Tuesday 26 October 2021 11:26 AM IST : By സ്വന്തം ലേഖകൻ

മുല്ലപ്പെരിയാർ: പൃഥ്വിരാജിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം, കോലം കത്തിച്ചു

prithviraj

മുല്ലപ്പെരിയാർ ഡാം ഡീകമ്മിഷൻ ചെയ്യണമെന്നാവശ്യപ്പെട്ടതിന് നടൻ പൃഥ്വിരാജിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. താരത്തിന്റെ കോലം കത്തിച്ചു.

വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെയായാലും 125 വർഷം പഴക്കമുള്ള ഡാം ഇപ്പോഴും പ്രവർത്തിപ്പിക്കുന്നതിനു ന്യായീകരണം ഇല്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങൾ മാറ്റിവച്ച് ഇക്കാര്യത്തിൽ ശരിയായ തീരുമാനം കൈക്കൊള്ളേണ്ട സമയമാണിതെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

നമുക്ക് ഭരണകൂടത്തെ വിശ്വസിക്കാനേ പറ്റുകയുള്ളൂ, ഭരണകൂടം ശരിയായ തീരുമാനങ്ങൾ എടുക്കട്ടെയെന്നു പ്രാർഥിക്കുന്നുവെന്നും പോസ്റ്റിലുണ്ട്.

ഇതേത്തുടർന്ന് തേനി ജില്ലാ കലക്ടറേറ്റിന് മുന്നിൽ അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകരാണ് താരത്തിനെതിരെ പ്രതിഷേധിച്ചത്.

സുപ്രീം കോടതി വിധി നിലനിൽക്കെ തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളിറക്കിയ നടൻ പൃഥ്വിരാജ് അഡ്വ. റസ്സൽ ജോയ് എന്നിവർക്കെതിരെ ദേശസുരക്ഷാ നിയമ പ്രകാരം കേസെടുക്കണമെന്നും പാർട്ടിയുടെ ജില്ലാ സെക്രട്ടറി എസ്. ആർ. ചക്രവർത്തി ആവശ്യപ്പെട്ടു. കലക്ടർക്കും എസ്പിക്കും പരാതി നൽകിയെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ പ്രസ്താവന തമിഴ്നാടിന്റെ താൽപര്യത്തിനെതിരാണെന്നും പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്നും തമിഴ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കണമെന്നും എംഎൽഎ വേൽമുരുകനും പറഞ്ഞു.