Wednesday 12 February 2025 10:19 AM IST : By സ്വന്തം ലേഖകൻ

‘ചെയ്യാത്ത തെറ്റിന് 10 വർഷം പഴികേട്ടു, ഞങ്ങൾ പത്മവ്യൂഹത്തിൽ പെട്ടു കിടക്കുകയായിരുന്നു’: പ്രതികരിച്ച് ഷൈൻ ടോം ചാക്കോയുടെ പിതാവ്

shine

ചെയ്യാത്ത തെറ്റിനാണ് പത്തുവർഷം ഷൈൻ ടോം ചാക്കോ പഴികേട്ടതെന്നും പത്തു വർഷമായി തങ്ങളും മകനും പത്മവ്യൂഹത്തിൽ പെട്ടു കിടക്കുകയായിരുന്നുവെന്നും പിതാവ് സി.പി. ചാക്കോ. കൊക്കെയ്ൻ കേസിൽ ഷൈൻ ടോം കുറ്റവിമുക്തനാക്കപ്പെട്ടതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിക്കേസിൽ ഷൈൻ ടോമിനെ മനഃപൂർവം കുടുക്കിയതാണെന്നും ഷൈൻ ലഹരികേസിൽ പെട്ടത് സിനിമാ മേഖലയെ മുഴുവൻ സംശയത്തിന്റെ നിഴലിലാക്കിയെന്നും സിനിമയിൽ മുഴുവൻ ലഹരി ഒഴുകുകയാണെന്നു പറഞ്ഞു പരത്തിയെന്നും ചാക്കോ പറയുന്നു.

‘ലഹരി കേസിൽ പെട്ടു എന്ന് കരുതി ആരും അവനെ മാറ്റി നിർത്തുകയോ അവസരങ്ങൾ ഇല്ലാതാവുകയോ ചെയ്തിട്ടില്ല. അവൻ തെറ്റ് ചെയ്തിട്ടില്ല എന്ന് എല്ലാവർക്കും അറിയാം അതുകൊണ്ടാണ്. നമ്മളോട് ആരും ഇതുവരെ മോശമായിട്ട് സംസാരിച്ചിട്ടില്ല, പ്രവർത്തിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെയാണ് അവന് ഈ 10 വർഷവും സിനിമയിൽ നല്ല അവസരങ്ങൾ കിട്ടിയത്. വെറുതെ ഇരിക്കാൻ പറ്റാത്ത തിരക്കാണ് അവനുള്ളത്. അഭിനയിക്കാൻ സമയമില്ലാത്ത കുഴപ്പമേ ഉള്ളൂ. അവൻ ഈ കേസിൽ കുടുങ്ങിയത് ബന്ധുക്കളും നാട്ടുകാരും എല്ലാവർക്കും വിഷമം തന്നെയായിരുന്നു. അതിനൊക്കെ ദൈവം ഇപ്പൊ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അതിൽ നിന്നൊക്കെ രക്ഷപ്പെട്ടു’.– ചാക്കോ പറഞ്ഞു.

എറണാകുളം അഡിഷനൽ സെഷൻസ് കോടതിയുടേതാണ് ലഹരിമരുന്നു കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ വെറുതേ വിട്ടു കൊണ്ടുള്ള ഉത്തരവ്.

കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ കൊക്കെയ്ൻ കേസ് ഇതായിരുന്നു. 2018 ഒക്ടോബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിൽ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഏഴാം പ്രതി ഒഴികെ മറ്റെല്ലാവരെയും വെറുതെ വിടുകയായിരുന്നു. പ്രതികള്‍ക്കു വേണ്ടി അഡ്വ. രാമന്‍ പിള്ളയാണ് ഹാജരായത്.