ഹേയ് ജൂഡിലെ തൃഷ മുതൽ ലോകയിലെ കല്യാണി വരെ; സയനോരയുടെ ശബ്ദത്തിന്റെ മാജിക് വേറേ ലെവൽ sayanora the versatile playback singer open up her ways of life
Mail This Article
21 വർഷമായി സയനോര ഫിലിപ് സിനിമയിൽ പാടിത്തുടങ്ങിയിട്ട്. മികച്ച ഗായികയും സംഗീത സംവിധായികയും നടിയുമൊക്കെയായി പേരെടുത്ത സയനോരയുടെ ശബ്ദം കൊണ്ടുള്ള മറ്റൊരു മാജിക്കാണ് ഇപ്പോൾ മലയാളി സിനിമാപ്രേക്ഷകർ കാണുന്നത്. ഹേയ് ജൂഡിലെ തൃഷ മുതൽ ലോകയിലെ കല്യാണി പ്രിയദർശൻ വരെ സംസാരിച്ചത് സയനോരയുടെ ശബ്ദത്തിലാണ്.
സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം ലഭിച്ചതു സയനോരയ്ക്കാണ്. ആ സന്തോഷം പങ്കുവച്ചാണു സയനോര വനിതയോടു സംസാരിച്ചത്. ‘‘വൈകിട്ടു മകളെ സ്കൂളിൽ നിന്നു വിളിക്കാനായി പോകുന്നതിനിടെ തുരുതുരാ ഫോൺ കോൾ. സംശയത്തോടെ ഫോണെടുത്തപ്പോൾ സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളിൽ എന്റെ പേരുമുണ്ടെന്നു കേട്ടു ഞെട്ടി. അവാർഡോ, എനിക്കോ ? എന്തിനുള്ള അവാർഡാ ? എന്നാണു തിരിച്ചു ചോദിച്ചത്...
അന്നാണ് അവാർഡ് പ്രഖ്യാപിക്കുന്നതെന്നോ, നോമിനേഷൻ കൊടുത്തിട്ടുണ്ടെന്നോ അറിയില്ലായിരുന്നു. ബറോസിലെ കഥാപാത്രത്തിനു വേണ്ടി ഡബ് ചെയ്യാൻ വിളിച്ചത് ടി.കെ. രാജീവ് കുമാർ സാറാണ്. ഫാന്റസി കഥാപാത്രമായതു കൊണ്ട് ശബ്ദത്തിൽ ഏതു ടോൺ വേണമെന്നൊക്കെ കൺഫ്യൂഷനായിരുന്നു. റിക്കോർഡിങ് കഴിഞ്ഞ ശേഷം അതിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല എന്നതാണു സത്യം.
അവാർഡ് വിവരം ആദ്യം പറഞ്ഞതു മോൾ സനയോടാണ്, കെട്ടിപ്പിടിച്ചൊരു ഉമ്മയായിരുന്നു മറുപടി. പാട്ടിനെക്കാൾ സനയ്ക്കിഷ്ടം വണ്ടർ വുമണിലെയും ഒരു ജാതി ജാതകത്തിലെയും അഭിനയമാണ്.
ബറോസ് കഴിഞ്ഞാണു ലോകയിലേക്കു വിളി വന്നത്. കല്യാണിയുടെ ചന്ദ്ര അധികം സംസാരിക്കാത്ത പ്രകൃതമാണ്. സംസാരിക്കുമ്പോൾ കഥാപാത്രത്തിന്റെ ശക്തി പ്രകടമാകുകയും ചെയ്യും. ആ ടോൺ ശബ്ദത്തിൽ കൊണ്ടു വരുന്നതായിരുന്നു ടാസ്ക്.
അതിനിടെയാണ് അൽത്താഫ് ഓടും കുതിരയിലേക്കു വിളിച്ചത്. അതിലെ കല്യാണിയുടെ കഥാപാത്രം ചന്ദ്രയെ പോലെയേയല്ല. ചന്ദ്രയുടെ ശബ്ദത്തിന് ഉൾക്കനം കൂടിയിരിക്കുമ്പോൾ നിധിയുടെ സംസാരം ഒഴുകിപ്പരന്നതു പോലെയാണ്. ശരിക്കും മിമിക്രി.
സംസാരിക്കുമ്പോൾ എനിക്കു കണ്ണൂർ സ്ലാങ് കയറിവരും. അതു വരാനേ പാടില്ല എന്നത് എല്ലാ ഡബ്ബിങ്ങിലെയും റിസ്ക് ആണ്...’’ സയനോരയുടെ ഡബ്ബിങ് വിശേഷങ്ങളും പാട്ടിലെ കൂടുതൽ കഥകളും നിറഞ്ഞ അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം (നവംബർ 22– ഡിസംബർ 5) വനിതയിൽ വായിക്കാം.
