Wednesday 22 July 2020 03:23 PM IST

മലയാളം റാപിൽ നിന്നും കോവിഡ് അവബോധം! ബഹ്റിനിൽ നിന്നും എലൈവുമായി ഒരുകൂട്ടം ചെറുപ്പക്കാർ

Shyama

Sub Editor

alive

‘‘ഞങ്ങള്‍ കടന്നു പോയൊരു പേടിപ്പിക്കുന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ നമ്മുടെ നാടും കടന്നു പോകുന്നത്. ദിനംപ്രതി കേസുകളുടെ എണ്ണം കൂടിക്കൂടി വരുന്നു. നേരത്തെ നാട്ടിൽ നിന്ന് ഇങ്ങോട്ട് വിളിക്കുമ്പോഴുള്ള ഭയമാണ് ഇപ്പോൾ ഇവിടുന്ന് നാട്ടിലേക്ക് വിളിക്കുമ്പോൾ... വളരെ വലിയൊരു ആശ്വാസത്തിൽ നിന്നിട്ട് അങ്കലാപ്പിലേക്ക് പോകുന്ന അവസ്ഥ.’’ എലൈവ് എന്ന മലയാളം റാപ് മ്യൂസിക്കൽ ആൽബത്തിന്റെ പിറവിയെ കുറിച്ച് പറയുകയാണ് ദീപക് സോനു.

‘ടീം ബഡ്ഡിസ്’ എന്ന ഞങ്ങള്‍ സുഹൃത്തുകളുടെ ഗ്രൂപ് ഉണ്ട്. ഇങ്ങനൊരു സമയത്ത് നമുക്കെന്ത് ചെയ്യാൻ പറ്റും എന്നോർത്തപ്പോഴാണ് നമുക്കെല്ലാവർക്കും വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കാൻ ഒരു പാട്ട് ചെയ്യാം എന്നൊരാലോചന വന്നത്.... ദീപക്കാണ് വൈറലായ ‘എലൈവ്’ എന്ന ആൽബത്തിൽ പാടിയതും അതിന് സംഗീതം നൽകിയതും. ദീപക്കിനെ കൂടാതെ മിഥുൻ മോഹൻ, അതുൽ കെ.എം., പ്രിയങ്ക ശരവണൻ, അച്ചു അരുൺരാജ്, അരുൺ റെജി എന്നിവരും ആൽബത്തിലഭിനയിച്ചിരിക്കുന്നു.

ജൂൺ ഒന്നാം തീയതിയാണ് ഷൂട്ട് തുടങ്ങുന്നത്. വെള്ളിയും ശനിയും അവധി കിട്ടുന്നതനുസരിച്ചായിരുന്നു ഷൂട്ട്. ഒന്നരമാസമെടുത്തു തീർക്കാൻ. ഇവിടെ തന്നെ പല കമ്പനികളിലായിട്ടാണ് ഞങ്ങൾ ജോലി ചെയ്യുന്നത്. ഇതിനു മുൻപും ചെറിയ ആൽബം ഷോട്ട്ഫിലിം ഒക്കെ ചെയ്തിട്ടുണ്ട്. ബഹ്റൈൻ ഒരു ചെറിയ രാജ്യമായതു കൊണ്ട് തന്നെ ഞങ്ങൾ ഒട്ടുമിക്ക പരിപാടികൾക്കും പങ്കെടുക്കാറുമുണ്ട്.

alive1

വീഡിയോ ബഹ്റൈനിൽ തന്നെയാണ് ഒട്ടുമുക്കാലും ഷൂട്ട് ചെയ്തിരിക്കുന്നത്. പിന്നെ ഷാനു എന്നൊരു സുഹൃത്ത് കേരളത്തിലെ കുറച്ച് ഷോട്ട്സ് എടുത്ത് അയച്ചു തന്നു. ‘നിർഭയ’ എന്നൊരു വീഡിയോയിൽ നിന്നും പോലിസിന്റെ ഷോട്ട് ഒക്കെ എടുത്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് റിലീസ് ചെയ്തത്. കലാഭവൻ ഷാജോൺ, കോട്ടയം നസീർ, സിദ്ധാർത്ഥ് മേനോൻ, ഇർഷാദ് അലി, അനശ്വര പൊന്നമ്പത്ത് തുടങ്ങിയ താരങ്ങളുടെ എഫ്ബി പെയ്ജിലൂടെയും ബഹ്റൈൻ കേരളിയ സമാജം എന്ന പെയ്ജിലൂടെയും ഒക്കെയാണ് റിലീസ് ചെയ്തത്. ഇപ്പോൾ തന്നെ നിറയെപ്പേർ കേട്ടു ലൈക്ക് ചെയ്തു നിറയെ ആളുകൾ ഷെയറും ചെയ്യുന്നു. വീഡിയോ ഹിറ്റ് ആയതിലും സന്തോഷം ഇത്ര വലിയൊരു സന്ദേശം ഇത്രയധികം ആളുകളിലേക്ക് എത്തിക്കാൻ പറ്റി എന്നതാണ്. ഇവിടുത്തെ മലയാളി ഡോക്ടർമാരേയും നഴ്സുമാരേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. വീഡിയോയിൽ കാണിക്കുന്നത് ശരിക്ക് നഴ്സുമാർ തന്നയാണ്. ജോലിത്തിരക്കിനിടയിൽ ഇത്തിരി സമയം കണ്ടെത്തി വന്നതാണവർ....

ടീം ബഡ്ഡീസ് ബഹ്റൈനും കോക്ടെയിൽ എന്റർടെയ്ൻമെന്റുമാണ് ആൽബം പുറത്തിറക്കിയിരിക്കുന്നത്. പി.പി. വഹീദ് കുനിങ്ങാടിന്റേതാണ് വരികൾ. നിർമാതാവ് നവീൻ മോഹൻ. സുജിത് ശശിധരനാണ് ദൃഷ്യാവിഷ്കാരം നടത്തിയത്. ഐഫോണിൽ ഷൂട്ട് ചെയ്ത വീഡിയോ എഡിറ്റ് ചെയ്തത് ഫഹദ് അസബ്. ഓറിയൻസ് ബഹ്റൈന്റേതാണ് അതിമനോഹരമായ കോറിയോഗ്രാഫി.