Wednesday 27 November 2024 11:49 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ ചോദിച്ച പണം നല്‍കി, പാടി... ഒഴിവാക്കുകയോ വില്‍ക്കുകയോ ചെയ്യാം, എനിക്ക് യാതൊരു കുഴപ്പവും ഇല്ല’: പ്രതികരിച്ച് ഡബ്സി

dabzee

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാർക്കോയിൽ രവി ബസ്റൂർ ഈണമൊരുക്കിയ ‘ബ്ലഡ്’ എന്ന ഗാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ച് ഗായകൻ ഡബ്സി.

ചിത്രത്തില്‍ പാടാനായി ഞാൻ ചോദിച്ച പണം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ എനിക്ക് നല്‍കുകയും ഞാന്‍ പ്ലേബാക്ക് പാടുകയും ചെയ്തു. അതിനുശേഷം ആ ഗാനം ഒഴിവാക്കുകയോ അല്ലെങ്കില്‍ വില്‍ക്കുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവും ഇല്ല. അവരോട് എനിക്ക് യാതൊരു വിരോധവുമില്ല. പാട്ടിന്റെ കമ്പോസര്‍ ഞാന്‍ അല്ല. പാട്ടിന്റെ പോരായ്മകള്‍ പരിഹരിക്കുക എന്നുള്ളത് അതിന്റെ സംവിധായകന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ഇത് എന്നെ ബാധിക്കുന്ന കാര്യമല്ലെന്നും ഡബ്സി.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് മാർക്കോയിലെ ‘ബ്ലഡ്’ പുറത്തിറങ്ങിയത്. ഡബ്സി പാടിയ പതിപ്പായിരുന്നു അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. പിന്നാലെ ശബ്ദത്തിൽ വിയോജിപ്പറിയിച്ച് പ്രേക്ഷകർ രംഗത്തെത്തി. ഡബ്സിയുടെ ശബ്ദം പാട്ടിനു തീരെ യോജിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വിമർശനങ്ങളും ശക്തമായി. ഇതോടെ പാട്ട് മറ്റൊരു ഗായകന്റെ ശബ്ദത്തിൽ പുറത്തിറക്കാൻ നിർമാതാക്കൾ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് സന്തോഷ് വെങ്കി നേരത്തേ പാടിവച്ച പതിപ്പ് റിലീസ് ചെയ്യുകയായിരുന്നു.

അതേ സമയം, ഡബ്സിക്കു പകരമായല്ല താൻ ഗാനം ആലപിച്ചതെന്നും നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു പതിപ്പ് മാത്രമായിരുന്നു താൻ പാടിയതെന്നും സന്തോഷ് വെങ്കി പറഞ്ഞു.

‘ഞാൻ ഒരിക്കലും ഡബ്സിക്ക് പകരമല്ല. ഒരു ദശാബ്ദത്തിലേറെയായി എനിക്ക് രവി ബസ്റൂറുമായി പരിചയമുണ്ട്. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്. ഞാൻ അദ്ദേഹത്തിനു വേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ബ്ലഡ് എന്ന ഈ ട്രാക്ക് സത്യത്തിൽ നിർമാതാവിന് അയച്ചുകൊടുക്കാൻ തയ്യാറക്കിയ ഒരു റഫ് വേർഷൻ മാത്രമായിരുന്നു. അതിന്റെ യഥാർഥ പതിപ്പ് മറ്റൊരു ഗായകൻ പാടുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്റെ വേർഷൻ അവർ ഉപയോഗിക്കുമെന്ന് സത്യമായും അറിയില്ലായിരുന്നു. പ്രേക്ഷകരിൽ നിന്നു ലഭിച്ച പ്രതികരണങ്ങളുടെ പശ്ചാത്തലത്തിലാണ് അത്തരമൊരു തീരുമാനത്തിലേക്ക് അണിയറപ്രവർത്തകർ എത്തിയത്. പാട്ട് റെക്കോർഡ് ചെയ്യാൻ ഡബ്സി ബെംഗളൂരുവിൽ വന്നപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. ചില ഭാഗങ്ങൾ പാടാൻ അദ്ദേഹം പ്രയാസപ്പെട്ടു. എങ്കിലും പാട്ട് മികച്ച രീതിയിലാകും വരെ അദ്ദേഹം പരിശ്രമിച്ചു. എന്തായാലും സംഭവിച്ചത് നിർഭാഗ്യകരമാണ്. ഒരിക്കലും അദ്ദേഹത്തിന് പകരമല്ല ഞാൻ പാടിയതെന്നു തീർത്തു പറയുകയാണ്’.– സന്തോഷ് വെങ്കി ഒടിടി പ്ലേയോട് പറഞ്ഞു.