Monday 13 January 2025 11:28 AM IST

അഞ്ചു ഗ്രാം സ്വർണകസവുള്ള സാരി, നടി രേഖ ഉടുക്കുന്ന സാരിയും കലക്ഷനിൽ: ബിന്നിയുടെ സാരി ക്രേസ് ഞെട്ടിക്കുന്നത്

Vijeesh Gopinath

Senior Sub Editor

binny-k-sivangi-26

ബിന്നി കൃഷ്ണകുമാറിനോടും മ കള്‍ ശിവാംഗിയോടും സംസാരിച്ചു തുടങ്ങുമ്പോൾ ശരിക്കും ആരാണ് ഈ വീട്ടിലെ കുട്ടി എന്നു സംശയം തോന്നും. കലപില എന്ന വാക്കു കണ്ടുപിടിച്ചതു തന്നെ ശിവാംഗിക്കു വേണ്ടിയാണെന്നു പറഞ്ഞ് ബിന്നി ചിരിക്കുന്നു.

ചെന്നൈയിലെ വീട്. വാതിൽ തുറന്നപ്പോൾ മണിച്ചിത്രത്താഴിന്റെ തമിഴ് രൂപമായ ചന്ദ്രമുഖിയിലെ സീൻ മനസ്സിലേക്കു വന്നു. പ്രഭുവും ര ജനികാന്തും കിളിവാതിലിലൂടെ അകത്തേക്കു നോക്കിനിൽക്കുന്നു. മാന്ത്രികകളത്തിലേക്ക് ജ്യോതികയുടെ ഗംഗ നൃത്തച്ചുവടുവച്ചു വരുന്നു. ഒപ്പം രാ... രാ... എന്ന പാട്ടും. മണിച്ചിത്രത്താഴിലെ ഒരുമുറൈ വന്ത് പാർത്തായ തമിഴിൽ രാ...രാ... ആയപ്പോൾ പാടി ഹിറ്റാക്കിയത് ബിന്നി കൃഷ്ണകുമാറാണ്.

ഇടയ്ക്കു ചന്ദ്രമുഖിയെ പോലെ ശിവാംഗി വാതിൽ തള്ളിത്തുറന്നു വന്ന് അമ്മയോടു തമിഴിൽ എന്തൊക്കെയോ പറഞ്ഞ് അകത്തേക്കു കയറിപ്പോകും. കുറച്ചു കഴിഞ്ഞ് ഗംഗയെ പോ ലെ വന്നു മലയാളത്തിൽ രണ്ടു ഡയലോഗ് അടിക്കും. മേക്കപ് വിഡിയോ എങ്ങനെ വൈറലാക്കാം എന്ന ആലോചനകളാണ് അകത്തു നടക്കുന്നത്.

കേരളത്തിൽ സംഗീത റിയാലിറ്റി ഷോകളിൽ അമ്മയുടെ പാട്ടും പൊട്ടും പിന്നെ, കമ്മലും മാലകളുമൊക്കെ വൻഹിറ്റാണ്. മകൾ പക്ഷേ, തമിഴ്നാട്ടിലെ സിംഗക്കുട്ടിയാണ്. ‘കുക്കു വിത് കോമാളി’ എന്ന കുക്കിങ് റിയാലിറ്റി ഷോയി ൽ ശിവാംഗി സൂപ്പർ ഹിറ്റ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ രണ്ടുപേർക്കും ലക്ഷക്കണക്കിന് ആരാധകരുണ്ട്.

ഇനി രണ്ടു പേരെക്കൂടി പരിചയപ്പെടാം; ബിന്നിയുടെ ഭർത്താവ് ഡോ.കൃഷ്ണകുമാർ, ശാസ്ത്രീയസംഗീത ജ്ഞൻ. മകൻ വിനായക് സുന്ദർ. അച്ഛനും അമ്മയും പാട്ടു പഠിപ്പിക്കാമെന്നു പറഞ്ഞിട്ടും അതു കേൾക്കാതെ, ഡാൻസിനോടു താൽപര്യം കാണിക്കുന്ന എൻജിനീയറിങ് വിദ്യാർഥി. അമ്മയുടെയും മകളുടെയും കലപിലയിൽ മ്യൂട്ടായി പോകുന്ന രണ്ടുപേരാണോ ഇവരെന്നു ന്യായമായും സംശയിക്കാം.

രാഗം താളത്തെ കണ്ടപോലെയാണു ഞങ്ങൾ കണ്ടുമുട്ടിയതെന്നു മക്കളോടു പറഞ്ഞിട്ടുണ്ടോ?

കൃഷ്ണകുമാർ: ഞങ്ങൾ രണ്ടുപേരും പാട്ടിന്റെ വീട്ടിൽ വളർന്നവരാണ്. എന്റെ അച്ഛൻ പ്രഫസർ കല്യാണ സുന്ദരം മാർ ഇവാനിയോസിലെ ഗണിതശാസ്ത്ര അധ്യാപകൻ. അമ്മ ശാരദകല്യാണ സുന്ദരം സംഗീതജ്‍ഞ. അമ്മയുടെ അടുത്തു പാട്ടു പഠിക്കാൻ വരുന്ന കുട്ടികൾക്കൊപ്പം ഞാനും ചേർന്നു. അങ്ങനെയാണു തുടക്കം.

ബിന്നി: എന്റെ അച്ഛനും അമ്മയും ഹിന്ദി അധ്യാപകരായിരുന്നു. പക്ഷേ, സംഗീതം ഒരുപാട് ഇഷ്ടപ്പെട്ടവർ. അ ക്കാലത്ത് തൊടുപുഴയിൽ സംഗീതഗുരുക്കന്മാർ വളരെ കുറവാണ്. അതുകൊണ്ടു തിരുവനന്തപുരത്തും തൃശൂരും കൊണ്ടുപോയാണ് അഞ്ചുമക്കളെയും പാട്ടു പഠിപ്പിച്ചിരുന്നത്. തിരുവനന്തപുരം ഗേൾസ് കോളജിൽ ചേർന്നതു തന്നെ പാട്ടു പഠിക്കാനായിരുന്നു. അങ്ങനെ കേരളായൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ വേദിയിൽ വച്ചാണ് ആദ്യമായി ഞങ്ങൾ കണ്ടുമുട്ടുന്നത്.

കൃഷ്ണകുമാർ : ഞാൻ പഠിച്ചത് മാർ ഇവാനിയോസി ലായിരുന്നു. കഥാപ്രസംഗം, ലളിതഗാനം, കർണാട്ടിക് മ്യൂസിക്, മോണോ ആക്ട് തുടങ്ങിയവയിലെല്ലാം കുട്ടിക്കാലം മുതലേ ബിന്നി പങ്കെടുക്കാറുണ്ടായിരുന്നു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകവുമായിരുന്നു. കോളജ് മത്സരവേദിയിലെ താരമായിരുന്നെന്നു പറയേണ്ടല്ലോ.

അങ്ങനെയൊരു വേദിയിൽ വച്ചാണ് ആദ്യമായി കാണുന്നത്. കർണാട്ടിക് മ്യൂസിക്കിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഞാനും പെൺകുട്ടികളുടെ വിഭാഗത്തിൽ ബിന്നിയും ഒന്നാമത് എത്തി. അങ്ങനെ രണ്ട് ഒന്നാം സ്ഥാനക്കാർ വലിയ കൂട്ടുകാരായി. അതു പ്രണയമായി പിന്നെ, വിവാഹവും.

രണ്ടുപേരും ബാലമുരളി കൃഷ്ണയുടെ പ്രിയ ശിഷ്യരായിരുന്നെന്നു കേട്ടിട്ടുണ്ട്...

കൃഷ്ണകുമാർ: ചെന്നൈയിലെ അമ്മാവന്റെ വീട്ടിലേക്ക് അവധിക്കാലത്തു ഞാൻ പോകും. അതിനടുത്താണു ഗുരുജി അന്ന് താമസിച്ചിരുന്നത്. അമ്മാവനുമായി വലിയ അടുപ്പത്തിലായിരുന്നു ഗുരുജി. അതുകൊണ്ടു തന്നെ ചെന്നൈയിലെത്തുമ്പോള്‍ ഗുരുജിയുടെ വീട്ടിൽ ഞാൻ പോകും, അദ്ദേഹത്തിന്റെ കൂടെ കാരംസ് കളിക്കും. പിന്നീട് അദ്ദേഹത്തിനു കീഴിൽ സംഗീതം അഭ്യസിച്ചു. ഞങ്ങൾക്കു രണ്ടുപേർക്കും അദ്ദേഹം സംഗീത ഗുരുമാത്രമല്ല, ആത്മീയഗുരു കൂടിയാണ്. വിവാഹം കഴിഞ്ഞ് ‍ചെന്നൈയിലെത്തിയ അടുത്ത ദിവസം ആദ്യമായി ഞങ്ങൾ പോയത് ഗുരുവിനു മുന്നിലേക്കാണ്.

ബിന്നി: ഗുരുജിയെ ആദ്യമായി കണ്ട ദിവസം ഇന്നും ഒാർമയുണ്ട്. ‘വറൂ... ഇറിക്കൂ’ മുഴങ്ങുന്ന ശബ്ദത്തിൽ അദ്ദേഹം ക്ഷണിച്ചു. പിന്നെ, ജീവിതത്തിലെ ഏതൊക്കെ ഘട്ടങ്ങളിൽ അദ്ദേഹം നിഴലുപോലെ ഞങ്ങൾക്കൊപ്പം നിന്നു. മറക്കാനാകാത്ത എത്രയോ സന്ദർഭങ്ങൾ.

കൃഷ്ണന് ഒരു വലിയ ആക്സിഡന്റ് ഉണ്ടായി. അന്ന് ഗുരുജി വിദേശത്തായിരുന്നു. ആ യാത്ര പുറപ്പെടുന്നതിനു മുൻപ് അദ്ദേഹം പറഞ്ഞു, ‘കൃഷ്ണാ നീ സൂക്ഷിക്കണം. നിനക്ക് കഷ്ടകാല സമയമാണ്.’

ബൈക്ക് എടുത്ത് തൊട്ടടുത്ത കടയിലേക്കു പോയതാണ്. അപകടമുണ്ടായി. തലയ്ക്കു പരുക്കേറ്റു. ഒരാഴ്ചയോ ളം െവന്റിലേറ്ററിൽ. ഒരു മാസത്തോളം ആശുപത്രിയില്‍. തിരിച്ചു വരും എന്നാരും പ്രതീക്ഷിച്ചില്ല. പക്ഷേ, ഗുരുജി മാത്രം പറഞ്ഞു, ‘ഭയപ്പെടേണ്ട, കൃഷ്ണൻ തിരിച്ചുവരും.’ അദ്ദേഹം കൃഷ്ണനു വേണ്ടി പ്രാർഥിച്ചു കൊണ്ടേയിരുന്നു.

ആറു മക്കളായിരുന്നു ഗുരുജിക്ക്. ഏഴാമത്തെ മകനെ പോലെയായിരുന്നു കൃഷ്ണൻ. അദ്ദേഹത്തിന്റെ കുടുംബവും അങ്ങനെയാണു കണ്ടത്. അവസാന ദിവസങ്ങളിൽ കൃഷ്ണന്റെ കൈപിടിച്ചു പറഞ്ഞു, ‘എനിക്കിനി ആഗ്രഹങ്ങളൊന്നുമില്ല. സംഗീതവുമായി ലോകം മുഴുവൻ സഞ്ചരിച്ചു. നിങ്ങളിലൂടെ എന്റെ സംഗീതം പിന്നെയും നിലനിൽക്കും. ഈ ജന്മത്തിൽ എനിക്ക് എന്താണു വേണ്ടത്?’

ഇടയ്ക്ക് അദ്ദേഹം പറയും, ‘കൃഷ്ണാ നീ സങ്കടപ്പെടേണ്ട. ഞാൻ പോയാലും നിന്റെ കൂടെ തന്നെ ഉണ്ടാകും.’ ആ സാന്നിധ്യം ഇപ്പോഴും ഞങ്ങൾക്ക് അനുഭവപ്പെടുന്നുണ്ട്.

എത്ര പറഞ്ഞാലും മതിയാകില്ല. ഒരോർമകൂടി പറയാം. ശിവാംഗിയെ ഗർഭിണിയായിരിക്കുന്ന സമയം. ഞങ്ങൾ അ ന്ന് അത്രയ്ക്കു സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലല്ല. ചെലവുകളൊക്കെ കഴിഞ്ഞു പോകുമെന്നേയുള്ളൂ. ഗർഭിണിയല്ലേ, ഒരു ദിവസം എനിക്കു മധുരവും പഴങ്ങളും കഴിക്കാന്‍ തോന്നി. കയ്യിൽ ആകെയുള്ള 50 രൂപയ്ക്ക് പെട്രോളും അടിച്ചു. അപ്പോഴാണ് ഗുരുജി വീട്ടിലേക്കു ക്ഷണിച്ചത്. ചെന്നപ്പോഴേ അദ്ദേഹം പറഞ്ഞു, ‘കുഴന്ത വന്താച്ചാ... ഇവിടെ ഇരിക്ക്.’എന്നിട്ട് ഒരു വലിയ ഭരണി നിറച്ചു ശർക്കരവരട്ടി എടുത്തു മുന്നിൽ വച്ചു. പിന്നെ കുറേ പഴങ്ങളും. ഞാൻ മധുരം ആസ്വദിച്ചു കഴിക്കുന്നതു തലയാട്ടി കണ്ടുകൊണ്ടിരുന്നു,

കുക്കിങ് റിയാലിറ്റി ഷോ ആയ ‘കുക്ക് വിത് കോമാളി’ യല്ലേ ശിവാംഗിയെ ഇത്ര ഹിറ്റ് ആക്കിയത്?

ശിവാംഗി: ചെന്നൈയിൽ വിമന്‍സ് കോളജിൽ ആണ് പഠിച്ചത്. ആൺപിള്ളേരെ ഒന്നും കാണാൻ കഴിയില്ലല്ലോ. അ തുകൊണ്ടു ഞങ്ങൾ ഒരു പ്ലാൻ ഇട്ടു. ഒരു ബാൻഡ് ഉണ്ടാക്കാം. എന്നിട്ട് ബാൻഡുമായി കറങ്ങാം. ‘തീപ്പെട്ടി’ എന്നായിരുന്നു ബാൻഡിന്റെ പേര്. അതായിരുന്നു തുടക്കം.

വീടിന്റെ തൊട്ടടുത്താണ് പ്രസാദ് സ്റ്റുഡിയോ. സൂപ്പർ സിംഗര്‍ എന്ന റിയാലിറ്റി ഷോയുടെ ഒാഡിഷൻ അവിടെയുണ്ടെന്ന് കേട്ടു. വെറുതെ ഒന്നു പാടി നോക്കി. അടുത്ത റൗണ്ടിലേക്ക് എത്തിയപ്പോൾ ഇനിയും പാടണം. ഞാൻ അമ്മയെ വിളിച്ചിട്ട് ഒന്നു രണ്ടു മണിക്കൂർ കൊണ്ടു പാട്ടു പഠിച്ചു. അങ്ങനെ സൂപ്പർ സിംഗറിലൂടെ പാട്ടിലേക്ക് ഞാനെത്തി.

binny-2

എന്നെ സിഎക്കാരി ആക്കാനായിരുന്നു അച്ഛനും അ മ്മയ്ക്കും ഇഷ്ടം. ആദ്യം ജോലി ഉണ്ടാകട്ടെ എന്നിട്ടു പാട്ടുകാരിയാകാം എന്നാണു ചെറുപ്പത്തിൽ വിചാരിച്ചത്. അ തായിരുന്നു പ്ലാൻ ബി. പക്ഷേ, ദൈവത്തിന് പ്ലാൻ ബിയോട് ആയിരുന്നു ഇഷ്ടം.

‘കുക്ക് വിത് കോമാളി’യാണ് വഴിമാറ്റിയത്. പാചകത്തിനൊപ്പം തമാശയും മറ്റുമായി കോമാളികളും ഉണ്ടാകും. കോ മാളി വേഷത്തിലൂടെയാണു ഞാനിതിൽ കയറുന്നത്. അടുത്ത സീസണിൽ പാചകം ചെയ്യാനും കയറി. എന്റെ സംസാരവും വെപ്രാളവും ഒക്കെയാകാം ആളുകൾക്ക് ഇഷ്ടമായത്. ഇപ്പോൾ 27 ലക്ഷം യൂട്യൂബ് സബ്സ്ക്രൈബേഴ്സും 58 ലക്ഷം ഇൻസ്റ്റ ഫോളോവേഴ്സും ഉണ്ട്.

വിനായക് പാടുമോ?

വിനായക്: എവിടെ ചെന്നാലും ശിവാംഗിയുടെ ബ്രദറല്ലേ ഒരു പാട്ടു പാടാമോന്നു ചോദിക്കും. സ്കൂളിൽ വച്ച് ബിന്നിയുടെ മകനല്ലേ എന്നായിരുന്നു. അതു കേട്ടു കേട്ടു പാടാൻ തന്നെ പേടിയായി. ഇവരുടെ അത്ര നന്നാകില്ലേ എന്നായി സംശയം.

ബിന്നി: കുട്ടിക്കാലത്തു പിടിച്ചിരുത്തി പാടിക്കും. പക്ഷേ, ഇവന്‍ ഒാടി രക്ഷപ്പെടും. ഇപ്പോഴും നന്നായി പാടും. പാട്ടിനേക്കാളും ഡാൻസിനാണു താൽപര്യം എന്നു തോന്നുന്നു. ഞാനും മകനും കൂടിയുള്ള ഡാൻസ് ഇൻസ്റ്റയിലിട്ടപ്പോഴേക്കും അതു വൈറലായി.

അമ്മയും മകളും കുക്കറി ഷോയിലുണ്ട്. വീട്ടിൽ ആ രാണ് നല്ല കുക്ക്?

ശിവാംഗി: ശരിക്കും അപ്പയാണ് നല്ല കുക്ക്. പാട്ടിലും പാചകത്തിലും അപ്പയുടെ ആദ്യ ഗുരു പാട്ടിയാണ് (കൃഷ്ണകുമാറിന്റെ അമ്മ). പാട്ടിയുടെ കയ്യിൽ റെസിപി എഴുതിയ ബുക്കുണ്ടായിരുന്നു. അതിൽ നോക്കിയാണ് അപ്പ പഠിച്ചത്.

പാട്ടിയുണ്ടാക്കുന്ന രസവും പുളിയോദരയുമെല്ലാം കി ടിലൻ ടേസ്റ്റാണ്. ഞാൻ അടുക്കളയിൽ പാട്ടിയുടെ അ സിസ്റ്റന്റ് ആയി കയറിയതാണ്. ഒറ്റയ്ക്ക് പപ്പടം കാച്ചിയ ദിവസം ഇന്നും ഒാർമയുണ്ട്. പാട്ടി പറഞ്ഞു തന്നിട്ടുണ്ട്, എണ്ണ ചൂടായിട്ടേ പപ്പടം ഇടാവൂ. എണ്ണ ചൂടായോ എന്നറിയാൻ ചീനച്ചട്ടിക്കു മീതെ കൈ വച്ചു നോക്കുക. കയ്യിൽ നീരാവി അടിക്കാൻ തുടങ്ങിയാ‌ൽ പപ്പടം ഇടണം. ഞാൻ സ്റ്റൗ കത്തിച്ചു. എണ്ണയൊഴിച്ചു. ഫ്ലെയിം ഫുള്ളിലായിരുന്നു. ആവി വന്നു പിന്നെ, അതു പുകയായി അവസാനം ചട്ടിക്ക് തീപിടിച്ചു. ഞാൻ ഒാടി രക്ഷപ്പെട്ടു.

binny-cover

ആ ഞാനാണ് ഇപ്പോൾ കുക്കറി ഷോ ചെയ്യുന്നത്.ഷെഫ് ശരവണനെപോലുള്ളവര്‍ ഒരുപാടു സഹായിച്ചു. നോൺവെജ് ഞാൻ കഴിക്കില്ല. അതുകൊണ്ട് സ്മെൽ വഴിയാണ് ചേരുവകളുടെ പോരായ്മകൾ മനസ്സിലാക്കുന്നത്. കുക്കറി ഷോയിൽ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും എ നിക്കിപ്പോഴും ഒരു നല്ല ചായ ഇടാനറിയില്ല. കളിയാക്കേണ്ട, ചായയുണ്ടാക്കൽ അത്ര എളുപ്പമുള്ള പരിപാടിയല്ല.

ഹോസ്റ്റലിൽ വച്ച് വീട്ടിലെ വിഭവങ്ങൾ വിനായകിന് മിസ് െചയ്തോ?

വിനായക്: ഇതൊക്കെ ഇപ്പോഴല്ലേ? ഹോസ്റ്റലിൽ ചേർന്ന കാലത്ത് ഒരു കോമഡിയുണ്ടായി. അവിടെ രാവിലെ കിച്ചടി, ഉപ്പുമാവ്, ഉച്ചയ്ക്ക് സാമ്പാർ, ബീൻസ് തോരൻ, വൻ വെറൈറ്റി. മെസ് ഒരു സംഭവമാണല്ലോ എന്നു പറഞ്ഞപ്പോൾ കൂട്ടുകാർ ദയനീയമായി എന്നെ നോക്കി. ‘ഇതൊക്കെ സാധാരണ കറികളാണ്. ഇത്ര പോലും കണ്ടിട്ടില്ലേ...’ എന്നായിരുന്നു ആ നോട്ടത്തിന്‍റെ അര്‍ത്ഥം. തൈര്സാദം മാത്രം കഴിച്ചു വരുന്ന എന്റെ വേദന അവർക്കറിയില്ലല്ലോ.അതുകൊണ്ടു വീട്ടിലെ വിഭവങ്ങൾ മിസ് ചെയ്തിട്ടേയില്ല.

ബിന്നി: ചുമ്മാ തഗ് അടിക്കുകയാണ്. ഇതുകേട്ടാൽ വീട്ടിൽ ഒന്നും ഉണ്ടാക്കുന്നില്ലെന്ന് ആൾക്കാർ‌ കരുതില്ലേ...

ബിന്നി, ശിവാംഗി. പേരിൽ കൗതുകമുണ്ടല്ലോ?

ബിന്നി: ശിവാംഗി എന്ന പേരിന് അമിതാഭ് ബച്ചനാണു നന്ദി പറയേണ്ടത്. കോൻബനേഗാ ക്രോർപതി എന്ന പ്രോഗ്രാം ടിവിയിൽ കാണുകയാണ്. മോൾക്ക് പേരു തിരയുകയായിരുന്നു ഞങ്ങൾ‌. മടിയിൽ കുഞ്ഞു കിടന്നുറങ്ങുന്നുണ്ട്. അ പ്പോഴാണ് ബച്ചൻ സാറിന്റെ ചോദ്യം . ആരുടെ പേരാണ് ശിവാംഗി. അത് മനസ്സിൽ തൊട്ടു. അങ്ങനെ ‘ശിവാംഗി’ വന്നു.

എന്റെ പേരിലും കൗതുകം ഉണ്ട്. സൗമിനി എന്നാണ് അച്ഛൻ ആദ്യം ഇട്ടത്. വീട്ടിൽ സംഗീത എന്നും വിളിച്ചു. എന്നാൽ ഇത് രണ്ടും ഇഷ്ടമല്ലെന്ന് കൊഞ്ചിപറഞ്ഞതുകൊണ്ടാണോ എന്നറിയില്ല. സ്കൂളിൽ ചേർത്തപ്പോൾ അ ച്ഛൻ എനിക്ക് ബിന്നി എന്നു പേരിട്ടു. അക്കാലത്ത് തൊടുപുഴയിൽ ബിന്നി സിൽക്സ് വലിയ ഹിറ്റായിരുന്നു

കൃഷ്ണകുമാർ‌: ബിന്നിക്കു സാരിയോടുള്ള ഇഷ്ടം മുൻകൂട്ടി കണ്ടിട്ടാണോ ആ പേരിട്ടത് എന്നെനിക്കു സംശയമുണ്ട്. പിന്നെ, ബിന്നിയുടെ സ്വഭാവത്തിന് സൗമിനി എന്ന പേര് ഒട്ടും ചേരില്ല. (തഗ് അടിക്കാൻ അവസരം കിട്ടിയ സ ന്തോഷത്തിൽ കൃഷ്ണകുമാർ ചിരിക്കുന്നു.)

ബിന്നി: പണ്ടുതൊട്ടേ വലിയ പൊട്ടാണു തൊട്ടിരുന്നത്. സാരി വലിയ ക്രേസാണ്. മാലയും കമ്മലും പൊട്ടും ഒക്കെ എന്റെ െഎഡന്റിറ്റി ആയി. കൃഷ്ണനിത് ഇഷ്ടവുമാണ്. പക്ഷേ, സോഷ്യൽ മീഡിയയിൽ കമന്റിടുന്നവരുണ്ട്. അവർ‌ക്കാണ് അതു സഹിക്കാൻ പറ്റാത്തത്. എന്റെ സ്വാതന്ത്ര്യത്തിന് അനുസരിച്ചല്ലേ ഞാൻ ഒരുങ്ങുന്നത്. അവരെന്തിന് അതിൽ അസ്വസ്ഥപ്പെടണം?

സാരിയുടെയും മാലയുടെയും കമ്മലിന്റെയും വലിയ ശേഖരമുണ്ട്. അ‍ഞ്ചു ഗ്രാം സ്വർണകസവുള്ള സാരിയുണ്ട്. ‘പാലും പഴവും’ എന്നാണ് അതിന്റെ പേര്. ഒരുപാട് നാള്‍ ആഗ്രഹിച്ച ശേഷമാണ് ‘രേഖ സാരി’ എനിക്കു കിട്ടിയത്. നടി രേഖ ഉടുക്കുന്ന സാരി എന്നതാണു പ്രത്യേകത. അവര്‍ക്കു സാരി െനയ്യുന്ന അതേ കൈത്തറിക്കാരെക്കൊണ്ടു തന്നെ നെയ്യിച്ചു.

‘രാ രാ...’ ഗാനം തന്ന വിദ്യാസാഗറിന്റെ മകനൊപ്പമുള്ള മ്യൂസിക് ഷോയിൽ ശിവാംഗി കയ്യടി വാങ്ങിയല്ലോ...

ശിവാംഗി: മലേഷ്യയിൽ ‘വിദ്യാസാഗർ‌ ഷോ’ ഉണ്ടായിരുന്നു. വിദ്യാസാറിന്റെ മകൻ ഹർഷവർധനും ഞാനുമൊക്കെയുണ്ട് ട്രൂപ്പിൽ. ‘രാ രാ’ പാടിക്കൂടേയെന്ന് ഹർഷവർധൻ ചോദിച്ചു. എനിക്ക് ടെൻഷനായി. അമ്മ അത്രയും സുന്ദരമായാണു പാടിയിരിക്കുന്നത്. പിന്നെ, വിദ്യാസാറിന്റെ മുന്നിൽ അതു ഞാൻ പാടുക അത്ര എളുപ്പമല്ലല്ലോ.

നല്ല പേടിയോടെയാണ് മൈക്ക് എടുത്തത്. ‘രാ...രാ’ എന്ന ഹമ്മിങ് പാടിയപ്പോഴേക്കും കയ്യടിയായി. പിന്നെ, ഞാൻ പാടുന്നതിനൊപ്പം കാണികളും പാടി. പാട്ടു തീർന്നതും നിർത്താതെ കയ്യടി. ഒരു മകൾക്കു കിട്ടാവുന്ന വലിയ അംഗീകാരമായിരുന്നു ആ നിമിഷം. സന്തോഷം കൊണ്ട് കരഞ്ഞുപോയി. അപ്പോൾ തന്നെ അമ്മയെ വിളിച്ചു.

ശിവാംഗിയുടെ കോസ്റ്റ്യൂം വെറൈറ്റി ആണല്ലോ...

ശിവാംഗി: അമ്മയുടെ സാരി റീസൈക്കിൾ ചെയ്ത് ഒരു ഒാണത്തിന് ഇടണമെന്നു വലിയ ആഗ്രഹമായിരുന്നു. അത് ഈ ഒാണത്തിന് സാധിച്ചു. അമ്മ തിരുവനന്തപുരത്തു നിന്ന് വാങ്ങിച്ച സെറ്റ് മുണ്ടാണ് ഇത്. സോഴ്സ് സ്പെക്ട്രം എന്ന ഡിസൈനർ കമ്പനി ഈ രൂപത്തിലേക്ക് മാറ്റി. കസവ് ബോർ‌ഡറെല്ലാം ഭംഗിയായി യൂസ് ചെയ്തു. സെറ്റുടുത്താൽ ഒാടാനും ചാടാനും ഒന്നും പറ്റില്ല. ഇതിട്ട് വേണമെങ്കിൽ പറക്കാം.

രണ്ടുപേർക്കും ഒരുപാടു ശിഷ്യരുണ്ടല്ലോ? മക്കളെ പാട്ടു പഠിപ്പിച്ചിട്ടുണ്ടോ?

ബിന്നി: കുട്ടിക്കാലത്ത് രണ്ടു പേരും മറ്റുള്ള കുട്ടികൾക്കൊപ്പം വന്നിരിക്കാറുണ്ടായിരുന്നു. വളർന്നപ്പോൾ സമയം ഇ ല്ലാതായി. ചെന്നൈയിൽ ആണെങ്കിലും മലയാളത്തില്‍ ഒരുപാടു പേർ എന്റെ ശിഷ്യരുണ്ട്. സുജാതയുടെ മകൾ ശ്വേതാ മോഹനും രഞ്ജിനി ജോസും റിമിടോമിയും ജിമിക്കി കമ്മൽ പാടിയ രഞ്ജിത്തും എല്ലാം ശിഷ്യരാണ്. ധനുഷും കുറച്ചു നാൾ എന്റെയടുത്തു പാട്ടു പഠിച്ചിരുന്നു.

വിജീഷ് ഗോപിനാഥ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ