Thursday 30 November 2023 12:23 PM IST : By സ്വന്തം ലേഖകൻ

‘താങ്കളുടെ മാന്യതയ്ക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല’: വിമർശകർക്ക് തക്ക മറുപടിയുമായി അഭയ ഹിരൺമയി

abhaya

വസ്ത്രധാരണത്തെച്ചൊല്ലി വിമർശിച്ചവർക്ക് തക്ക മറുപടിയുമായി ഗായിക അഭയ ഹിരൺമയി. വേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ അഭയ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചതിനു പിന്നാലെയാണ് വസ്ത്രധാരണം ചൂണ്ടി ചിലർ വിമർശനവുമായി എത്തിയത്. കുഞ്ഞുടുപ്പിടുന്ന കുഞ്ഞുങ്ങളെ പോലും ശാരീരികമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് ഇതിനുള്ള മറുപടിയായി താരം കുറിച്ചത്.

ജാനകിയമ്മയും ചിത്ര ചേച്ചിയും റിമി ടോമിയുമെല്ലാം മന്യമായ വേഷം ധരിച്ചാണ് സംഗീതപരിപാടികൾ അവതരിപ്പിച്ചിട്ടുള്ളതെന്നും വില കുറഞ്ഞ വസ്ത്രം ധരിച്ച് മാന്യത കാണിക്കരുതെന്നും പൊതുമധ്യത്തിൽ അൽപ വസ്ത്രം ധരിച്ച് നഗ്നത കാണിക്കുന്നത് മാനസിക രോഗമാണെന്നുമൊക്കെയാണ് വിമർശകർ കുറിച്ചത്. ഇതിന്, ‘താങ്കളുടെ മാന്യതക്ക് അനുസരിച്ചുള്ള ഡ്രസ്സ് ഇടാൻ എനിക്ക് സൗകര്യമില്ല. ജാനകിയമ്മയുടെയും ചിത്രാമ്മയുടെയുമൊക്കെ മൂല്യം നിങ്ങൾ ഡ്രെസ്സിലാണല്ലോ കണ്ടത് ? എന്റെ ഡ്രെസ്സിനു വിലക്കുറവാണെന്ന് ആര് പറഞ്ഞു ? നല്ല വിലയുള്ള ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നത്’ എന്നായിരുന്നു വിമർശകരുടെ വായടപ്പിക്കും വിധം അഭയയുടെ മറുപടി.

അഭയ്ക്ക് പിന്തുണയുമായി നിരവധിയാളുകളാണ് എത്തുന്നത്.