Saturday 03 December 2022 12:30 PM IST : By സ്വന്തം ലേഖകൻ

‘അദ്ദേഹം ശരിക്കും സാഡിസ്റ്റ്... എനിക്ക് കരയാനേ നേരമുണ്ടായിരുന്നുള്ളൂ’: സഹികെട്ട് വേർപിരിയൽ: വൈക്കം വിജയലക്ഷ്മി പറയുന്നു

vaikom-vijaya-lakshmi-111

മലയാള സിനിമയിൽ മാറ്റത്തിന്റെ കാറ്റായി പാട്ടും മൂളി വന്ന വൈക്കം വിജയലക്ഷ്മി ഇന്ന് തെന്നിന്ത്യയിലെ ഗായകനിരയിലെ മുൻനിരക്കാരിയാണ്. വേറിട്ട ശൈലിയും ആലാപനത്തിലെ വ്യത്യസ്തതയും ചുരുങ്ങിയ കാലത്തിനിടെ വിജയലക്ഷ്മിയെ നമ്മുടെ പ്രിയപ്പെട്ട ഗായകരിലൊരാളാക്കി.

ഇപ്പോൾ വിജയലക്ഷ്മിയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത് ഈയടുത്തിടെയാണ്. വിവാഹമോചനം എന്ന തീരുമാനം താനും അനൂപും ഒന്നിച്ചെടുത്തതാണെന്ന് വിജയലക്ഷ്മി അന്ന് ‘വനിത ഓൺലൈനോട്’ സംസാരിക്കവേ പറഞ്ഞു. ഇപ്പോഴിതാ ജീവിതത്തിൽ താൻ നേരിട്ട വേദനകളേയും പ്രതിസന്ധികളേയും കുറിച്ച് തുറന്നു പറയുകയാണ് വൈക്കം വിജയലക്ഷ്മി. നടി ഗൗതമി അവതാരകയായെത്തിയ ഒരു തമിഴ് ഷോയിലാണ് വിജയലക്ഷ്മിയുടെ തുറന്നു പറച്ചിൽ.

‘ഏറെ പ്രതീക്ഷയോടെയാണ് പുതുജീവിതത്തിലേക്ക് കടന്നത്. ജീവിതത്തോടൊപ്പം സംഗീതത്തെയും മുറുകെപ്പിടിക്കാനാകുമെന്ന് കരുതി. എന്നാൽ എന്നിലെ സംഗീതത്തെ ഭർത്താവ് നിരുത്സാഹപ്പെടുത്തുകയായിരുന്നു. എപ്പോഴും നെഗറ്റീവ് പറഞ്ഞു കൊണ്ടേയിരിക്കും. ശരിക്കും ഒരു സാഡിസ്റ്റാണ് അദ്ദേഹം.’– വിജയലക്ഷ്മി പറയുന്നു.

‘എപ്പോഴും കരയാനേ നേരമുണ്ടായിരുന്നുള്ളൂ. എന്റെ സാഹചര്യവും അവസ്ഥയും അറിഞ്ഞല്ലേ വിവാഹം കഴിച്ചതെന്ന് ഞാൻ പലപ്പോഴും ചോദിച്ചിട്ടുണ്ട്. സഹികെട്ട് ഞാനാണ് വേർപിരിയാമെന്ന തീരുമാനം എടുത്തത്. ഇത്രയൊക്കെ സഹിച്ച് ജീവിക്കേണ്ട ആവശ്യം എനിക്കില്ലായിരുന്നു. സംഗീതമാണ് എനിക്ക് സന്തോഷം. അതില്ലാതെ വന്നാൽ, ഞാനെങ്ങനെയാണ് മുന്നോട്ടു പോകുന്നത്.’– വിജയലക്ഷ്മിയുടെ വാക്കുകൾ.

സിനിമാ ഉലകം എന്ന യൂട്യൂബ് ചാനലിലാണ് തന്റെ ജീവിതത്തെക്കുറിച്ചുള്ള തുറന്നു പറച്ചിൽ വൈക്കം വിജയലക്ഷ്മി നടത്തിയത്.

Courtesy: CineUlagam Youtube Channel