Friday 12 May 2023 10:52 AM IST : By സ്വന്തം ലേഖകൻ

‘ഇപ്പോൾ ഇതു പറഞ്ഞില്ലെങ്കിൽ ജൂഡിനോട് ചെയ്യുന്ന പാതകമായി മാറും’: വിശദീകരണവുമായി നിർമാതാവ്

jude-2

നടൻ ആന്റണി വർഗീസിനെതിരേ സംവിധായകൻ ജൂഡ് ആന്തണി ഉന്നയിച്ച ആരോപണങ്ങളും അതിനുള്ള ആന്റണി വർഗീസിന്റെ മറുപടിയും വലിയ ചർച്ചയാണ്.

ഇപ്പോഴിതാ, സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് അരവിന്ദ് കുറുപ്പും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രവീൺ കുമാറും. യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ഇരുവരുടേയും പ്രതികരണം. ‘സത്യം അറിയാൻ താത്പര്യമുള്ളവർക്ക് വേണ്ടി മാത്രം’ എന്ന കുറിപ്പോടെ ഈ വിഡിയോയും ആന്റണിയുമായുള്ള കരാറിന്റെ പകർപ്പും ജൂഡും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ചിത്രത്തിലേക്ക് ആന്റണിയുടെ പേര് നിർദ്ദേശിച്ചത് ജൂഡ് ആയിരുന്നു. രണ്ട് ലക്ഷം രൂപ അഡ്വാൻസ് കൊടുക്കാമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ 10 ലക്ഷം വേണമെന്ന് ആന്റണി ആവശ്യപ്പെട്ടു. 10 ലക്ഷം അഡ്വാൻസ് ആയി വേണമെന്ന് ആന്റണി പറഞ്ഞതിന്റെ കാരണം പെങ്ങളുടെ കല്യാണം തന്നെയാണെന്നും ഇവർ വ്യക്തമാക്കി. ഇപ്പോൾ ഇതു ഞാൻ പറഞ്ഞില്ലെങ്കിൽ അത് ജൂഡിനോട് ചെയ്യുന്ന പാതകമായി മാറും എന്നും നിർമാതാവ് വ്യക്തമാക്കുന്നു.

കഥയിൽ ആന്റണി വർഗീസ് തൃപ്തനായിരുന്നു. 27 ജൂൺ 2019-ലാണ് അഡ്വാൻസ് കൊടുക്കുന്നത്. കഥയെപ്പറ്റി ആൻണിക്ക് അറിയാമായിരുന്നു. അജഗജാന്തരത്തിന്റെ ഷൂട്ടിങ് സമയത്താണ് തിരക്കഥ കൊടുക്കുന്നത്. കഥയിൽ യാതൊരു എതിരഭിപ്രായവും അപ്പോൾ ആന്റണി പറഞ്ഞിരുന്നില്ല. കഥ മുഴുവൻ ആന്റണിയെ വായിച്ചു കേൾപ്പിച്ചിരുന്നു. അതിനുശേഷമുള്ള ആഴ്ചകളിലും പിന്നീട് അഭിപ്രായമൊന്നും പറഞ്ഞുമില്ല.

ജനുവരി 10ന് സിനിമ ആരംഭിക്കാമെന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ ബാക്കി വർക്കുകൾ എല്ലാം ചെയ്തു. വടക്കേ ഇന്ത്യയിലാണ് കൂടുതലും ഷൂട്ട്. ഒരു ട്രെയിൻ വാടയ്ക്ക് എടുക്കണമായിരുന്നു. ജനുവരി 10 എന്ന തിയതി വച്ച് റൂം ബുക്കിങ്ങും ഭക്ഷണത്തിന്റെയും യാത്രയുടേയും കാര്യങ്ങൾ അറേഞ്ച് ചെയ്തു. വാരണാസിയിൽ പോയി എല്ലാം തയാറാക്കി. തുടർച്ചയായി ഷൂട്ട് ചെയ്യാനായിരുന്നു പ്ലാൻ. ഇവിടെ കേരളത്തിലും ഹോട്ടലുകളൊക്കെ ബുക്ക് ചെയ്തിരുന്നു. ഡിസംബർ 23ന് ജൂഡ് അദ്ദേഹത്തെ വിളിച്ചപ്പോഴാണ് സിനിമ ചെയ്യുന്നില്ല, താത്പര്യമില്ലെന്ന് ആന്റണി പറയുന്നത്. ഡിസംബർ 29-ന് സംവിധായകൻ നേരിട്ടു ചെന്ന് കാര്യങ്ങൾ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചു. അപ്പോഴും ഇത് ചെയ്യുന്നില്ലെന്ന് അറിയിച്ചു.

കൈ കൊടുത്ത് പിരിഞ്ഞുവെന്നാണ് ആന്റണി പത്രസമ്മേളനത്തിൽ പറഞ്ഞത്, അങ്ങനെ സംഭവിച്ചിട്ടില്ല. ഇന്നു വരെ എന്റെ ഫോണിൽ വിളിച്ചിട്ടുപോലുമില്ല. ആറ് മാസം കഴിഞ്ഞ് 2020 ജനുവരി 27ന് ആന്റണി 10 ലക്ഷം തിരികെ തന്നു.

പെെസ തിരിച്ച് തന്നല്ലോ, പിന്നെ എന്താ പ്രശ്നം എന്ന് പലരും ചോദിച്ചു. 10 ലക്ഷം മാത്രമല്ല ചെലവ്. ഒരാളെ വിശ്വസിച്ച് അടുത്ത 45 ദിവസം നമ്മൾ ചെലവാക്കുന്ന തുക വളരെ കൂടുതലാണ്.

പുള്ളി കളഞ്ഞിട്ട് പോയതോടെ ആ സിനിമ അവിടെ നിന്നു. ഞങ്ങൾ പ്രൊഡക്‌ഷൻ നിർത്തി, കമ്പനി പിരിച്ചുവിട്ടു. ജൂഡുമായി ഒരുപാട് വിലയുള്ള ബന്ധമാണ് എനിക്കുള്ളത്. അത് കളയാൻ സാധിക്കില്ല. ഞാൻ ആയതുകൊണ്ടാണ് ‍ജൂഡ് അത്രയും വികാരഭരിതനായത്. ഞാൻ കാരണം ജൂഡിന് ബുദ്ധിമുട്ട് ഉണ്ടാകരുത്’–അരവിന്ദ് പറഞ്ഞു.

അഡ്വാൻസ് 10 ലക്ഷം വേണമെന്ന് ആന്റണി പറഞ്ഞതിന്റെ കാരണം പെങ്ങളുടെ കല്യാണം തന്നെയാണെന്നും അത് സത്യാവസ്ഥയാണെന്നും പ്രവീൺ പറയുന്നു.

ആന്റണിയുടെ കുടുംബത്തിന് വിഷമമായി എന്നറിഞ്ഞതിൽ ഞങ്ങൾക്കും സങ്കടമുണ്ട്. ഈ സിനിമ ആന്റണി വേണ്ടെന്ന് വച്ചപ്പോൾ ഒരു കൂട്ടം ചെറുപ്പക്കാർ വഴിമുട്ടിയ അവസ്ഥയിൽ ഫ്ലാറ്റിൽ ഇരുന്നിട്ടുണ്ട്. ജൂഡ് ഉൾപ്പടെയുള്ളവർ പൊട്ടിക്കരഞ്ഞിട്ടാണ് അവിടെ നിന്നും ഇറങ്ങുന്നതെന്നും പ്രവീൺ പറഞ്ഞു.