ADVERTISEMENT

പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) ഓര്‍മ്മയായി. ഹൃദയാഘാതത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗ്രാമി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യൻ ഗായികയാണ് ആശ. 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടം നേടി. മക്കൾ: വർഷ (പരേത), ഹേമന്ത് (പരേതൻ), ആനന്ദ്.

ഗായിക ലത മങ്കേഷ്ക്കറുടെ സഹോദരിയാണ് ആശ. മറാഠി നാടകവേദിയിലെ പ്രശസ്ത നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്. ലത മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. അച്ഛന്റെ ശിക്ഷണത്തിലാണ് ആശയും ലതയും സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്. ആശയ്ക്ക് ഒൻപത് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. സഹോദരി ലതയെ പിന്തുടർന്നാണ് ആശയും പിന്നണി ഗാനരംഗത്ത് എത്തിയത്.

ADVERTISEMENT

1943 ൽ മജാബാൽ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി. മലയാളത്തിൽ ഒരേയൊരു ഗാനമാണ് ആശ ആലപിച്ചത്. സുജാത സിനിമയിലെ ‘സ്വയംവര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം. ഹിന്ദിയിൽ 1945ൽ 'ബഡി മാ' എന്ന ചിത്രത്തിലാണ് ആശ ആദ്യമായി പാടിയതെങ്കിലും 1948 ൽ റിലീസായ 'ചുനാരിയ' ആണ് ഗായികയുടെ ആദ്യ ചിത്രമായി അറിയപ്പെടുന്നത്. 1949 ൽ തന്റെ 16ാം വയസ്സിൽ കുടുംബത്തിന്റെ എതിർപ്പുകളെ അവഗണിച്ച് ഗൺപത്‌റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചു. എന്നാൽ ആ വിവാഹം ഒരു പരാജയമായിരുന്നു. 

1956 ൽ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിൻ കീഴിൽ സിഐഡി എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് 1974ൽ വഴിപിരിയുന്നതുവരെ ഈ സംഗീത ജോഡി നിരവധി ഹിറ്റുകൾ സമ്മാനിച്ചു (ഹൗറ ബ്രിജ്, കശ്മീർ കി കലി, തുംസാ നഹി ദേഖാ, ഏക് മുസാഫിർ ഏക് ഹസീന, മേരെ സനം). പ്രമുഖ ബാനറുകളുടെ ചിത്രങ്ങളിലെല്ലാം പാടാൻ ആശയ്ക്ക് അവസരം ലഭിച്ചു. 

ADVERTISEMENT

1966 ൽ പുറത്തിറങ്ങിയ തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്‌ലെ - ആർ.ഡി.ബർമൻ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആർ.ഡി. ബർമന്റെ പ്രിയപ്പെട്ട ഗായികയായി മാറി. ആർ.ഡി ബർമന്റെ കീഴിലാണ് ആശ ഒരു സമ്പൂർണ ഗായികയായി മാറുന്നത്. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തി. 

പോപ്, കാബറെ, റോക്ക്, ഡിസ്‌കൊ, ഗസൽ, ക്ലാസിക്കൽ അങ്ങനെ എല്ലാത്തരം ഗാനങ്ങളും പാടാൻ കഴിവുള്ള ഒരു ഗായികയണ് താനെന്ന് ആശ ബർമൻ ഗാനങ്ങളിലൂടെ തെളിയിച്ചു. 1990 കളിൽ സിനിമാ രംഗത്തുനിന്ന് പതിയെ പിൻവാങ്ങിയ ആശയെ എ.ആർ. റഹ്മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിൽ ഊർമിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി. തുടർന്ന് താൽ, ലഗാൻ, ദൗഡ്, ഇരുവർ, ലഗാൻ തുടങ്ങി നിരവധി റഹ്മാൻ ചിത്രങ്ങളിൽ ആശ പാടി.

ADVERTISEMENT

ഒ.പി.നയ്യാർ, ബോംബൈ രവി, എസ്.ഡി.ബർമൻ, ആർ.ഡി.ബർമൻ, ഇളയരാജ, റഹ്മാൻ, ജയ്‌ദേവ്, ശങ്കർ–ജയ്കിഷൻ, അനുമാലിക്ക് തുടങ്ങിയ ബോളിവുഡിലെ പ്രശസ്തരായ സംഗീതസംവിധായകരുടെയെല്ലാം കീഴിൽ ആശ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1997-ൽ ഉസ്താദ് അലി അക്ബർ ഖാനുമായി ചേർന്നുള്ള ‘ലെഗസി’ എന്ന ആൽബത്തിലൂടെയാണ് ഗ്രാമി നാമനിർദേശം ലഭിച്ചത്. 2006 ൽ ‘യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട്’ എന്ന ആൽബത്തിലൂടെ വീണ്ടും ഗ്രാമി നാമനിർദേശം ലഭിച്ചു. 2021 ൽ മഹാരാഷ്ട്ര സർക്കാരിന്റെ മഹാരാഷ്ട്ര ഭൂഷൺ പുരസ്കാരം ലഭിച്ചു.

Asha Bhosle: A Tribute to a Legendary Voice:

Legendary playback singer Asha Bhosle has passed away at the age of 92. She was undergoing treatment at Mumbai's Breach Candy Hospital following a heart attack and is remembered as the first Indian singer nominated for a Grammy Award.

ADVERTISEMENT