Tuesday 10 January 2023 11:38 AM IST

‘ദാ ഇവൾക്കു വേണ്ടിയാണ് തന്നെ ഞാൻ കൊണ്ടുവന്നത്...’ ആ വാക്ക് സത്യമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല

Roopa Thayabji

Sub Editor

yesudas-cover-pic

കാലത്തിനു നിറം കെടുത്താനാവാത്ത ശബ്ദ സൗകുമാര്യം മലയാളത്തിനു നൽകിയ ഗാനഗന്ധര്‍വ്വന് ഇന്ന് 83ാം പിറന്നാള്‍. മലയാളികളുടെ സ്വകാര്യ അഹങ്കാരവും ഭാഗ്യവുമായ യേശുദാസിനെക്കുറിച്ച് ഭാര്യ പ്രഭ യേശുദാസ് മുൻപ് വനിതയ്ക്കു നൽകിയ അഭിമുഖം.

––––––

‘നിൻ ചിരിയിലലിയുന്നെൻ ജീവരാഗം...’ എന്നു ഗാനഗന്ധർവൻ പാടിയത് ഈ മുഖമോർത്താണെന്നു തോന്നും പ്രഭ യേശുദാസിനെ കണ്ടാൽ. മുഖം നിറഞ്ഞ ആ ചിരി നമ്മളെ വല്ലാതെ ചേർത്തുനിർത്തും. ചെന്നൈയിലെ വീട്ടിൽ വച്ച് സംസാരിക്കാനിരിക്കുമ്പോൾ ഒന്നുചിരിച്ച് ഒരു സന്തോഷം കൂടി പ്രഭ യേശുദാസ് പങ്കുവച്ചു, ‘ഇന്ന് ഞങ്ങളുടെ നാൽപ്പത്തേഴാം വിവാഹവാർഷികമാണ്. 1970 ഫെബ്രുവരി ഒന്നാം തീയതി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വലതുകാൽ വച്ച് കയറുമ്പോൾ ആ പാട്ടുകളോടുള്ള ആരാധനയായിരുന്നു മനസ്സിൽ. ഇന്ന്, കുന്നോളം പാട്ടുകളും അതിലേറെ സ്നേഹവുമായി അദ്ദേഹം കൂടെയിരിക്കുമ്പോഴും ആ ആരാധനയ്ക്ക് കുറവൊന്നുമില്ല. എന്റെ പ്രാണനിലുണർന്ന ഗാനമല്ലേ അദ്ദേഹം. കൊച്ചുമക്കളായ അമേയയും അവ്യാനുമാണ് ഇപ്പോഴത്തെ വലിയ സന്തോഷം.’ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനൊപ്പമുള്ള സംഗീതസാന്ദ്രമായ ജീവിതത്തെക്കുറിച്ച് പ്രഭ യേശുദാസ് എഴുതുന്ന സ്നേഹക്കുറിപ്പ്.

‘‘അറുപതുകളാണ് കാലം. ഇന്നു കാണുന്ന പകിട്ടൊന്നുമില്ലാത്ത തിരുവനന്തപുരം നഗരം. ടെലിവിഷൻ ഉത്തരേന്ത്യയിലെങ്ങോ വന്നിട്ടേയുള്ളൂ. റേഡിയോയാണ് പാട്ടുകേൾക്കാനും വാർത്തയറിയാനുമുള്ള ഉപാധി. ശകുന്തളയിലെയും ഭാര്യയിലെയും നിത്യകന്യകയിലേയുമൊക്കെ പാട്ടുകളുമായി ദാസേട്ടൻ ഹിറ്റായി നിൽക്കുന്ന കാലം. ഹോളി ഏയ്ഞ്ചൽസ് കോൺവെന്റിൽ എട്ടാം ക്ലാസിൽ പഠിക്കുകയാണ് ഞാനന്ന്. ഒരു ദിവസം ഉച്ച കഴിഞ്ഞ പീരിയഡിൽ അൽപം ഉറക്കം തൂങ്ങിയിരിക്കുമ്പോൾ അടുത്ത വീട്ടിലെ റേഡിയോയിൽ നിന്ന് ‘ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ...’ എന്ന ഗാനം ഒഴുകിവരുന്നു. ഞാൻ ചെവി വട്ടം പിടിച്ചു. ‘പ്രഭ ഇവിടെയില്ലേ... എന്താണ് ആലോചിക്കുന്നത്...’ സിസ്റ്ററിന്റെ ശകാരം കേട്ടാണ് ഉണർന്നത്. വഴക്കു കേട്ടെങ്കിലും ആ പാട്ടിലെ വരികൾ അന്നുതന്നെ കാണാപ്പാഠം പഠിച്ചു. അമ്മയുടെ അച്ഛൻ നന്നായി ഹാർമോണിയം വായിക്കുമായിരുന്നു. എന്നെക്കൊണ്ട് ആറേഴ് വയസ്സുള്ളപ്പോൾ മുതൽ അപ്പച്ചൻ പാട്ട് പാടിക്കും. ‘ഭാര്യ’യിലെ ‘ദയാപരനായ കർത്താവേ...’ ഒക്കെ അന്നേ ഞാൻ പാടിപ്പഠിച്ചിരുന്നു. കുറച്ചുകാലം ശാസ്ത്രീയമായി പാട്ട് പഠിച്ചു. വീണ കീർത്തനം വരെയൊക്കെ പഠിച്ചെങ്കിലും പിന്നീട് വിട്ടു. ഞാൻ ‘വീണ വീണാ പഠിച്ചു...’ എന്നു പറഞ്ഞ് ഇപ്പോഴും ദാസേട്ടൻ കളിയാക്കും. ‘വീണാ’ എന്ന തമിഴ് വാക്കിന്റെ അർഥം ‘വെറുതേ’ എന്നാണ്.

താമസമെന്തേ വരുവാൻ... ആ കാലത്ത് ദാസേട്ടന്റെ മിക്ക ഗാനമേളകളും ഞങ്ങൾ കാണാൻ പോകുമായിരുന്നു. എന്റെ അച്ഛന് നാട്ടിൽ എസ്റ്റേറ്റ് ഉണ്ട്. നാട്ടിൽ എന്തു പരിപാടി നടന്നാലും കമ്മിറ്റിക്കാർ അച്ഛനെക്കൊണ്ട് ടിക്കറ്റെടുപ്പിക്കും. പരിപാടി കാണാൻ പോകുന്നത് ഞങ്ങൾ അമ്മയും മക്കളും കൂടിയാണ്. 1966ലാണ് ഒരു ഗാനമേളയ്ക്ക് തിരുവനന്തപുരത്ത് വരുമ്പോൾ ദാസേട്ടനെ ആദ്യമായി നേരിട്ടുകാണുന്നത്. കണ്ണുനീർ മുത്തുമായ് കാണാനെത്തിയ, സ്വർണത്താമരയിതളിലുറങ്ങും, കരയുന്നോ പുഴ ചിരിക്കുന്നോ ഒക്കെയാണ് അന്ന് ദാസേട്ടൻ സ്റ്റേജിൽ പാടിയിരുന്നത്. ഒരിക്കൽ ഞങ്ങളുടെ പള്ളിയിലെ പരിപാടിക്ക് ദാസേട്ടന്റെ ഗാനമേള വന്നു. പാട്ടുകാർ സ്റ്റേജിൽ നിന്ന് പാടുമ്പോൾ സദസ്സിൽ നിന്ന് തുണ്ടുകടലാസിൽ അവർക്കുവേണ്ട പാട്ടുകൾ എഴുതി നൽകാറില്ലേ. ആരൊക്കെയോ ചില പാട്ടുകളുടെ വരികൾ ദാസേട്ടന്റെ കൈയിലും എഴുതി കൊടുക്കുന്നുണ്ട്. ചിലതെടുത്ത് അദ്ദേഹം പാടുന്നു. കൂട്ടത്തിലെ ഒരു വിരുതൻ പാട്ടിന്റെ വരി എഴുതിക്കൊടുത്തത് അഞ്ചുരൂപാ നോട്ടിലാണ്. ‘പഞ്ചവർണ തത്ത പോലെ...’ നോട്ടു കണ്ട് ദാസേട്ടൻ പാടിത്തുടങ്ങി. പക്ഷേ, അടുത്ത വരി ഇങ്ങനെയായിരുന്നു, ‘അഞ്ചുരൂപാ നോട്ടു കണ്ടെൻ നെഞ്ചു തളരണ് പൊന്നേ...’ നോട്ടിൽ പാട്ടെഴുതി നൽകിയ വിരുതിനെ പ്രശംസിച്ചാണ് അദ്ദേഹം അങ്ങനെ പാടിയത്. ആ പാട്ട് കേട്ടപ്പോൾ പാട്ടിനൊപ്പം പാട്ടുകാരനും എന്റെ മനസ്സിലേക്ക് കയറിക്കൂടി. ദാസേട്ടനോട് നേരിട്ടൊന്നു മിണ്ടണമെന്നും പരിചയപ്പെടണമെന്നുമായി മോഹം.

മാണിക്യവീണയുമായെൻ മനസ്സിന്റെ... എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു നിമിത്തം സംഭവിക്കുന്നത് അങ്ങനെയാണ്. എന്റെ അങ്കിൾ വി.കെ. മാത്യൂസ് (കുഞ്ഞൂഞ്ഞ്) അന്ന് ചെന്നൈയിലാണ്. ദാസേട്ടനുമായി അങ്കിളിന് നല്ല പരിചയമായിരുന്നു. തിരുവനന്തപുരത്ത് പ്രോഗ്രാമിനു വരുമ്പോൾ ദാസേട്ടനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരണമെന്ന് ഞാൻ അങ്കിളിനെ നിർബന്ധിക്കാൻ തുടങ്ങി. എന്റെ പത്താംക്ലാസ് പരീക്ഷയുടെ റിസൽറ്റ് വന്ന സമയം. ഒരു പരിപാടിക്ക് ദാസേട്ടൻ തിരുവനന്തപുരത്ത് വന്നെങ്കിലും തിരക്കായതിനാൽ വീട്ടിലേക്ക് വന്നില്ല. അടുത്തതവണ തീർച്ചയായും കൊണ്ടുവരാമെന്ന് അങ്കിൾ വാക്കുതന്നു. പറഞ്ഞതു പോലെ തന്നെ അടുത്ത പരിപാടിക്ക് വന്നപ്പോൾ അങ്കിളിന്റെ കൂടെ ദാസേട്ടനും വന്നു. കാറിൽ നിന്നിറങ്ങി വന്ന ദാസേട്ടനോട് ഉമ്മറത്തു നിന്ന എന്നെ കണ്ടിട്ട് അങ്കിൾ പറഞ്ഞത് ഇങ്ങനെയാണ്, ‘ദാ ഇവൾക്കു വേണ്ടിയാണ് തന്നെ ഞാൻ കൊണ്ടുവന്നത്...’ ആ വാക്ക് സത്യമാകുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അത് ഒരു നിമിത്തമായിരുന്നെന്നു തോന്നുന്നു, ദാസേട്ടൻ എന്റെ സ്വന്തമായി. പരസ്പരം സംസാരിച്ചുവെങ്കിലും അന്ന് പ്രണയമൊന്നുമില്ലായിരുന്നു.

സുഹൃത്തുക്കളായതോടെ പിന്നീട് ദാസേട്ടന്റെ അമ്മയും പെങ്ങളുമൊക്കെ വീട്ടിൽ വന്നു. വീട്ടിൽ വിവാഹാലോചനയുമായി എത്തും മുമ്പ് തന്നെ എന്റെ ഉറപ്പ് അദ്ദേഹം വാങ്ങിയിരുന്നു. ‘മീൻ പിടിക്കാൻ പോകുന്നവരെ പോലെയാണ് എന്റെ കാര്യവും. ചിലപ്പോൾ കാശുണ്ടാകും, ചിലപ്പോൾ പട്ടിണി. സമ്മതമാണെങ്കിൽ മാത്രം മതി,’ എന്നാണ് ദാസേട്ടൻ പറഞ്ഞത്. ഈ വാക്കുകൾ കേട്ടപ്പോൾ ദാസേട്ടൻ പാടിയ ഒരു പാട്ടുതന്നെയാണ് എനിക്ക് ഓർമ വന്നത്, ‘‘പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ...’ വിവാഹത്തിന് എനിക്ക് നൂറുവട്ടം സമ്മതമായിരുന്നു. അച്ഛനോട് പെണ്ണു ചോദിക്കുമ്പോൾ ദാസേട്ടൻ പ്രത്യേകം പറഞ്ഞു, ‘എസ്റ്റേറ്റും പണവും കണ്ടിട്ടല്ല പ്രഭയെ ഇഷ്ടപ്പെട്ടത്. അവളെ മാത്രം തന്നാൽ മതി’ എന്ന്. വീട്ടിൽ ചില്ലറ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ അങ്ങനെ നിന്നെങ്കിലും 1970 ഫെബ്രുവരി ഒന്നിന് ഫോർട്ടുകൊച്ചിയിലെ ദാസേട്ടന്റെ വീടിനടുത്തുള്ള കോട്ടപ്പള്ളി ചർച്ചിൽ വച്ച് അദ്ദേഹം എന്റെ കഴുത്തിൽ മിന്നുകെട്ടി.

ദാസേട്ടന്റെ വീട്ടിൽ അമ്മച്ചിയും അദ്ദേഹത്തിന്റെ അനിയൻമാരും പെങ്ങളുമാണ് ഉള്ളത്. മൂത്ത അനിയൻ ആന്റണിക്ക് മർച്ചന്റ് നേവിയിലായിരുന്നു ജോലി. ബാക്കിയുള്ള മണിയും ജസ്റ്റിനും ജയമ്മയും അവിടെ തന്നെയുണ്ടായിരുന്നു. ഞാനും ജയമ്മയും നേരത്തേ തന്നെ നല്ല കൂട്ടാണ്, ഏതാണ്ട് സമപ്രായക്കാരുമായിരുന്നു ഞങ്ങൾ. അമ്മച്ചി പാവമാണ്, സൂപ്പർ കുക്കും. വിവാഹം കഴിഞ്ഞ് ഞങ്ങൾ ചെന്നതോടെ ഓരോ പുതിയ ഐറ്റമുണ്ടാക്കി അമ്മച്ചി സ്നേഹത്തോടെ നിർബന്ധിച്ച് കഴിപ്പിക്കും. അമ്മച്ചി വച്ച മീൻ കറി കഴിച്ചതിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. പുതിയ വിഭവങ്ങളൊക്കെ കണ്ടുപിടിച്ച് ഉണ്ടാക്കാനും അമ്മച്ചി മിടുക്കിയായിരുന്നു. ദാസേട്ടന് ആര് എന്തുണ്ടാക്കി കൊടുത്താലും പിടിക്കാത്തതിനു കാരണം അമ്മച്ചിയാണെന്ന് ആദ്യമൊക്കെ ഞാൻ ചൊടിപ്പിക്കാൻ പറയുമായിരുന്നു. അങ്ങനെ ചിട്ടകളൊന്നുമില്ലാത്തയാളായിരുന്നു ദാസേട്ടൻ. രാത്രി റെക്കോഡിങ്ങോ ഗാനമേളയോ കഴിഞ്ഞ് വന്നു കിടന്നാൽ ഉറങ്ങിത്തീർത്തിട്ടേ എഴുന്നേൽക്കൂ.

prabha-y-2

ഏഴു സ്വരങ്ങളും...

പാട്ടു പാടിക്കഴിഞ്ഞാൽ അതിന്റെ ടേപ്പ് സ്റ്റുഡിയോയിൽ തന്നെ വച്ചിട്ടു വരുന്ന ശീലമാണ് ദാസേട്ടന്. പക്ഷേ, ചില പാട്ടുകൾ പാടിക്കഴിഞ്ഞാൽ വലിയ സന്തോഷമായിരിക്കും അദ്ദേഹത്തിന്. അപ്പോൾ പാടിയ ആ പാട്ടിന്റെ ടേപ്പ് എടുത്തുകൊണ്ടു വരും, എന്നെ കേൾപ്പിക്കാൻ. ‘ഏഴുസ്വരങ്ങളും’ ‘ഹരി മുരളീരവ’മൊക്കെ അങ്ങനെ കേട്ട എണ്ണമറ്റ പാട്ടുകളിൽ ചിലതാണ്. റിക്കോർഡിങ്ങിന്റെ ചില രസങ്ങളൊക്കെയുണ്ട്. അമേരിക്കയിൽ ഞങ്ങൾ താമസിച്ചി രുന്ന ഫ്ലാറ്റിൽ കൺസോളൊക്കെ സെറ്റ് ചെയ്തിരുന്നു. ര ജനീകാന്തിന്റെ ‘തങ്കമകനിൻറ്ര്...’ എന്ന പാട്ടും ‘മഞ്ഞക്കി ളിയുടെ മൂളിപ്പാട്ടുണ്ടേ...’യുമൊക്കെ അവിടെ വച്ചാണ് റിക്കോർഡ് ചെയ്യുന്നത്. ആ സമയത്ത് ഞാനാണ് റിക്കോ ർഡിങ് കൺസോളിലിരുന്നത്. ദാസേട്ടൻ ഏത് പാട്ട് എപ്പോൾ പാടിയാലും ഡെഡിക്കേറ്റഡ് ആയേ പാടൂ. നന്നാ യി രസിച്ചാണ് അന്നും പാടിയത്.

സ്വപ്നങ്ങൾ... സ്വപ്നങ്ങളേ...

മക്കളൊക്കെ കുട്ടികളായിരിക്കുന്ന സമയം. വിജുവിന് എട്ടോ ഒമ്പതോ വയസ്സ്. കൂട്ടികളുടെ വീട്ടിലെ പ്രധാന വിനോദം കച്ചേരി പോലെ ഇരുന്ന് പാടുന്നതാണ്. വിജയ് ആണ് വായ്പ്പാട്ട്, വിനു വയലിൻ വായിക്കും. അഞ്ചുവയസ്സ് കഷ്ടിയുള്ള വിശാലാണ് മൃദംഗം വായിക്കുക. ‘ഹരിവരാസനം... വിശ്വമോഹനം...’ വിജുവിന്റെ പാട്ടിന് സഹോദരങ്ങളുടെ പശ്ചാത്തല സംഗീതം. ഹരിവരാസനം പാടിക്കഴിഞ്ഞ് വിജു അടുത്ത കീർത്തനത്തിലേക്ക് കടന്നു, ‘യോഗീന്ദ്രാണം..’ ശ്ലോകം പാടിത്തുടങ്ങിയ വിജു പശ്ചാത്തലത്തിൽ മൃദംഗവായന കേൾക്കാത്തതുകൊണ്ട് ഒന്നു തിരിഞ്ഞുനോക്കി. ഈ ശ്ലോകത്തിന് മൃദംഗം വേണ്ട, വിശാൽ കൈ കൊണ്ട് ആംഗ്യം കാണിച്ചു. അതെ, യോഗീന്ദ്രാണം ശ്ലോകത്തിന് പശ്ചാത്തലത്തിൽ മൃദംഗമില്ല. മക്കൾ മൂന്നുപേരും ചെറുപ്രായം മുതലേ മൃദംഗവും വയലിനും വീണയും പിയാനോയുമൊക്കെ പഠിച്ചിരുന്നു. പക്ഷേ, വിജയ് ആണ് പിയാനോ പിന്നീട് പ്രത്യേകമായി പഠിച്ചത്.