ADVERTISEMENT

സഹോദരൻ കൈതപ്രം വിശ്വാനഥന്റെ ഓർമ ദിനത്തിലാണ് ഹൃദയംതൊടും ഓർമക്കുറിപ്പ് കൈതപ്രം പങ്കുവച്ചിരിക്കുന്നത്. 14 വയസ്സ് പ്രായ വ്യത്യാസമുണ്ടായിരുന്ന വിശ്വനാഥൻ തനിക്ക് മകനെപ്പോലെയായിരുന്നു. താൻ‌ വൈകാരികമായി അനാഥനാവുന്നത് വിശ്വനാഥൻ പറയാതെ പോയതിനു ശേഷമാണ് എന്നും കൈതപ്രം കുറിച്ചു. ‘ഗാനങ്ങളിലൂടെ നിന്നെ കേൾക്കാനും കാണാനും എനിക്ക് കഴിയും മോനേ’ എന്നു പറഞ്ഞുകൊണ്ടാണ് കൈതപ്രം കുറിപ്പ് അവസാനിപ്പിക്കുന്നത്.

കൈതപ്രം ദാമോദരൻ നമ്പൂതിരി പങ്കുവച്ച കുറിപ്പ്  

ADVERTISEMENT

‘എന്റെ വിശ്വനും ഞാനും തമ്മിൽ 14 വയസിന്റെ വ്യത്യാസമുണ്ട്. അതിനാൽ അവനു ഒരു മകന്റെ സ്ഥാനം ഞാൻ കല്പിച്ചിരുന്നു. സ്‌കൂൾ പഠനം കഴിഞ്ഞു തിരുവനന്തപുരത്തേക്ക് കൂട്ടി. കുറച്ച് ആദ്യ പാഠങ്ങൾ പറഞ്ഞു കൊടുത്ത് വഴുതയ്ക്കാട് ഗണപതി അമ്പലത്തിൽ ശാന്തിയാക്കി അക്കാദമിയിൽ സംഗീതം പഠിക്കാൻ ചേർത്തു. പിന്നീട് നാട്ടിൽ മാതമംഗലത്തും നീലേശ്വരത്തും സംഗീതാധ്യാപകനായി പ്രവർത്തിച്ചു.

ഞാൻ കോഴിക്കോട് മാതൃഭൂമിയിലെത്തിയപ്പോഴാണ് എഴുത്തിന്റെ കൂടെ സംഗീതവും ചെയ്യാൻ തുടങ്ങിയത്. വിശ്വൻ കൂടെ വേണമെന്ന മോഹമായി. നീലേശ്വരം ജോലി രാജി വച്ച് അവൻ എന്റെ കൂടെ സംഗീത സഹായിയായി. സിനിമയിൽ ‘ദേശാടനം’ മുതൽ ഞങ്ങൾ ഒന്നിച്ചു ചേർന്നു. ഇതു വൈകാരികമല്ലാതെ പച്ച ജീവിത കഥയാണ്.

ADVERTISEMENT

ഇനി വൈകാരികമായി ഞാൻ അനാഥനാവുന്നത് അവൻ പറയാതെ പോയതിനു ശേഷമാണ്. ദീപുവിനും വിശ്വപ്പൻ കൂടാതെ വയ്യ. എന്റെ ഭാര്യ അവനു ഏടത്തിയല്ല, അമ്മ തന്നെയായിരുന്നു. ഞാൻ വഴക്ക് പറഞ്ഞാലും അവൾ അവനെ സപ്പോർട്ട് ചെയ്യും.

ഞങ്ങൾ ചേർന്ന് ചെയ്ത രണ്ടു ഗാനങ്ങൾ എപ്പോഴും എന്റെ കണ്ണ് നിറയ്ക്കും. “ഇനിയൊരു ജന്മമുണ്ടെങ്കിൽ” എന്ന ഗാനവും “എന്നു വരും നീ” എന്ന സ്നേഹ സംഗീതവും വിശ്വന്റെ ഓർമകൾ വിളിച്ചുണർത്തുന്നവയായിരിക്കും എന്നും.

ADVERTISEMENT

കുട്ടിക്കാലവും, അവന്റെ പഠനകാലവും, തിരുവനന്തപുരം ജീവിതവും, കോഴിക്കോട്ട് താണ്ടിയ സിനിമകാലവും മറന്നിട്ട് ഒരു ദിവസവും ഉണ്ടായിട്ടില്ല. വിശ്വാ നീ പോയിട്ടില്ല, പോവുകയുമില്ല. നമ്മൾ ഇവിടെ ചെയ്തു വച്ച ഗാനങ്ങൾ പൊലിയുകയില്ല. ഗാനങ്ങളിലൂടെ നിന്നെ കേൾക്കാനും കാണാനും എനിക്ക് കഴിയും മോനേ..’

2021 ഡിസംബർ 29ന് ആണ് കൈതപ്രം വിശ്വനാഥൻ അന്തരിക്കുന്നത്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജയരാജ് സംവിധാനം ചെയ്ത ‘ദേശാടന’ത്തിൽ സംഗീത സംവിധാന സഹായിയായി സിനിമയിലെത്തിയ അദ്ദേഹം 32 ചിത്രങ്ങൾക്കു സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്.‘കണ്ണകി’യിലെ ‘കരിനീലക്കണ്ണഴകീ’, ‘ഏകാന്തം’ സിനിമയിലെ ‘കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം’, ‘തിളക്കം’ സിനിമയിലെ ‘നീയൊരു പുഴയായ്’, ‘എനിക്കൊരു പെണ്ണുണ്ട്’ തുടങ്ങിയവ കൈതപ്രം വിശ്വനാഥന്റെ ശ്രദ്ധേയ ഗാനങ്ങളാണ്.

English Summary:

Kaithapram Viswanathan's memories are cherished by Kaithapram Damodaran Namboothiri. The post reflects on their bond and the enduring legacy of Viswanathan's music in Malayalam cinema.

ADVERTISEMENT