Tuesday 30 August 2022 10:08 AM IST : By സ്വന്തം ലേഖകൻ

അന്ന് ഞാൻ അവന്റെ ഫാൻ ആയതാണ്...ഇപ്പോൾ അവിചാരിതമായി പോയി എന്നറിയുന്നു...: കുറിപ്പ്

john-p-varkey

അന്തരിച്ച സംഗീത സംവിധായകൻ ജോൺ പി വർക്കിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ഗിരീഷ് കുമാർ. തങ്ങളുടെ സ്കൂൾ കാലം മുതലുള്ള അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ഗിരീഷ് കുമാറിന്റെ കുറിപ്പ് –

ജോൺ പി വർക്കി.
പ്രഗത്ഭനായ സംഗീതജ്ഞനായിരുന്നു.
മൂന്നാം കയ്യായിരുന്നു ഗിറ്റാർ ! ശരീരത്തിൽ അംഗഭേദം തോന്നാത്ത ഒന്ന്!
എൽത്തുരുത്ത് സെൻറ് അലോഷ്യസിൽ എട്ടാം ക്ലാസ്സിൽ ചേർന്നകാലം!
ഏതോ ഒരു പരിപാടി.
അടുത്തതായി ജോൺ പി വർക്കിയുടെ ഗിറ്റാർ സോളോ എന്ന അനൗൺസ്മെൻറ്.
സോളോ എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത ഞാൻ നോക്കിയിരിക്കേ,
ഒരു സാധനവുമായി (അതിന്റെ പേരായിരുന്നു ഇലക്ട്രിക് ഗിറ്റാർ എന്ന് പിന്നീടറിഞ്ഞു) ഒമ്പതാം ക്ലാസ്സിലെ ഒരു പയ്യൻ വന്നു!
കാണാമറയത്ത് എന്ന സിനിമയിലെ ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ എന്ന അന്നത്തെ ഹിറ്റ് ഗാനത്തിന്റെ ഇൻട്രോ ഡ്രം ബീറ്റ് അവൻ ഗിറ്റാറിൽ പ്ലെ ചെയ്ത് പാട്ടാരംഭിച്ചു.
അന്ന് ഫാൻ ആയതാണ്.
ആ വർഷം സബ് ജില്ലാ കലോത്സവത്തിൽ ഞാൻ കഥാ പ്രസംഗത്തിനും അവൻ പാട്ടിനും ഉപകരണ സംഗീതത്തിനും മത്സരിച്ചു. ഒരുമിച്ചായിരുന്നു പോയതും വന്നതും. എനിക്ക് ഒന്നും കിട്ടിയില്ല! അവന് തീർച്ചയായും കിട്ടിയിരിക്കണം. ഓർമ്മയില്ല! പക്ഷേ അവൻ അന്ന് പാടിയത് തരംഗിണി ഇറക്കിയ രവീന്ദ്രൻ മാഷിന്റെ അരയന്നമേ ആരോമലേ എന്ന ഗംഭീര ഗാനമായിരുന്നു. പിന്നെ പത്താം ക്ലാസ് കഴിഞ്ഞ് വഴി പരിഞ്ഞ് പോയി. പ്രിയനന്ദന്റെ സിനിമയുടെ പശ്ചാത്തല സംഗീതം ചെയ്യുന്ന കാലത്ത് എല്ലാ മാമൂലുകളെയും തകർത്തെറിയുന്നവനായി കണ്ടുമുട്ടി.
കുറച്ച് കാലം കഴിഞ്ഞ് ചാരുലതയുടെ കല്യാണത്തിന് തികഞ്ഞ സാത്വികനായും കണ്ടു.
ഇപ്പോൾ അവിചാരിതമായി പോയി എന്നറിയുന്നു.
ജോൺപീ, തമ്മിൽ അധികം കണ്ടില്ലെങ്കിലെന്ത്? സംസാരിച്ചില്ലെങ്കിൽ എന്ത്?
നീ ഉതിർത്ത ആ ഗാനം കൂടിയായിരുന്നു എനിക്ക് തുടരുവാനുള്ള ഉൽപ്രേരകം !
ആദരം!