ദാസേട്ടന് മാനസഗുരു, ഏതു സമയത്തും വിളിക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ട്: സംഗീതത്തിലെ ഗുരുക്കന്മാരെക്കുറിച്ച് വൈക്കം വിജയലക്ഷ്മി Vaikom Vijayalakshmi about K.J. Yesudas
Mail This Article
വൈക്കം വിജയലക്ഷ്മിയുടെ വീട്. ദൈവങ്ങളുടെ ചിത്രങ്ങൾ കഴിഞ്ഞാൽ ഈ വീടു നിറയെ വിജയലക്ഷ്മിയ്ക്കു കിട്ടിയ സമ്മാനങ്ങളും ഫോട്ടോകളുമുണ്ട്. പൂമുഖത്തു തന്നെയുണ്ട് യേശുദാസിനൊപ്പമുള്ള ചിത്രം. ദാസേട്ടൻ തന്റെ മാനസഗുരുവാണെന്നും ഏതു സമയത്തും വിളിക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ടെന്നും പറയുമ്പോൾ വിജയലക്ഷ്മയുടെ സ്വരത്തിൽ അഭിമാനം.
‘‘കുട്ടിക്കാലം തൊട്ടേ കേട്ടാണ് പഠിക്കാറുള്ളത്. ആദ്യം റേഡിയോ ആയിരുന്നു. പിന്നെ ടേപ്പ് റെക്കോർഡർ ആയി. ദാസേട്ടന്റെ കസെറ്റുകൾ സ്ഥിരമായി കേൾക്കാൻ തുടങ്ങി. അദ്ദേഹത്തെ മാനസഗുരുവായി സ്വീകരിച്ചു. എന്നെങ്കിലും ഗുരുദക്ഷിണ സമർപ്പിക്കാനായെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. വൈക്കം അമ്പലത്തിൽ വച്ച് അതും സഫലമായി. പത്തു മിനിറ്റ് കാണാനുള്ള അനുവാദം കിട്ടി. പക്ഷേ, ഞങ്ങൾ ഒരുമിച്ചിരുന്നു രണ്ടു മണിക്കൂറോളം അന്നു പാടി. യുഎസിലെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. ഇവിടെയും അദ്ദേഹം വന്നു.
രണ്ട് ഒാർമകളുണ്ട്. 1997 ൽ മാവേലിക്കര പൊന്നാരം തോട്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഏപ്രിൽ മാസം കച്ചേരി അവതരിപ്പിച്ചു. വൈകിട്ടു മൂന്നു മണിക്കാണു പരിപാടി. അമൃതവർഷിണി രാഗം പാടിയാൽ മഴ പെയ്യും എന്നാണു വിശ്വാസം. അന്നവിടെ ഞാൻ ആ രാഗം പാടി. മഴ പെയ്തു. കാണികളെല്ലാം കൈയടിച്ചു.
രണ്ടാമത്തെ അനുഭവം ദക്ഷിണാമൂർത്തി സ്വാമികളുമായി ബന്ധപ്പെട്ടതാണ്. വൈക്കം ക്ഷേത്രത്തിൽ അദ്ദേഹത്തിനു മുന്നിൽ പാടാനായി. പാട്ടു കേട്ട് ‘ബെസ്റ്റ് കണ്ണാ’ എന്നദ്ദേഹം അഭിനന്ദിച്ചു. പിന്നീടൊരു ദിവസം സ്റ്റുഡിയോയിലേക്കു കയറുകയാണ്. അപ്പോൾ എന്തുകൊണ്ടോ നാവിൻ തുമ്പിൽ അദ്ദേഹം സംഗീതമൊരുക്കിയ ‘സ്വപ്നങ്ങൾ സ്വപ്നങ്ങളേ’ എന്ന പാട്ടാണു വന്നത്. അകത്തേക്കു കയറിയപ്പോൾ കേട്ടത് അദ്ദേഹത്തിന്റെ മരണവാർത്തയാണ്.
അഭിമുഖത്തിന്റെ പൂർണ രൂപം മാർച്ച് 14-27 ലക്കം വനിതയിൽ
