Thursday 02 June 2022 02:22 PM IST

‘ആദ്യം നോ പറഞ്ഞു... ‘കെജിഎഫ് 2’ എന്നു കേട്ടതും നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു’: കൊച്ചിയിലെ പാട്ടുമച്ചാൻ

Ammu Joas

Sub Editor

vipin-xavier

‘തൂഫാൻ...തൂഫാൻ...’ ദശലക്ഷങ്ങൾ സ്വീകരിച്ച കെജിഎഫ് ടുവിലെ ഈ പാട്ടു പാടിയത് കൊച്ചിക്കാരൻ വിപിൻ സേവ്യറാണ്

ഇടിമിന്നലിന് തടയിട്ടവനെ...

അന്ന് തിയറ്റർ ‘കെജിഎഫ് 1’ ആവേശത്തിലായിരുന്നു. സിനിമയിലെ പാട്ടു കേട്ടപ്പോൾ ആദ്യം തോന്നിയത് എന്റെ ശബ്ദത്തിന് യോജിക്കുന്ന തരം പാട്ടുകളാണല്ലോ, ഒരവസരം കിട്ടിയിരുന്നെങ്കിൽ എന്നാണ്. വരികൾ എഴുതിയിരിക്കുന്ന സുധാംശു സാറിനെ വിളിച്ചാലോ എന്നുവരെ ആലോചിച്ചെങ്കിലും പിന്നീട് അതു മറന്നു. പക്ഷേ, എന്റെ ആഗ്രഹം ദൈവം കേട്ടെന്നു തോന്നുന്നു. ‘കെജിഎഫ് 2’ വിലെ രണ്ടു പാട്ടുകൾ എനിക്കു തന്നു.

ഞാൻ പാടി ഓക്കെയായ ശേഷം, ആ പാട്ട് മറ്റൊരാളുടെ ശബ്ദത്തിൽ സിനിമയിൽ വന്ന അനുഭവങ്ങളുണ്ട്. ആ വിഷമങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് മുന്നോട്ട് പോയി. കെജിഎഫ് 2 എന്നെ തേടി വന്ന ഭാഗ്യമാണ്.

നെഞ്ചിലൊരു പാച്ചിൽ

മാർച്ചിലാണ് ഗായകൻ അൻവർ സാദത്തിന്റെ വിളി വന്നത്. ‘രണ്ടു ദിവസത്തിനുള്ളിൽ ഹൈദരാബാദിൽ ഒരു പാട്ട് പാടാൻ പോണം.’ ആ ദിവസങ്ങളിൽ സ്റ്റേജ് ഷോ ഏറ്റെടുത്തിരുന്നതിനാൽ ‘പറ്റില്ലല്ലോ ഇക്കാ’ എന്നാണ് മറുപടി പറഞ്ഞത്. കോൾ കട്ട് ചെയ്യാറായപ്പോൾ ‘ഏതാ സിനിമ’ എന്നു വെറുതേ ചോദിച്ചു. ‘കെജിഎഫ് 2’ എന്നു കേട്ടതും നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞു. ബുക്ക് ചെയ്ത പരിപാടി മാറ്റിവയ്ക്കാനായതു കൊണ്ട് അൻവറിക്കയോട് ‘യെസ്’ പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ മംഗലാപുരത്തേക്ക് പറന്നു.

പാടിപാടി തൊണ്ട പോയെങ്കിലെന്താ...

സംഗീതസംവിധായകൻ രവി ബസ്‌രൂർ സാറിന്റെ വീട്ടിലെ വൻ സ്റ്റുഡിയോയിലാണ് റിക്കോർഡിങ്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ ഗായകരും റിക്കോർഡിങ്ങിനായി എത്തിയിട്ടുണ്ട്. ‘തൂഫാൻ...’ ആണ് ആദ്യം പാടിയത്. ‘സുറ... സുൽത്താന...’ ആണ് രണ്ടാമത്തെ ഗാനം. ഞാൻ, അൻവറിക്ക, പ്രകാശ്, സന്തോഷ് വെങ്കി, മോഹൻ കൃഷ്ണ, ഐശ്വര്യ എന്നിവരാണ് പവർ പാക്ഡ് പാട്ടുകൾക്കു പിന്നിലെ സ്വരം. പാട്ടുകൾ കഴിഞ്ഞതോടെ തൊണ്ടയുടെ ഇടപാട് തീർന്നു. ശബ്ദം ശരിയാകാൻ ഒരാഴ്ച റെസ്റ്റ് എടുക്കേണ്ടി വന്നെങ്കിലും ഇപ്പോൾ വളരെ ഹാപ്പിയാണ്. ഇതിനിടെ സാക്ഷാൽ റോക്കി ഭായ് യഷിനെ നേരിട്ടു കാണാനും കഴിഞ്ഞു, സെൽഫിയെടുക്കാനും പറ്റി.

ഒന്നും വേണ്ടെന്ന് ചിന്തിച്ചു...

25 വർഷമായി പാട്ടു രംഗത്തുള്ള എന്റെയും ‘മെയിൻ റൈസ്’ സ്റ്റേജ് ഷോ ആണ്. എല്ലാം സ്മൂത് ആയി പോകുന്നതിനിടെയാണ് കോവിഡ് കണക്കുകൂട്ടലുകൾ തെറ്റിച്ചത്. കയ്യിലുള്ളതെല്ലാം ചെലവഴിച്ച് പുതിയ വീട് വച്ച ശേഷം ലോക്ഡൗണിൽ പരിപാടികൾ മുടങ്ങിയതോടെ ഏറെ ബുദ്ധിമുട്ടി. മൊത്തം ‍ഡാർക്ക് അടിച്ചിരുന്ന ആ സമയത്ത് ഇനി പാട്ടു കൊണ്ട് രക്ഷയില്ലെന്നു പോലും ചിന്തിച്ചു. എല്ലാം വീണ്ടും പഴയതു പോലെയാകുന്നതിൽ അമ്മ മേരിയും ഭാര്യ സോഫിയയും മകളായ ഏഴാം ക്ലാസുകാരൻ യുവാനും രണ്ടാം ക്ലാസുകാരൻ ഇയാനും ഹാപ്പിയാണ്.

ബൊമ്മ... ബൊമ്മ...

‘ഛോട്ടോ മുംബൈ’യിലെ ‘വാസ്കോ ഡ ഗാമ’ എന്ന പാട്ടിലൂടെയാണ് മലയാളിക്ക് എന്നെ കൂടുതൽ പരിചയം. ആദ്യ അവസരം തന്നത് ജാസി ഗിഫ്റ്റ് സാറാണ്, 2004ൽ. ‘ബൊമ്മ, ബൊമ്മ കൂട്ടിലിട്ട ചെറു ബൊമ്മ..’ എന്ന പാട്ട്. ‘തൊമ്മനും മക്കളി’ലെ തകിടതകധിമി, ‘ട്രാഫിക്കി’ലെ ‘കണ്ണെറിഞ്ഞാൽ കാണാത്തീരം’, ‘ഒപ്പത്തി’ലെ ‘പല നാളായി...’ എന്നീ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു. തമിഴിലും കന്നടയിലും പാടിയിട്ടുണ്ട്. വരാനിരിക്കുന്ന സിനിമകളിലായി മൂന്നു പാട്ടുകളുമുണ്ട്.

സ്റ്റേജിലെ ഫയർ

അച്ഛൻ തോമസ് പാട്ടുകാരനാണ്. ഗാനമേളകളിൽ പാടിയും ആടിയുമാണ് വളർന്നത്. റഹ്മാൻ സാറിന്റെ ഡാൻസ് നമ്പറുകളായ ‘ഹമ്മ ഹമ്മ...’, ‘ദിൽസേ രെ...’ ഒക്കെ പാടി നമ്മളങ്ങ് ആറാടുമ്പോൾ കാണികൾ നൃത്തച്ചുവടു വയ്ക്കുന്ന കാഴ്ച ഹരമാണ്. പണ്ടൊക്കെ ഇതിനു ധാരാളം വിമർശനവും കേട്ടിരുന്നു. സ്റ്റേജ് ഷോകൾക്കായി ലണ്ടൻ, ഓസ്ട്രേലിയ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. ‘കൊച്ചി മച്ചാൻ’ എന്ന ബാൻഡും സ്വന്തമായുണ്ട്.

അമ്മു ജൊവാസ്

ഫോട്ടോ : ബേസിൽ പൗലോ