ADVERTISEMENT

സംഗീതത്തെ ജീവിതതാളമാക്കിയ ഒരച്ഛൻ തന്റെ കുഞ്ഞിന് നൽകുന്ന ഏറ്റവും വലിയ സന്തോഷം എന്തായിരിക്കും? കൺമണിക്കായി കരുതി വയ്ക്കാൻ കണ്ണും മനസും നിറയ്ക്കുന്ന താരാട്ടുപോലെ മറ്റൊരു സന്തോഷം ഉണ്ടായെന്നു വരില്ല. പ്രണയവും വിരഹവും വാത്സല്യവും തന്റെ സംഗീതത്തിൽ ചാലിച്ച ഗോവിന്ദ് വസന്തയെന്ന കലാകാരനും അങ്ങനെനെയൊരു സന്തോഷത്തിന്റെ കഥ പറയുകയാണ്. തന്റെ പൊന്നോമനയെ പാട്ടുപാടിയുറക്കുന്ന ഗോവിന്ദിന്റെ വി‍ഡിയോയാണ് വൈറലാകുന്നത്.

മകനെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്ന ഗോവിന്ദിനെ വിഡിയോയിൽ കാണാം. ഗോവിന്ദിന്റെ പങ്കാളിയും ചലച്ചിത്രപ്രവർത്തകയുമായ രഞ്ജിനി അച്യുതനാണ് പ്രിയപ്പെട്ട നിമിഷങ്ങൾ ഒപ്പിയെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘എല്ലാം അതിന്റെ അനുയോജ്യമായ ഇടത്ത്’ എന്ന അടിക്കുറിപ്പും വിഡിയോയ്ക്കു നൽകിയിരിക്കുന്നു.  

ADVERTISEMENT

ബ്ലാക് ആൻഡ് വൈറ്റ് മോഡിൽ ചിത്രീകരിച്ച വിഡിയോ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. അച്ഛന്റെ പാട്ടുകേട്ട് ഒന്നുമറിയാതെ നെഞ്ചിൽ ചായുറങ്ങുകയാണ് കുഞ്ഞ്.ഇക്കഴിഞ്ഞ ദിവസം ഗോവിന്ദിന്റെ പിറന്നാളായിരുന്നു. പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ നേർ‍ന്നുകൊണ്ടാണ് രഞ്ജിനി അച്യുതൻ മനോഹരമായ ഈ വിഡിയോ പങ്കുവച്ചത്.

നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗോവിന്ദ് വസന്തയ്ക്കും രഞ്ജിനിക്കും കുഞ്ഞ് പിറന്നത്. 9ാം മസത്തിൽ ഗർഭകാല ചിത്രങ്ങൾ പങ്കിട്ട് രഞ്ജിനി തന്നെയാണ് ജീവിതത്തിലെ വലിയ കാത്തിരിപ്പിനെക്കുറിച്ച് അറിയിച്ചത്. ഗ്ലാമറസ് ലുക്കിലായിരുന്നു രഞ്ജിനിയുടെ മറ്റേണിറ്റി ഫോട്ടോഷൂട്ട്. കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കിയ ദമ്പതികൾ അതിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സ്നേഹിതരുമായി പങ്കുവച്ചിരുന്നു. യാഴന്‍ ആര്‍ എന്നാണ് ഇരുവരും മകന് നൽകിയിരിക്കുന്ന പേര്. 

ADVERTISEMENT

2012ലായിരുന്നു ഗോവിന്ദ് വസന്തയുടെയും രഞ്ജിനിയുടെയും വിവാഹം. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാൻഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധ നേടിയത്. 96 എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയതോടെ ഗോവിന്ദ് നിരവധി ആരാധകരെ നേടി. സിനിമാരംഗത്ത് എഴുത്തുമായി ബന്ധപ്പെട്ട് സജീവമാണ് രഞ്ജിനി അച്യുതൻ.

ADVERTISEMENT
ADVERTISEMENT