ADVERTISEMENT

ആരും അധികം പാടിക്കേട്ടിട്ടില്ലാത്ത കുറച്ച് ഭജനുകള്‍ കേള്‍വിക്കും കാഴ്ചയ്ക്കും ഒരുപോലെ സുഖം പകരുന്ന രീതിയില്‍ സുന്ദരമായി അവതരിപ്പിക്കുകയാണ് സംഗീതസംവിധായകന്‍ ബിജിബാല്‍ പീകോക്ക് ബ്ലൂ എന്ന ഭജന്‍ സീരീസിലൂടെ. മുരുകനെക്കുറിച്ചുള്ള കണ്ടനാള്‍ മുതലായ്..., കൃഷ്ണഭജന്‍ ആയ ജമുനാ കിനാരേ...തുടങ്ങിയ ക്ലാസിക്കല്‍ കൃതികളുടെ പുതിയ പതിപ്പിനു ശേഷം മറ്റൊരു മനോഹരമായ ഭജനും വന്നിരിക്കുന്നു. ശിവനെക്കുറിച്ചു പാടുന്ന നമ്പിക്കെട്ടവര്‍ എവരയ്യാ... എന്ന പാപനാശം ശിവന്‍ കൃതിയാണ് ഈ സീരീസില്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ ഉണ്ണിമായ എസ് മേനോന്റെ നൃത്താവതരണവും കൂടിയാകുമ്പോള്‍ ഹിന്ദോളരാഗത്തിലുള്ള ഭജന് ഭംഗിയേറുന്നു. ഈ സീരീസിലെ അവസാനഗാനമാണിത്.

'കുറച്ച് ഭജനുകള്‍ ചേര്‍ത്ത് ഒരു പ്രോജക്ട് ചെയ്യണമെന്ന് കുറേ കാലമായുള്ള ചിന്തയാണ്. അവസാനം പുറത്തിറങ്ങിയത് നമ്പിക്കെട്ടവര്‍ എവരയ്യാ...ആണെങ്കിലും ശരിക്കും അതില്‍ നിന്നാണ് പ്രോജക്റ്റ് തുടങ്ങിയത്. പിന്നീട് മറ്റു രണ്ടു ഭജനുകള്‍ കൂടിച്ചേര്‍ത്ത് പീകോക്ക് ബ്ലൂ സീരീസ് എന്നു പേരിട്ടു. നമ്പിക്കെട്ടവര്‍ കേട്ടപ്പോള്‍ പശ്ചാത്തലത്തില്‍ നൃത്തം കൂടിയുണ്ടെങ്കില്‍ നല്ലാതാകും എന്നു തോന്നി. ഓര്‍ക്കസ്‌ട്രേഷനില്‍ മാറ്റം വരുത്തി ഡാന്‍സിനും കൂടി ചേരുന്ന രീതിയിലാക്കി. ഗായികയും അകമ്പടിയെത്തുന്ന കലാകാരനും തമ്മിലുള്ള ഇന്ററാക്ഷന്‍ എന്ന രീതിയിലാണ് കണ്ടനാള്‍ മുതലായ്..., ജമുനാ കിനാരേ... എന്നീ ഭജനുകള്‍ ചിത്രീകരിച്ചത്.' ബിജിബാല്‍ പറഞ്ഞു.

ADVERTISEMENT

ശാന്തി സ്‌കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ഡാന്‍സിലെ അധ്യാപികയാണ് ഉണ്ണിമായ. പിന്നണിഗായിക സൗമ്യ രാമകൃഷ്ണനാണ് പാടിയിരിക്കുന്നത്.

വിഡിയോ- നമ്പിക്കെട്ടവര്‍

ADVERTISEMENT

സ്വാതിതിരുനാള്‍ രചിച്ച ജമുനാ കിനാരേ പ്യാരേ... എന്ന ഹിന്ദി ഭജന്‍ ആയിരുന്നു രണ്ടാമത്തെ ഗാനം. സംഗീതാ ശ്രീകാന്തിന്റെ മധുരാലാപനത്തിലൂടെ സംഗീതപ്രേമികള്‍ക്ക് അത് വേറിട്ട അനുഭവമായി. കീബോര്‍ഡില്‍ മധു പോള്‍ തീര്‍ത്ത അകമ്പടി വ്യത്യസ്തമായ അനുഭൂതി നല്‍കി. സ്വാതിതിരുനാള്‍ എന്ന ചിത്രത്തിലൂടെ ജനപ്രിയമായി മാറിയ മിശ്രപീലു രാഗത്തിലുള്ള ഈ ഭജനിലൂടെ ഡോ. എസ്. ബാലമുരളികൃഷ്ണ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും സ്വതന്ത്രവുമായ ആലാപനമാണ് പീകോക്ക് സീരീസിലെ ജമുനാ കിനാരേ...

വിഡിയോ- ജമുനാ കിനാരേ

ADVERTISEMENT

എന്‍. എസ്. ചിദംബരം എഴുതി, തഞ്ചാവൂര്‍ എസ് കല്യാണരാമന്‍ മധുവന്തി രാഗത്തില്‍ സംഗീതം നല്‍കിയ തമിഴ് ഭജന്‍ കണ്ടനാള്‍ മുതലായ്... ആയിരുന്നു ഈ സീരീസില്‍ ആദ്യമിറങ്ങിയത്. സൗമ്യ രാമകൃഷ്ണന്‍ പാടിയ ആഗാനത്തിന് സന്ദീപ് മോഹന്‍ ഗിറ്റാറിലൊരുക്കിയ വിസ്മയം ആയിരുന്നു ആകര്‍ഷണം. ഒരേ സമയം സന്ദീപ് രണ്ടു ഗിറ്റാറില്‍ വായിക്കുന്നതായിട്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്.

വിഡിയോ- കണ്ടനാള്‍

 

ചിത്രീകരണത്തിലും അവതരണത്തിലുമുള്ള പുതുമ ഈ ഭജനുകളെ മറ്റൊരു തലത്തിലെത്തിക്കുന്നു. ഉണ്ണിമായയുടെ നൃത്താവതരണമാണ് മറ്റ് രണ്ടു ഭജനുകളില്‍ നിന്ന് നമ്പിക്കെട്ടവര്‍ എവരയ്യാ...യെ വ്യത്യസ്തമാക്കുന്നത്. നേരത്തേ, ബോധിയുടെ 'ഹരേ കൃഷ്ണ' എന്ന നൃത്തആല്‍ബത്തിലും സുന്ദരി എന്ന ഷോര്‍ട്ട്ഫിലിമിലും അഭിനയിച്ചിട്ടുണ്ട് ഉണ്ണിമായ. പീകോക്ക് ബ്ലൂ സീരീസിലെ മൂന്നു ഭജനുകളുടെയും ഛായാഗ്രഹണം പ്രയാഗ് മുകുന്ദനും ഓഡിയോ മാസ്റ്ററിങ് നന്ദു കര്‍ത്തയും ആണ് നിര്‍വഹിച്ചിരിക്കുന്നത്.

ADVERTISEMENT