Friday 24 May 2024 12:35 PM IST

‘മുൻവാതിലില്‍ ചുംബിച്ച്, ഞാനും ഭാര്യയും ആ വീടിനോട് യാത്ര പറഞ്ഞിറങ്ങി’: പ്രിയപ്പെട്ട വീട്... ഒസേപ്പച്ചൻ

V.G. Nakul

Sub- Editor

ouseppachan-home

പ്രിയപ്പെട്ട ഓരോ വീടിനും പറയാനുണ്ടാകുമൊരു ജീവിതം. ഇവർ പങ്കുവയ്ക്കുന്നു, ഓർമയുടെ തുമ്പത്ത് മായാതെ തിളങ്ങുന്ന വീടിന്റെ കഥ

എന്റെ ഏറ്റവും പ്രിയപ്പെട്ട വീട്ടിലാണ് ഞാൻ ഇപ്പോൾ താമസിക്കുന്നത്. സ്വന്തം ആഗ്രഹത്തിനും ഇഷ്ടത്തിനുമനുസരിച്ചു പണിത ഇടം, ‘ഓംക’

ഔസേപ്പച്ചൻ, മറിയ, കിരൺ, അരുൺ എന്നിങ്ങനെ എന്റെയും ഭാര്യയുടെയും മക്കളുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്താണ് വീടിനു പേരിട്ടിരിക്കുന്നത്. ‘ഓംകാര’മായും വായിക്കാം. അതും എനിക്കു വളരെ വളരെ പ്രിയപ്പെട്ടതാണ്.

ഇരുപത്തിനാലു കൊല്ലം മുൻപേ വാങ്ങിയിട്ടിരുന്ന പതിനൊന്നര സെന്റാണ് തൃശൂർ കിഴക്കേക്കോട്ടയിലേത്. കുറച്ച് കാശ് വന്നപ്പോൾ സ്ഥലം വാങ്ങി എന്നല്ലാതെ ഇവിടെ വീട് വയ്ക്കുമെന്നോ, ഇങ്ങോട്ട് മാറിത്താമസിക്കേണ്ടി വരുമെന്നോ ഉള്ള ലക്ഷ്യമൊന്നും സ്ഥലം വാങ്ങിയ കാലത്തുണ്ടായിരുന്നില്ല.

ഇപ്പോൾ തൃശൂർ ടൗണിൽ ഇത്രയും സ്ഥലം വാങ്ങുകയെന്നത് ചിന്തിക്കാനാകില്ല. ഹൗസിങ് കോളനി പോലെയാണ്. ഒരു തെരുവില്‍ പത്ത് വീട്. ശാന്തമായ ഇടം. എന്റെ വീടിനും ചെറിയ മുറ്റം. ഇത്രകാലം ഈ വസ്തു വിൽക്കാതെയിട്ടത്, ഈ വീടെന്ന വിധി കിടന്നതിനാലാകാം എന്നു ഞാൻ ചിന്തിക്കാറുണ്ട്. വിവാഹവും വീടുപണിയും സ്വർഗത്തിൽ നിശ്ചയിക്കപ്പെട്ടതാണ്. ഇതൊന്നും നമ്മൾ വിചാരിച്ചതു കൊണ്ടു മാത്രം സംഭവിക്കില്ല.

എന്റെ ഇളയ മകന്റെ കല്യാണം എന്റെ ചേട്ടന്റെ വീട്ടിൽ വച്ചായിരുന്നു. അപ്പോഴാണ് നാട്ടിൽ സ്വന്തം വീട് വേണം എന്ന തോന്നലിലേക്ക് എത്തിയത്.

അമേരിക്കയിലുള്ള മൂത്ത മകൻ പിന്തുണ നൽ‌കിയതോടെ പണി തുടങ്ങി. ഇവിടെ വീട് പണിയാനുള്ള തീരുമാനവും, ചെന്നൈ വിടാനുള്ള തീരുമാനവും അവിടുത്തെ വീട് വിൽക്കാനുള്ള തീരുമാനവുമൊക്കെ വളരെ പെട്ടെന്നായിരുന്നു.

ഇവിടെയാകുമ്പോള്‍ എന്റെ സഹോദരങ്ങളൊക്കെ ഈ പൂരപ്പറമ്പിനു ചുറ്റുമാണ് താമസിക്കുന്നത്. നടന്നു പോകാവുന്നത്ര ദൂരത്തിൽ. 2017 ൽ പണി തുടങ്ങി. 2019 ൽ തീർന്നു. 2020 മാർച്ച് 14നായിരുന്നു ഗൃഹപ്രവേശവും താമസം തുടങ്ങലും.

ഈ വീടിന്റെ ഓരോ വളർച്ചയിലും എന്റെ ഇടപെടലുകളും താൽപര്യങ്ങളും പങ്കുചേർന്നിട്ടുണ്ട്. ഓരോ മുറികളും ഇങ്ങനെയായിരിക്കണം, ഇവിടെ ഇന്നതൊക്കെയുണ്ടാകണമെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു.

പഴയ ചിന്താഗതിക്കാരൻ പുതിയ വീട് വച്ചാൽ എങ്ങനെയിരിക്കും, അതാണ് ‘ഓംക’. മോഡേണ്‍ എന്ന വാക്ക് ഞാൻ ഈ വീടിന്റെ നിർമാണത്തിലൊരിടത്തും ഉപയോഗിച്ചിട്ടില്ല. അല്ലെങ്കിൽ തന്നെ ശാശ്വതമായി മോഡേൺ എന്നൊരു സംഗതിയില്ലല്ലോ.

ഒരു ദിവസത്തെ മോഡേൺ, അടുത്ത ദിവസം പഴയതായി. കോൺക്രീറ്റിൽ, പഴയ വീടു പുതുക്കിപ്പണിതാൽ എങ്ങനെയിരിക്കും അതാണ് വീടിന്റെ സ്റ്റൈൽ. രണ്ട് നിലകളിലാണ് വീട്. മുകൾ നിലയിൽ എന്റെ ഒരു മ്യൂസിക് റെക്കോഡിങ് സ്റ്റുഡിയോ കൂടിയുണ്ട്. ഈ വീട്ടിൽ എന്റെ പ്രിയപ്പെട്ട ഇടവും അതാണ്. മ്യൂസിക്കല്ലാതെ മറ്റൊരു എന്റർടെയ്ൻമെന്റുമില്ലാത്ത ആളാണ് ഞാൻ. അങ്ങനെയൊരാൾക്ക് ഇതാകുമല്ലോ പ്രിയപ്പെട്ട ഇടം.

ഞാൻ ആദ്യം പണിഞ്ഞ, 37 വർഷം താമസിച്ച ചെന്നൈയിലെ വീടിനെക്കാൾ രണ്ടു വർഷം മുൻപ് മാത്രം വന്നു കയറിയ ഈ വീട് എന്തുകൊണ്ട് പ്രിയപ്പെട്ടതായി എന്നു ചോദിച്ചാൽ, ചെന്നൈയിലെ വീട് വയ്ക്കുന്ന കാലത്ത് ആഗ്രഹിക്കുന്ന പോലെ ഒന്നുണ്ടാക്കാൻ ഉള്ള സാമ്പത്തിക സൗകര്യം ഉണ്ടായിരുന്നില്ലെന്നതാണ് മറുപടി.

മാത്രമല്ല, ഒരു 26 വയസ്സുകാരന്റെ ചിന്തകളുടെ വലുപ്പമേ അതിനുണ്ടായിരുന്നുമുള്ളൂ. വാടക കൊടുക്കാതെ കഴിയാൻ സ്വന്തമായി വീട് വേണമെന്ന ചിന്തയിലാണ് അതുണ്ടായത്. പിന്നീട് രണ്ടായിരത്തിലാണ് അതൊന്നു പുതുക്കിപ്പണിഞ്ഞതു പോലും.

മറിയയുടെ പ്രിയപ്പെട്ട വീട്

എന്റെയും ഭാര്യ മറിയയുടെയും 37 വർഷത്തെ ജീവിതത്തിന്റെ എല്ലാ ഓർമകളും നിറയുന്ന ചെന്നൈയിലെ വീട് അടുത്തിടെയാണ് ഞങ്ങള്‍ വിറ്റത്. എന്റെ 26 വയസ്സില്‍, കല്യാണം കഴിഞ്ഞ് രണ്ടു മക്കളുമുണ്ടായ ശേഷം, 1982 ൽ ആണ് ചൈന്നൈയിൽ സ്ഥലം വാങ്ങി ‍ഞാൻ ആ വീട് പണിതത്. സാലിഗ്രാമിലെ രാജേന്ദ്രൻ കോളനിയിലായിരുന്നു ആ വീട്. നമ്പർ –11. 2020 മാർച്ച് 13 വരെ, ഞങ്ങൾ അവിടെയായിരുന്നു.

ഞാനും ഭാര്യയും മുൻവാതിലില്‍ ചുംബിച്ച്, വീടിനോട് യാത്ര പറഞ്ഞാണ് മടങ്ങിയത്. ഇനിയൊരിക്കലും ചെന്നൈയിലേക്ക് സ്ഥിരതാമസത്തിന് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നതിനാലാണ് അതു വിറ്റത്. അതിനു മുൻപ് 2019ൽ തന്നെ തൃശൂരിലെ വീട് പണിഞ്ഞിരുന്നു. ചെന്നൈയിൽ താമസിക്കുമ്പോഴും ജോലി ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഞാൻ പലപ്പോഴും കേരളത്തിലായിരുന്നു. അതുകൊണ്ടു തന്നെ ഇങ്ങോട്ടുള്ള മാറ്റം എനിക്കത്ര ഫീൽ ചെയ്യാറില്ല.

പക്ഷേ, ഭാര്യയുടെ കാര്യം അങ്ങനെയല്ലല്ലോ. അത്യാവശ്യങ്ങൾക്കോ ചടങ്ങുകൾക്കോ നാട്ടിലേക്ക് വരും എന്നല്ലാതെ, കഴിഞ്ഞ 37 വർഷത്തിൽ ഏറിയ പങ്കും അവൾ അവിടെയായിരുന്നു.

ആ വീടിന്റെ ഓരോ ഇടവും അവളുടെ ഓർമയിലുണ്ട്. അതിന്റെ ഓരോ മുക്കും മൂലയും സൂക്ഷിച്ച്, സംരക്ഷിച്ച് കൊണ്ടുനടന്നതാണ് അവൾ. ഒരുപക്ഷേ, അവൾക്ക് കൂടുതൽ അടുപ്പം .ചെന്നൈയിലെ വീടിനോടാകാം.