജ് സാർ. അച്ഛന് ഏറ്റവും പ്രിയപ്പെട്ട സംവിധായകൻ. വിലമതിക്കാനാവാത്ത ഒരുപിടി അഭ്രാനുഭവങ്ങൾ നൽകി, അദ്ദേഹവും...’.– മുരളി ഫെയ്സ്ബുക്കിൽ കുറിച്ചു.
പിൽക്കാലത്തു നടനും തിരക്കഥാകൃത്തുമായി മാറിയപ്പോൾ കെ.ജി.ജോർജിൽനിന്നു പ്രചോദനം ലഭിച്ചിട്ടുണ്ടെന്നു മുരളി ഗോപി അനുസ്മരണക്കുറിപ്പിൽ പറഞ്ഞിരുന്നു.
‘ഒരു ക്യാംപ് ഫയറിന്റെ അടുത്തിരിക്കുമ്പോൾ കിട്ടുന്ന ചൂടുപോലെയാണ് അദ്ദേഹത്തിന്റെ സിനിമകളിൽനിന്ന് എനിക്കു ലഭിക്കുന്ന പ്രചോദനം. അടിസ്ഥാനപരമായി ഒരു തിരക്കഥാകൃത്തുകൂടി ആയതിനാൽ അദ്ദേഹം ഒപ്പം സഹകരിച്ച എഴുത്തുകാരുടെ ക്രാഫ്റ്റിനെ സ്വാധീനിച്ചിട്ടുണ്ടാകും. നടീനടന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും നിർദേശങ്ങൾ ജോർജ് സാർ നന്നായി സ്വീകരിച്ചിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്’.– മുരളി പറഞ്ഞു.