Friday 31 July 2020 04:47 PM IST : By ശ്യാമ

വെറുമൊരു പാഴ്മുളം തണ്ടിൽ നിന്ന് ശുദ്ധ സംഗീതം; ലോകത്തിലെ ആദ്യ ബാംബൂ ബാന്റായി ‘വയലി’

vayali221

‘വെറുമൊരു പാഴ്മുളം തണ്ട്’ എന്നൊക്കെ നമ്മിൽ പലരും മുളയെ പറ്റി പലപ്പോഴും വായിച്ചും പറഞ്ഞും കാണണം... എന്നാൽ കാലം കുതിച്ചു പായുന്ന വേഗത്തിൽ ഒപ്പത്തിനൊപ്പം കോലം മാറിയ മുളയിന്ന് തലയെടുപ്പോടെ നിൽക്കുന്നു. മുള കസേരയായും, പുട്ടുകുഴലായും, തിണ്ണയായും തൂണായും വസ്ത്രമായും ഒക്കെ മുള വീരഗാഥകൾ തുടരുമ്പോഴാണ് സർവ്വം മുളമയമായൊരു ബാംബൂ ഓർക്കെസ്ട്ര തന്നെ ‘വയലി’ നമുക്ക് മുന്നിലേക്കെത്തിക്കുന്നത്. 

vayali222

‘‘വയലി എന്ന ഫോക്‌ലോർ സംഘടനയുടെ ഉപവിഭാഗമായ ബാന്റാണ് ഉത്. 2010ലൊക്കെയാണ് ഞങ്ങൾക്കിങ്ങനെയൊരു ആശയം തോന്നുന്നത്. മുളകൊണ്ടുള്ള സംഗീതോപകരണങ്ങൾ മാത്രമാണ് ഞങ്ങൾ ഉപയോഗിക്കുന്നത്.’’ വയലിയുടെ ഡിറക്ടർ വിനോദ് പറയുന്നു. ‘‘ജപ്പാനിലെയൊരു ബാംബൂ ഓർക്കെസ്ട്ര കണ്ടിട്ടാണ് ഇങ്ങനൊരു ആശയം വരുന്നത്. 2006ൽ അവർ കുറച്ച് ദിവസം തൃശ്ശൂർ വന്ന് താമസിച്ചിരുന്നു. അവരുമായുള്ള ആശയവിനിമയത്തിനു ശേഷമാണ് ഇതിനെ പറ്റി കൂടുതൽ ചിന്തിക്കുന്നത്. പിന്നീട് 2007ൽ ഞങ്ങൾ ജപ്പാൻ സന്ദർശിച്ചിരുന്നു. അവിടെ ഞങ്ങൾ താമസിച്ചത് ജപ്പാനിലെ ബാംബൂ സംഗീതോപകരണങ്ങൾ ഉൾപ്പെടുത്തി സംഗീതം ചെയ്യുന്നൊരു ബാന്റിനൊപ്പമാണ്. ഞങ്ങളുടെ കൂട്ടത്തിലുള്ളവരൊക്കെ സംഗീതത്തിൽ പുത്തന്‍ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടമുള്ള ആളുകളാണ്. 

vayalughurhguet

കേരളത്തിൽ പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ മുള കൊണ്ടുള്ള ധാരാളം സംഗീതോപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിൽ തന്നെ പല വിഭാഗങ്ങൾ അവരുടെ പ്രത്യേക ചടങ്ങുകൾ വരുമ്പോൾ മാത്രം ചില പ്രത്യേക സംഗീതോപകരണങ്ങൾ വായിക്കും.  ഇതൊക്കെ ചേർത്ത് വച്ച് ഒരു സിംഫണി ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ശ്രമം. അതിന്റെ പരീക്ഷണങ്ങൾ നടത്താൻ തന്നെ നല്ല സമയമെടുത്തു. പല ഉപകരണങ്ങളും നമ്മൾ അതുവരെ കേൾക്കാത്ത തരം ശബ്ദങ്ങൾ ഉണ്ടാക്കിയിരുന്നു, പലതും ട്യൂൺഡ് ആയിരുന്നില്ല.. അതൊക്കെ ഒരുമിച്ചിണക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങളുടെ ആശയങ്ങൾക്കനുസരിച്ച് നാട്ടിലെയും അന്താരാഷ്ട്രതലത്തിലേയും സംഗീതജ്ഞരുമായൊക്കെ ചർച്ച ചെയ്ത് പുതിയ പതിനഞ്ചോളം ഉപകരണങ്ങൾ സ്വന്തമായി നിർമിച്ചെടുത്തു. 

vayali224

ഞങ്ങൾ പലതരം പാട്ടുകൾ ചെയ്യുന്നുണ്ട് നാടൻ പാട്ടുകൾ, ശാസ്ത്രീയ സംഗീതം, സിനിമാപ്പാട്ടുകൾ അങ്ങനെ... പുല്ലാംങ്കുഴലാകും മിക്കവാറും. ലീഡ് ചെയ്യുക. ഭാഷ പ്രശ്നമല്ലാത്തതുകൊണ്ട് കൂടുതലും പരിപാടികളും കേരളത്തിനു പുറത്താണ് ചെയ്തിട്ടുള്ളത്. പിന്നെ ഏത് തരം ചടങ്ങുകൾക്കും ബാക്ഗ്ര‍ൗണ്ടായി ഞങ്ങളുടെ ഈ സംഗീതം ഇണങ്ങും അതുമൊരു ഗുണമാണ്. 

vayali227

മുള കണ്ടെത്തുന്നത് പ്രധാനമായും വയനാട്ടിൽ നിന്നാണ്. ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ഞങ്ങൾ തന്നെ ഉണ്ടാക്കിയെടുത്തവയാണ്. പത്ത് പേര് ചേരുന്നതാണ് ബാന്റ്. തൃശ്ശൂർ ആറങ്ങോട്ടുകരയിലാണ് ഞങ്ങളുടെ ബെയ്സ്. ജോലിക്കാരും പഠിക്കുന്നവരും ഒക്കെ കൂട്ടത്തിലുണ്ട്. സംഗീതമെന്ന പാഷനാണ് എല്ലാവരേയും ഒരുമിപ്പിച്ചു നിർത്തുന്നത്. ഒന്ന് രണ്ട് ചിത്രങ്ങൾക്കും ഒട്ടനവധി ഡോക്യൂമെന്റികൾക്കും ഞങ്ങള്‍ സംഗീതം കൊടുത്തിട്ടുണ്ട്. 

vayali225

കൊറോണക്കാലത്തും സംഗീതത്തിന് അവധി കൊടുത്തിട്ടില്ല. വെറൊരു പ്ലാറ്റ്ഫോമിലേക്ക് മാറി എന്നു മാത്രം. ഞങ്ങളുടെ ഫെയ്സ്ബുക്ക് പെയ്ജിലൂടെ ധാരാളം പരിപാടികളും മത്സരങ്ങളും ഒക്കെ ചെയ്യുന്നുണ്ട്. കേരളത്തിലങ്ങോളമിങ്ങോളമുള്ള നാടൻപാട്ട് ബാന്റുകളുമായി ലൈവ് പ്രോഗ്രാം ഈയിടെ ചെയ്തിരുന്നു. പെർക്കഷൻ വാദ്യങ്ങൾ വായിക്കുന്ന കലാകാരന്മാരുടെ പരിപാടികളും ചെയ്യുന്നുണ്ട്. 

vayali229
Tags:
  • Movies