മലയാളത്തിന്റെ ദേവരാഗത്തിന് ഇന്ന് 96ാം ജന്മദിനം. കാലയവനികയ്ക്കുള്ളി മറഞ്ഞെങ്കിലും ദേവരാജൻ മാസ്റ്റർ ഈണം നൽകിയ സംഗീതത്തിലൂടെ മലയാളികൾക്കിടയിൽ മരണമില്ലാത്തവനായി ജീവിക്കുന്നു. രചന വയലാർ സംഗീതം ദേവരാജൻ, പാടിയത് യേശുദാസ് എന്നത് മലയാളി എന്നുമോർമിക്കുന്ന റേഡിയോ അനൗൺസ്മെന്റാണ്. ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ ഇന്ന് 96ാം ജന്മദിനം ആഘോഷിക്കുമായിരുന്ന ദേവരാജൻ മാസ്റ്ററുടെ ജീവിതത്തിലെ ചില ഏടുകളിലൂടെ...
സ്വപ്നത്തിൽസ്വരരാഗ സംഗീത
സദസ്സുകളിൽ സ്വർണ വീണ മീട്ടി
വന്നൊരു സ്വർഗ സഞ്ചാരി,
ഒരു നിമിഷം കൂടെ വരു, ഒരു പല്ലവി പാടിത്തരു. ഒരു ഗാനസാഗരത്തിൽ അധിപനല്ലേ നീ.'
ഇന്ന്, ദേവരാജൻ മാസ്റ്റർറുടെ തൊണ്ണൂറ്റിയാറാം ജന്മദിനം. ആത്മാവിനെ തൊട്ടറിഞ്ഞ ദേവരാഗങ്ങൾ, 'ഒരിയ്ക്കൽ കൂടി ഓർമിക്കുന്നു.
തൊണ്ണുറുകളിലാണ്. ദേവരാജൻ മാസ്റ്റർ തിരുവനന്തപുരത്തെ ശ്രീ ചിത്രയിൽ ഷുഗറ് കൂടി അഡ്മിറ്റായി ചികിത്സയിൽ കഴിയുന്നു. മാസ്റ്ററെ കാണാൻ വയലാർ രാമവർമയുടെ ബന്ധുവും സെൻസർ ബോർഡിലെ ഉദ്യോഗസ്ഥനായ ശ്രീ കൃഷ്ണദാസ് വന്നു.
‘ഷുഗറു കൂടുതലാണ്’ മാസ്റ്റർ പറഞ്ഞു.
‘കൂടും കൂടും ഇനിയും കൂടും എങ്ങനെ കൂടാതിരിക്കും?’ കൃഷ്ണദാസ് പറഞ്ഞു.
അത് കേട്ട് ദേവരാജൻ മാസ്റ്റർ പൊട്ടിത്തെറിച്ചു.
അപ്പോൾ കൃഷ്ണ ദാസ് പറഞ്ഞു.
‘മലയാളികൾക്ക് മധുരമുള്ള ഗാനങ്ങൾ ഒരു പാട് കൊടുത്തതല്ലേ? കൊടുത്താൽ കൊല്ലത്തും കിട്ടും, പരവൂരും കിട്ടും !’
ഇത് കേട്ട് പരവൂർ ജി. ദേവരാജൻ പൊട്ടിച്ചിരിച്ചു.
അപൂർവമാണാ ചിരി. ബോധിച്ചതേ ചെയ്യൂ. ആരായാലും. കഴിവാണ് പ്രധാനം. വ്യക്തിയല്ല.
ഒരിക്കൽ ചോദിച്ചു.
ആരാണ് മികച്ച ഗായകൻ ?

‘സംശയമെന്ത്?’ പിന്നെ പറഞ്ഞു. ‘ഒന്നാമൻ യേശുദാസ്. രണ്ടാമനും, മൂന്നാമനും അയാൾ തന്നെ.
നാലാമൻ ജയചന്ദ്രൻ, പിന്നെ പത്തു വരെ യേശുദാസ് തന്നെ.’
ഗായിക?
‘പി.സുശീല. അവർ പാടുമ്പോൾ പാട്ടിന്റെ ഭാവം താനെ വരും. മറ്റുളളവർക്ക് ഭാവം പിന്നെ ചേർക്കണം.’
യേശുദാസിനെ ഏറ്റവും അധികം ഗാനങ്ങൾ പാടിച്ച സംഗീത സംവിധായകൻ. മോഹനം എന്ന രാഗത്തിൽ 32 പാട്ടിന് ഈണമിട്ട സംഗീത സംവിധായകൻ, ഏറ്റവും അധികം ഗായകരെ പാടിച്ച ആൾ. അര നൂറ്റാണ്ട് മുൻപ് വീട്ടുമൃഗം എന്ന പടത്തിൽ ഭാസ്കരൻ മാസ്റ്ററുടെ ' മൻമഥസൗഥത്തിൽ ' എന്ന ഗാനം സോളോ ആയി യേശുദാസിനെക്കൊണ്ടും ജയചന്ദ്രനെ കൊണ്ടും ആദ്യം പാടിച്ച സംഗീത സംവിധായകൻ. ഈണമിട്ടത് 305 മലയാള ചിത്രങ്ങൾക്ക്!
‘ഒരു പാട്ടിന് ഈണമിട്ട് കഴിഞ്ഞാൽ ഞാൻ മണിക്കുറുകളോളം മറ്റ് കാര്യങ്ങളിൽ മുഴുകും . പിന്നിട് ആ ഈണം ഓർത്തെടുക്കാൻ ശ്രമിക്കും. ഓർമ വന്നില്ലെങ്കിൽ ആ ട്യൂൺ ഞാൻ ഉപേക്ഷിക്കും.. എന്റെ പാട്ട് എനിക്കു പോലും ഓർക്കാൻ കഴിഞ്ഞില്ലെങ്കിൽ മറ്റുള്ളവർ എങ്ങനെ ഓർക്കാൻ!’
'പൂന്തേനരുവി പൊന്മുടി പുഴയുടെ അനുജത്തി' എന്ന ഗാനത്തിന് ഇട്ടത് 4 ട്യൂൺ. അതിൽ ഏറ്റവും മികച്ചതാണ് നാം ഇന്ന് കേൾക്കുന്നത്. 'ആകാശങ്ങളിലിരിക്കും അനശ്വരനായ പിതാവേ' നാടൻ പെണ്ണിലെ അനശ്വര ഗാനം റെക്കോഡ് ചെയ്യുമ്പോൾ അതിന്റെ ഓർക്കസ്‌ട്രേഷൻ ചെയ്തത്. ആർ.കെ. ശേഖറാണ്. എ.ആർ. റഹ്മാന്റെ പിതാവ്.
അതിൽ വന്ന മാറ്റം ശ്രദ്ധയിൽ പെട്ട ദേവരാജൻ മാസ്റ്റർ ശേഖറിനോട് വിശദികരണം തേടിയപ്പോൾ. ശേഖർ പറഞ്ഞത് പാട്ട് മെച്ചപ്പെടാൻ താൻ ചിലത് ചേർത്തു. എന്നാണ്.
അപ്പോൾ തന്നെ ദേവരാജൻ മാസ്റ്റർ ശേഖറെ സ്റ്റുഡിയോവിൽ നിന്ന് ഗെറ്റൗട്ടടിച്ചു.
‘നല്ലതായാലും മോശമായാലും അത് എന്റെ പേരിലിരിക്കട്ടെ!’
അതാണ് ദേവരാജൻ മാസ്റ്റർ.

ആ ദേവഗീതികളിൽ നിന്ന് അപൂർവമായ ചില ഗാനങ്ങളിതാ!ദേവരാജൻ മാസ്റ്റർ പാടിച്ച എല്ലാ ഗായകർക്കും പ്രാതിനിധ്യം നൽകി ചില ഗാനങ്ങൾ... കെ.എസ്. ജോർജ് മുതൽ സുദീപ് കുമാർ വരെ 96 ഗായകരെ ദേവരാജൻ മാസ്റ്റർ പാടിച്ചു.
ആ ഗായകരും ഗായികമാരും പാടിയ 10 അപൂർവ്വ ദേവഗീതികൾ ഇതാ.
1. സ്വർഗ സാഗരത്തിൽ നിന്നും സ്വപ്നസാഗരത്തിൽ വന്ന :1973, ചിത്രം: മനുഷ്യപുത്രൻ, രചന: വയലാർ, ആലാപനം: യേശുദാസ്
2. പ്രഭാത ഗോപുര: 1962, തുലാഭാരം: വയലാർ, എസ്. ജാനകി.
3. സ്വപ്നത്തിൽ ലക്ഷദ്വീപിലെ പുഷ്പ നന്ദിനി.1977, ചക്രവർത്തിനി, വയലാർ, പി.ജയചന്ദ്രൻ
4. ശ്രീവത്സം മാറിൽ ചാർത്തിയ ശീതാംശു കലേ: 1973, ചായം, വയലാർ, അയിരൂർ സദാശിവൻ
5. ചെല്ലമണി പൂങ്കുയിലുകൾ!:1978, തമ്പുരാട്ടി, കാവാലം നാരായണപണിക്കർ, യേശുദാസ്, പി.സുശീല.
6. യവന സുന്ദരി: 1970, പേൾ വ്യൂ, വയലാർ. യേശുദാസ്, ബി. വസന്ത
7. കണ്ണുകൾ കണ്ണുകളിടഞ്ഞു: ശാലിനി എന്റെ കൂട്ടുകാരി, 1978, എം.ഡി.രാജേന്ദ്രൻ, പി.ജയചന്ദ്രൻ, വാണി ജയറാം.
8. ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നിൽ തോണി.: 1965, പട്ടുതൂവാല, വയലാർ, കമുകറ പുരുഷോത്തമൻ, പി.സുശീല
9. അഭിലാഷ മോഹിനി: 1975, ഭാര്യ ഇല്ലാത്ത രാത്രി, ശ്രീകുമാരൻ തമ്പി, ശ്രീകാന്ത്, പി.മാധുരി
10. 'വാസന്ത രാവിന്റെ...,' ചതുരംഗം, 1959, വയലാർ. കെ.എസ് ജോർജ്, ശാന്താ പി.നായർ.