ഇന്ത്യയിലെ വ്യത്യസ്തമായ സാംസ്‌കാരിക സാമൂഹ്യ സാഹചര്യങ്ങളിലൂടെയുള്ള ഒരു ചെറുപ്പക്കാരന്റെ യാത്രയാണ് കൂള്‍ ബീഡി എ റൗണ്ട് ഇന്ത്യ പറയുന്നത്. മനസ്സിലെ ഭയത്തില്‍ നിന്നുള്ള മോചനം കൂടിയാണ് അയാള്‍ക്കീ യാത്ര. പരിപൂര്‍ണ സ്വാതന്ത്ര്യത്തിലേക്കും പൂര്‍ണതയിലേക്കുമുള്ള യാത്ര. റാഷിന്‍ ഖാന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അന്നയും റസൂലും, കെ എല്‍ പത്ത് തുടങ്ങിയ സിനിമകള്‍ക്ക് പാട്ടെഴുതിയ റഫീക് ഉമ്പാച്ചിയുടെ വരികള്‍ക്ക് മിഹ്‌റാജ് ഖാലിദിന്റെ ഈണം. ബാഹുബലി പോലുള്ള ഹിറ്റ് ചിത്രങ്ങളില്‍ പാടിയ യാസിന്‍ നിസാറാണ് ഗായകന്‍. ഫൈസല്‍ ഫസിലുദ്ദിന്‍ വിഡിയോ സംവിധാനം ചെയ്തിരിക്കുന്നു. എട്ട് മിനിറ്റുള്ള ഗാനത്തിലൂടെ സെക്കന്റുകള്‍ മാത്രം വരുന്ന ദൃശ്യങ്ങളായി 14 സംസ്ഥാനങ്ങളും 12 നഗരങ്ങളും 20 ഗ്രാമങ്ങളും കാണാം. പതിനാല് സംസ്ഥാനങ്ങളിലൂടെ ഒരു കൂട്ടം ചങ്ങാതിമാര്‍ നടത്തിയ വ്യത്യസ്തമായ യാത്രയിലെ വലിയ കാഴ്ചകളാണ് കൂള്‍ ബീഡിയിലെ നായകനിലൂടെ നമുക്കു മുന്നിലെത്തുന്നത്.
''വാരാണസിയിലെ ഗ്യാങ്സ്റ്റര്‍ ടീമിനെ ബെയ്‌സ് ചെയ്തുകൊണ്ട് ഞങ്ങള്‍ ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. ലൊക്കേഷന്‍ കണ്ട് അന്തരീക്ഷമൊക്കെ മനസ്സിലാക്കിയ ശേഷം സ്‌ക്രിപ്റ്റ് എഴുതാമെന്നു കരുതി കഴിഞ്ഞ നവംബര്‍-ഡിസംബര്‍ സമയത്ത് ഞങ്ങള്‍ അവിടേക്ക് പോയി. ക്യാമറമാന്‍ ഡോണ്‍പോള്‍, മോഡലും ഫ്രണ്ടുമായ റാഷിന്‍ ഖാന്‍ , മറ്റൊരു സിനിമറ്റോഗ്രാഫര്‍ ആയ പ്രിന്‍സ്, എഡിറ്റര്‍ ഹരി ഞങ്ങള്‍ അഞ്ചു പേര്‍ ചേര്‍ന്നായിരുന്നു യാത്ര. എന്തായാലും പോകുകയല്ലേ അപ്പോള്‍ ഒരു മ്യൂസിക് വിഡിയോ കൂടി ചെയ്യാം എന്നു പറഞ്ഞു. മാപ്പ് ഒക്കെ എടുത്തു വച്ച് കൃത്യമായി പ്ലാന്‍ ചെയ്തു. എറണാകുളത്തു നിന്ന് പുറപ്പെട്ട് മുംബൈയില്‍ ഒരു ദിവസത്തെ ഷൂട്ട്. അവിടെ നിന്ന് ജോധ്പൂര്‍, പുഷ്‌കര്‍, ജയ്‌സല്‍മീര്‍, പാകിസ്ഥാന്‍ ബോര്‍ഡറിന് അടുത്തുള്ള കുറി, ലഡാക്, മണാലി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പോയി വിഷ്വല്‍സ് എടുത്തു. ലഡാക്കില്‍ കഠിനമായ മഞ്ഞ് വീഴ്ചയുള്ള സമയമായിരുന്നു. പക്ഷെ, അത്രയും നല്ല വിഷ്വല്‍സ് പിന്നീടെപ്പോള്‍ പോയാലും കിട്ടില്ല എന്നറിയാവുന്നതുകൊണ്ട് എത്ര ബുദ്ധിമുട്ടിയാലും പോകാമെന്നു തീരുമാനിച്ചു. ഞങ്ങള്‍ താമസിച്ച ഹോട്ടലിലെ കിണറിലെ വെള്ളം ഐസായി. കമ്പിയുമായി ചെന്ന് ഇടിച്ചിടിച്ച് ഐസ് ഉടച്ച് വെള്ളമാക്കണം. ടാക്‌സിയിലെ ഡീസല്‍ ഉറഞ്ഞു പോകുന്ന അവസ്ഥ വരെയുണ്ടായി. 28 ദിവസം സഞ്ചരിച്ച് കിട്ടിയ വിഷ്വലുകളാണ് വിഡിയോയിലുള്ളത്.''-വിഡിയോയുടെ സംവിധായകന്‍ ഫൈസല്‍ വിശേഷങ്ങള്‍ പങ്കിട്ടു.
''യാത്ര പോകുന്നതിനു മുമ്പ് വരികളും ഒരു ട്യൂണും റെഡിയാക്കിയാണ് പോയത്. പക്ഷെ, അവിടെ ചെന്നപ്പോള്‍ ഞങ്ങള്‍ ഉദ്ദേശിച്ചതിലും നല്ല വിഷ്വലുകള്‍ കിട്ടി. ഇംതിയാസ് അലിഖാന്റെ സിനിമകള്‍ എനിക്ക് വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഒരു റെഫറന്‍സ് സോങ് എടുത്തുവച്ച് അതിനനുസരിച്ച് വിഷ്വല്‍സ് തീരുമാനിച്ചു. ആദ്യം ഉണ്ടാക്കിയ ട്യൂണിന്റെ പേസില്‍ മാറ്റം വരുത്തി മറ്റൊരു ട്യൂണാക്കി.
ഇത്രയും റിസ്‌ക് എടുത്ത് എടുത്തതല്ലേ യൂട്യൂബില്‍ റിലീസ് ചെയ്താല്‍ ഷോട്ടുകളുടെ ആഴമൊന്നും ശരിക്ക് ഫീല്‍ ചെയ്യില്ല എന്നൊക്കെ പറഞ്ഞ് പിന്നീട് റിലീസ് ചെയ്യാമെന്നു വച്ചു. ലോക്ഡൗണില്‍ മറ്റൊന്നും ചെയ്യാനില്ലാതെ വീട്ടിലിരിക്കുമ്പോള്‍ ഇടയ്ക്ക് യാത്ര ചെയ്യാനാഗ്രഹം വരും. അപ്പോള്‍ ഈ വിഡിയോസ് എടുത്തു നോക്കും. അങ്ങനെയങ്ങനെ എന്നാല്‍ ഇനിയിത് നീട്ടിവയ്‌ക്കേണ്ട എന്നു തീരുമാനിച്ചു. അതുകൊണ്ടാണ് റിലീസ് ഇത്രയും വൈകിയത്. കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നു, സന്തോഷം. മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്നു ഭാഷകളില്‍ പാട്ട് ഇറക്കുന്നുണ്ട്. മൂന്നു ഭാഷയ്ക്കും ചേരുന്ന ഒരു പേര് ആലോചിച്ചപ്പോഴാണ് ഇങ്ങനെയൊരു പേര് തോന്നിയത്. തമിഴില്‍ വിഷ്ണു വികടനും തെലുങ്കില്‍ വിദ്യുത് രാഘവും ആണ് വരികള്‍ എഴുതിയിരിക്കുന്നത്. തെലുങ്ക് വെര്‍ഷന്‍ റിലീസ് ആകാനിരിക്കുന്നതേയുള്ളൂ.'' - ഫൈസല്‍ പറഞ്ഞു.
