Saturday 01 June 2024 09:48 AM IST : By സ്വന്തം ലേഖകൻ

‘എന്റെ എക്കാലത്തെയും മികച്ച ജന്മദിനം’: മയോനിക്കൊപ്പം ക്യൂട്ട് ചിത്രവുമായി ഗോപി സുന്ദർ

gopi-mayoni

47–ാം ജന്മദിനം ആഘോഷിച്ച സംഗീത സംവിധായകൻ ഗോപി സുന്ദറിന് സുഹൃത്തുക്കൾ കരുതിവച്ചത് ഹൃദ്യമായ സർപ്രൈസുകൾ. സ്നേഹാശംസകളും സമ്മാനങ്ങളുമായി ഗോപി സുന്ദറിന്റെ പിറന്നാൾ ദിനം കൂട്ടുകാർ ആഘോഷമാക്കുകയായിരുന്നു.

ഇപ്പേഴിതാ പിറന്നാൾ ദിനത്തിലെ സ്പെഷല്‍ മൊമന്റ് പങ്കിടുകയാണ് ഗോപി സുന്ദർ. പ്രിയകൂട്ടുകാരി മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ക്യൂട്ട് ചിത്രം പങ്കിട്ടുകൊണ്ടാണ് ഗോപിയുടെ സമൂഹമാധ്യമ പോസ്റ്റ്. ‘എന്റെ എക്കാലത്തെയും മികച്ച ജന്മദിനം’ എന്നാണ് ഗോപി സുന്ദർ ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്.

ഡസ്റ്റി ലാവൻഡർ നിറത്തിലുള്ള കുർത്തയാണ് ഗോപി സുന്ദർ അണിഞ്ഞത്. മയോനി കേരള സാരി ധരിച്ചിരിക്കുന്നു. ഇരുവരുടെയും കേരളത്തനിമ നിറയുന്ന ചിത്രം ഇതിനകം ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. കമന്റ് ബോക്സ് ഓഫ് ചെയ്താണ് ഗോപി സുന്ദർ ചിത്രം പോസ്റ്റ് ചെയ്തത്.

മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തിൽ വാർത്തകൾ തലപൊക്കിയത്. ഗോപി സുന്ദറിനെക്കുറിച്ചു വാചാലയായി മയോനി പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ‘പെരുമാനി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും പ്രീമിയറിനും ഒരുമിച്ചെത്തിയ ഇരുവരുടെയും ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ഗിഫ്റ്റ് ഹാംപറുമായാണ് മോഡലും കലാകാരിയും മുൻ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായർ ഗോപിക്ക് ആശംസകൾ അറിയിച്ചത്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ ആലേഖനം ചെയ്ത ഫോട്ടോ ഫ്രെയിമായിരുന്നു കൂട്ടത്തിൽ ഹൃദ്യം. അതിൽ ‘നിങ്ങളൊരു രത്നമാണ്. എന്നും കൂടെയുള്ളതിനു നന്ദി’ എന്ന കുറിപ്പ് കാണാം. ഗിഫ്റ്റ് ഹാംപർ തയാറാക്കി നൽകിയ ഗാലറി ആർട്ട്, താരയെയും ഗോപി സുന്ദറിനെയും ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ സമ്മാനത്തിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചു.

നടിയും മോഡലുമായ അഞ്ജന മോഹനും ജന്മദിനാശംസകൾ അറിയിച്ചു. ഗോപിക്കൊപ്പമുള്ള നല്ല നിമിഷങ്ങളും ചിത്രങ്ങളും പങ്കുവച്ചുകൊണ്ടാണ് അ‍ഞ്ജനയുടെ ആശംസ. ഗായകരായ പുണ്യ പ്രദീപ്, ആവണി മൽഹാർ, മുഹമ്മദ് മഖ്ബൂൽ മൻസൂർ തുടങ്ങിയവരും ഗോപി സുന്ദറിനു പിറന്നാൾ മംഗങ്ങൾ നേർന്നു. എല്ലാവരോടും ഗോപി നന്ദിയും സ്നേഹവും അറിയിച്ചിട്ടുണ്ട്.