സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗത്തിൽ പ്രിയപ്പെട്ടവർ ആദരാഞ്ജലികളുമായെത്തുകയാണ്. തൃശൂരിലായിരുന്നു ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ (65) അന്ത്യം. ഗോപി തന്നെയാണ് അമ്മയുടെ വിയോഗവാർത്ത ഔദ്യോഗികമായി അറിയിച്ചത്.
ഇപ്പോഴിതാ ലിവി സുരേഷിന്റെ മരണത്തിൽ ഗോപി സുന്ദറിന് ആശ്വാസവാക്കുകളുമായി മുൻപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയി എത്തുകയാണ്. ഈ വലിയ സങ്കടം മറികടക്കാൻ ഗോപിക്ക് സാധിക്കട്ടെയെന്നും വഴികാട്ടിയായി അമ്മ എന്നും കൂടെയുണ്ടായിരിക്കുമെന്നും അഭയ പ്രതികരിച്ചു.
‘നിങ്ങളുടെ സംഗീതത്തിന്റെ നാൾവഴികൾ എനിക്കറിയാം. അമ്മയിലൂടെ കേട്ട റേഡിയോയിലെ എണ്ണമറ്റ തമിഴ് ഗാനങ്ങളിൽ തുടങ്ങിയതാണ് ആ യാത്ര. ഇനിയുള്ള കാലമത്രയും അമ്മ നിങ്ങളുടെ വഴികാട്ടിയായി ഒപ്പമുണ്ടായിരിക്കട്ടെ. ഏട്ടാ, ഈ വേദന മറികടക്കാനുള്ള ഊർജം പ്രപഞ്ചം നൽകും. അമ്മയിലൂടെ തന്നെ ഏട്ടന്റെ മുറിവ് സുഖമാക്കപ്പെടട്ടെ’, അഭയ ഹിരൺമയി കുറിച്ചു.
വ്യാഴം വൈകിട്ട് 3 മണിക്ക് വടൂക്കര ശ്മശാനത്തിലാണ് ലിവിയുടെ സംസ്കാര ചടങ്ങുകൾ.