Tuesday 14 March 2023 11:35 AM IST : By സ്വന്തം ലേഖകൻ

കീരവാണി പറഞ്ഞ കാർപെന്റെർസ് ആരാണ്? പിന്നിൽ മരണത്തിനും തോൽപിക്കാനാകാത്ത ഒരു സഹോദര ബന്ധത്തിന്റെ കഥയുണ്ട്

carpenters

ലേഡി ഗാഗയോടും റിഹാനയോടും മത്സരിച്ച് ഇന്ത്യയുടെ ‘നാട്ടു നാട്ടു’ ലോകത്തിന്റെ നെറുകയിലേക്ക് കയറിയിരിക്കുകയാണ്. സംഗീതസംവിധായകന്‍ എം.എം.കീരവാണിയും രചയിതാവ് ചന്ദ്രബോസും ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയ നിമിഷം ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി.

കീരവാണി ഓസ്കാർ വേദിയിൽ ഏറെ സ്നേഹാദരങ്ങളോടെ ‘കാർപെന്റെർസ്’ എന്ന വാക്കിനെ ചുറ്റിപ്പറ്റിയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകളും ട്രോളുകളും നിറഞ്ഞത്. ഇതോടെ ആരാണ് ‘കാർപെന്റെർസ്’ എന്ന തരത്തില്‍ അന്വേഷണങ്ങളും നീണ്ടു. 1970 കളിലും 80 കളിലും ലോകം മുഴുവൻ തരംഗമായ മ്യൂസിക് ബാൻഡ് ആണ് കാർപെന്റർസ്. സഹോദരങ്ങളായ കാരൻ കാർപെന്ററും റിച്ചാർഡ് കാർപെൻടറും ചേർന്ന് 1968 ലാണ് കാർപെന്റെർസ് ബാൻഡ് രൂപീകരിച്ചത്. ദി കാർപെന്റെർസ് എന്ന വിളിപ്പേരിലാണ് ഇവർ അറിയപ്പെടുന്നതെങ്കിലും കാർപെന്റെർസ് എന്നാണ് ഇവരുടെ ഔദ്യോഗിക നാമം. കാർപെന്റെർസിനെ കുറിച്ചുള്ള ചർച്ചകൾ ചൂടു പിടിക്കുമ്പോൾ ആ ബാൻഡിനെ കുറിച്ച് ജോസ് മോൻ വാഴയിൽ എഴുതിയ കുറിപ്പും ശ്രദ്ധേയമാകുകയാണ്. എംത്രീഡിബി കഫേക്കു വേണ്ടി ജോസ്മോൻ എഴുതിയ കുറിപ്പ് വിഖ്യാത ബാൻഡിനെ കുറിച്ചുള്ള സമഗ്ര ചിത്രം കൂടിയാണ്.

കുറിപ്പിന്റെ പൂർണരൂപം:

1969 മുതൽ 2004 വരെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു ഗംഭീര മ്യൂസിക് ബാൻഡ് ആണ് ഈ 'കാർപെന്റേഴ്സ്'. സഹോദരങ്ങളായ കാരെൻ കാർപെൻ്ററും (1950–1983) റിച്ചാർഡ് കാർപെൻ്ററും (ജനനം 1946) അടങ്ങുന്ന ഒരു അമേരിക്കൻ വോക്കൽ, ഇൻസ്ട്രുമെന്റൽ ബാൻഡായിരുന്നു 'കാർപെൻ്റേഴ്സ്'. റിച്ചാർഡിൻ്റെ ഗാനരചനാപാടവവും സംഗീതചിട്ടപ്പെടുത്തലും, സഹോദരി കാരൻ്റെ മനോഹര ഗാനാലാപനവും ഒരുമിച്ചപ്പപ്പോൾ വളരെ പുതുമയാർന്ന ഒരു സോഫ്റ്റ് ക്ലാസിക്കൽ സംഗീതശൈലി തന്നെ രൂപപ്പെട്ടു. അത് 'കാർപെൻ്റേഴ്സ്'നെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. 'കാർപെൻ്റേഴ്സ്'ൻ്റെ 14 വർഷത്തെ കരിയറിൽ, നിരവധി സിംഗിൾസും നിരവധി ടെലിവിഷൻ സ്‌പെഷ്യലുകളും സഹിതം 10 ആൽബങ്ങൾ ചെയ്തു.

carpenters-1

അമേരിക്കയിലെ ന്യൂ ഹെവനിൽ ജനിച്ച കാരൻ- റി​ച്ചാർഡ് സഹോദരങ്ങൾ 1963ൽ കാലിഫോർണിയയിലെ ഡൗണിയിലേക്ക് താമസം മാറി. കുട്ടിക്കാലത്ത് റിച്ചാർഡ് പിയാനോയും കാരെൻ ഡ്രംസും പഠിച്ചിരുന്നു. 1965ൽ അവർ ആദ്യമായി ഒരു ജോഡിയായി, ഒപ്പം സുഹൃത്ത് ജേക്കബി​നൊപ്പം ജാസ് അധിഷ്ഠിതമായ 'റിച്ചാർഡ് കാർപെൻ്റർ ട്രിയോ' എന്നൊരു ബാൻഡ് രൂപീകരിച്ചു. പിന്നീട് 1969ൽ 'കാർപെൻ്റേഴ്സ്' എന്ന പേരിൽ A&M Records യുമായി​ കരാറിൽ ഒപ്പ് വച്ചു. അന്ന് കാരന് 19 വയസ്സ് മാത്രം. ആയതിനാൽ തന്നെ മാതാപിതാക്കളും കാരന് വേണ്ടി കരാറിൽ ഒപ്പ് വച്ചു.

carpenters-3

1971 ൽ ഒരു ഓസ്‌കാറും രണ്ട് ഗ്രാമി അവാർഡ്സും 'കാർപെൻ്റേഴ്സ്'നെ തേടിയെത്തി. കാർപെൻ്റേഴ്സ് ലോകമെമ്പാടും 90 ദശലക്ഷത്തിലധികം റെക്കോർഡുകൾ വിറ്റു. യുകെയിൽ, 1970കളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഏഴാമത്തെ ആൽബം ആർട്ടിസ്റ്റായി അവർ റാങ്ക് ചെയ്യപ്പെടുകയും ചെയ്തു.

70 കളൂടെ അവസാനം കാരെൻ അനോറെക്സിയ എന്ന അസുഖത്തിൻ്റെ പിടിയി​ലകപ്പെടുകയും റിച്ചാർഡ് സെഡേറ്റീവ് ക്വാലുഡ്സിൻ്റെ പിടിയിലായി ചികിത്സയിലായിരിക്കുകയും ചെയ്തതിനാൽ അവർ ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചു. അവർ ഒന്നിച്ചുള്ള അവസാന ആൽബം 'മെയ്ഡ് ഇൻ അമേരിക്ക' 1981 ൽ പുറത്തിറങ്ങി.

1983ൽ തൻ്റെ 32ആം വയസ്സിൽ കാരൻ ഹൃദയസ്തംഭനം മൂലം മരിച്ചു. കാരെൻ്റെ മരണശേഷം, റിച്ചാർഡ് നിരവധി കാർപെൻ്റേഴ്സ് സമാഹാരങ്ങൾ നിർമ്മിച്ചു. 2004ൽ ഇറക്കിയ ''As Time Goes By'' എന്ന ആൽബമാണ് 'കാർപെൻ്റേഴ്സ്'ൻ്റേതായി അവസാനമായി ഇറങ്ങിയത്.