Wednesday 22 April 2020 04:27 PM IST

ഭാഷയുടെ മതിലുകൾ തകർത്ത് എഫ്ബി കൂട്ടായ്മ; ലോക സിനിമകളെ മലയാളം പറയിച്ച് എംസോൺ

Rakhy Raz

Sub Editor

Sub-1

ലോക സിനിമകൾ ആസ്വദിക്കാൻ ഭാഷ ആയിരുന്നു പലർക്കും തടസ്സം. സബ്ടൈറ്റിൽ ഉണ്ടെങ്കിൽ തന്നെ ഇംഗ്ലീഷിൽ ആകുന്നത് സിനിമാസ്വാദനം പലർക്കും അസാധ്യമാക്കിയിരുന്നു. ആ പ്രശ്നം പരിഹരിച്ചു കൊണ്ടാണ് എം സോൺ മലയാളികൾക്ക് പ്രിയപ്പെട്ട പേരായി മാറിയത്. ഈ ലോക്ക് ഡൗൺ കാലത്ത് ആരാധകരെ വാരിക്കൂട്ടിയിരിക്കുകയാണ് എംസോൺ. 45,000 അംഗങ്ങളുള്ള എം സോണിന്റെ എഫ്ബി ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം ലോക്ക് ഡൗൺ ആയതോടെ 65,000 കടന്നു. സമയം ലഭിച്ചാൽ ലോക സിനിമകൾ കാണാൻ താത്പര്യപ്പെടുന്നവർ ആണ് മലയാളികൾ എന്ന് ഈ കുതിച്ചു ചാട്ടം സൂചിപ്പിക്കുന്നു.

ലോക സിനിമയോടുള്ള സ്നേഹം കൊണ്ട്, അത് പരമാവധി പേരിൽ എത്തിക്കണം എന്ന ആഗ്രഹം കൊണ്ട്, ലാഭമൊന്നും മോഹിക്കാതെ പ്രവർത്തിക്കുന്ന സിനിമാ പ്രേമികളുടെ ഉദ്യമമാണ് എംസോൺ. മലയാളം സബ്ടൈറ്റിൽസ് ഫോർ എവരി വൺ എന്നതിന്റെ ചുരുക്ക പേരാണ് എം സോൺ. സിനിമ തുടങ്ങുന്നതിനൊപ്പം സ്ക്രീനിൽ തെളിയുന്ന 'സബ് ടൈറ്റിൽസ് ബൈ എം സോൺ' എന്ന കുറിപ്പിൽ മാത്രം ഒതുങ്ങുന്നു ഇവർ ചെയ്യുന്ന വലിയ ജോലിയുടെ പ്രതിഫലം.

2012 ഒക്ടോബർ ഒന്നിനാണ് എംസോൺ എന്ന കൂട്ടായ്മ തുടങ്ങുന്നത്. പ്രമോദ് കുമാർ, ശ്രീജിത്ത് പരിപ്പായി, ഗോകുൽ ദിനേശ്, സനൽ എന്നിവർ കൂട്ടായ്‌മ രൂപപ്പെടുത്തുകയും 'ചിൽഡ്രൻസ് ഓഫ് ഹെവൻ' എന്ന ചിത്രത്തിന് പരിഭാഷ തയ്യാറാക്കുകയും ചെയ്തു. ഇന്ന് ദിവസം നാല് സിനിമകൾ എം സോണ് റിലീസ് ചെയ്യുന്നു. ആർക്കും സൗജന്യമായി എംസോൺ പരിഭാഷകൾ അവരുടെ സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

"ആദ്യകാലങ്ങളിൽ വിദേശ ക്ലാസ്സിക് സിനിമകൾക്ക് മാത്രം സബ്ബ് ചെയ്താൽ മതിയെന്നായിരുന്നു തീരുമാനം, പിന്നീട് കൂടുൽ പരിഭാഷകർ വരികയും എല്ലാത്തരം സിനിമകളും വെബ്സീരീസ്, ഡോക്യുമെന്ററി തുടങ്ങിയവ് ഉൾപ്പെടുത്തുകയും ചെയ്തു. ഒരുകൂട്ടം മലയാളിപ്രേക്ഷകരുടെ സിനിമാ അഭിരുചികൾത്തന്നെ കഴിഞ്ഞ ഏഴ് വർഷം കൊണ്ട് മാറ്റിയെടുക്കാൻ കഴിഞ്ഞു എന്നത് സന്തോഷം തരുന്ന കാര്യമാണ്. എംസോൺ പരിഭാഷകളുപയോഗിച്ച് വിവിധ ഫിലിംസൊസൈറ്റികൾ, കേരളത്തിലങ്ങോളമിങ്ങോളം മികച്ച ലോക സിനിമകളുടെ പ്രദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്." എം സോൺ സബ് ടൈറ്റിൽ വേരിഫയിങ് ഇൻ ചാർജുമായ പ്രവീൺ അടൂർ പറയുന്നു. മാധ്യമ പ്രവർത്തകൻ ആണ് പ്രവീൺ. എം സോണിനായി പ്രവർത്തിക്കുന്ന ഓരോരുത്തരും ജോലി കഴിഞ്ഞുള്ള സമയം പ്രയോജനപ്പെടുത്തി ആണ് സേവനം ചെയ്യുന്നത്.

"ഇതുവരെ 1541 സിനിമകളുടെ പരിഭാഷകൾ എം സോൺ റിലീസ് ചെയ്തുകഴിഞ്ഞു. സിനിമകളുടെ യാതൊരുവിധത്തിലുള്ള ഫയലുകളും പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നില്ല. പരിഭാഷകളുടെ എസ്ആർട്ടി ഫയൽ മാത്രമാണ് ലഭ്യമാക്കുക. ഏറ്റവും മികച്ച ആസ്വാദനത്തിന് എപ്പോഴും സൈറ്റിൽ നിന്നു തന്നെ പരിഭാഷകൾ ഡൗൺലോഡ് ചെയ്യണം സിനിമയുടെ ഫയൽ പൂർണമായും നിങ്ങളുടെ റിസ്കിൽത്തന്നെ ഡൗൺലോഡ് ചെയ്യണം.

സിനിമ ലഭിച്ചാൽ സബ് ടൈറ്റിൽ ചേർത്ത് കാണാം. സബ് ടൈറ്റിൽ എങ്ങിനെ സിനിമയ്ക്കൊപ്പം പ്ലേ ചെയ്യാമെന്ന് എം സോണ് വെബ്സൈറ്റിൽ വിശദമായി വിവരിച്ചിട്ടുണ്ട്. എന്ന് സൈറ്റ് ഇൻ ചാർജ്‌ ആയ മുജീബ്. ഇവരെ അനുകരിച്ചു പലരും സബ് ടൈറ്റിലുകൾ നൽകി തുടങ്ങിയെങ്കിലും മികച്ചവ എം സോണിന്റേത് തന്നെ എന്നു പറയുന്നു ലോക സിനിമാ പ്രേമികൾ. അഭിനന്ദനങ്ങൾക്കൊപ്പം കടുത്ത വിമർശനങ്ങളും എം സോണിനെതിരെ ഉണ്ട്. പരിഭാഷ നല്ലതല്ല, സിങ്കിങ് ശരിയല്ല തുടങ്ങിയവയാണ് വിമർശനങ്ങൾ. 'ടോറന്റിൽ നിന്നെടുക്കുന്ന സിനിമകൾ ആണെങ്കിൽ സിങ്കിങ് കൃത്യമാകും എന്ന് എംസോൺ ടീം.

"98% എംസോൺ വർക്കുകളും അഭിനന്ദനാർഹം തന്നെയാണ് . Game of thrones അടക്കമുള്ള നിരവധി സീരീസുകൾ കുത്തിയിരുന്നു ചെയ്യുന്ന ആ എഫർട്ട് കാണാതെ പോകരുത്. വിഷയം സബ്ടൈറ്റിൽ ചെയ്യുമ്പോൾ അതിൽ സ്വന്തം ക്രിയേറ്റിവിറ്റി അല്ലെങ്കിൽ ഹ്യുമർ സെൻസ് ചേർക്കുമ്പോൾ അത് ചിലർക്ക് ഇഷ്ടപ്പെടാതെ വരുന്നുണ്ടാകാം . അപൂർവം ചില സിനിമകളിൽ പ്രൂഫ് റീഡിങിൽ തെറ്റി വീഴുന്ന സംഗതികളും വരാം , അതൊഴിവാക്കിയാൽ ഭൂരിപക്ഷം എംസോൺ റിലീസുകളിലും പ്രശ്നങ്ങൾ ഇല്ല എന്ന് വ്യക്തമാണ് . വിമർശനങ്ങൾ ക്രിയാത്മകമായി പങ്ക് വയ്ക്കുന്നതിൽ തെറ്റില്ല, പക്ഷെ ഇവരുടെ സബ് ടൈറ്റിലുകൾ പല ചാനലിലും വരുന്ന അപക്വമായ മലയാളം ഡബ് പോലെയാണെന്നുള്ള ആക്ഷേപം കൊണ്ട് അവരുടെ സ്പിരിറ്റ് നശിപ്പിക്കരുത്. ചൂണ്ടിക്കാണിക്കുന്ന തെറ്റുകൾ തിരുത്താനും അവർ തയ്യാറാണ് എന്നത് എടുത്തു പറയേണ്ടതാണ് . എം സോണുമായി ഒരു ബന്ധവും ഇല്ലാത്ത, ലോക സിനിമാസ്വാദകൻ എന്ന നിലയിൽ ആണ് ഇത് പറയുന്നത് ", അള്ള് രാമചന്ദ്രൻ സിനിമയുടെ സംവിധായകൻ ബിലഹരി പറയുന്നു.

"രാജ്യാന്തര സൈറ്റുകളിൽ നിന്നാണ് എം സോണിന് സബ് ടൈറ്റിലുകൾ ലഭിക്കുന്നത്. മെയിൽ മാനേജർ അത് പത്തു പേരടങ്ങുന്ന വേരിഫിക്കേഷൻ ടീമിന് കൈമാറുന്നു. അവർ അംഗീകരിച്ചാൽ പരിഭാഷ ചെയ്യുന്ന ടീമിന് കൈമാറുന്നു. പരിഭാഷകൾ ചെയ്ത് പരിചയം ഉള്ള ഭംഗിയായി ഇംഗ്ളീഷും മലയാളവും കൈകാര്യം ചെയ്യാൻ അറിയുന്നവരുമാണ് ടീമിൽ ഉള്ളത്. ലഭേച്ഛയില്ലാതെ മികച്ച പരിഭാഷ ചെയ്യുന്നവർക്ക് എം സോണിനൊപ്പം ചേരാം. പ്ലാനറ്റ് ഏർത്ത് എന്ന സീരീസ് പരിഭാഷപ്പെടുത്തി നൽകിക്കൊണ്ടാണ് ഞാൻ ഇതിന്റെ ഭാഗമാകുന്നത്." പ്രവീൺ പറയുന്നു. വിഷ്ണു പ്രസാദ് ആണ് എം സോണിന്റെ ഫേസ് ബുക്ക് കൈകാര്യം ചെയ്യുന്നത്. ഷൈജു. എസ്, ലിജോ ജോയ് എന്നിവരാണ് റിലീസ് ഇൻ ചാർജ്‌. മെയിൽ മാനേജർ രാഹുൽ രാജ് ആണ്, പോസ്റ്റർ ഇൻ ചാർജ് നിഷാദും.