പ്രകൃതി നമുക്കായി കരുതി വച്ചിരിക്കുന്ന അദ്ഭുതങ്ങളിലേക്കും ശാന്തമായ ആ സംഗീതത്തിലേക്കുമൊരു മടക്കം... ആഗ്രഹം പാടുകയാണ് നീലമുകിലേ...എന്ന ആൽബം സോങ്. പ്രകൃതിയോടും സംഗീതത്തോടുമുള്ള സ്നേഹം പറയുന്ന ഗാനം യൂ ട്യൂബിൽ ശ്രദ്ധേയമാകുന്നു. യുവഗായകൻ കെ എസ് ഹരിശങ്കറാണ് ഗാനം പാടിയിരിക്കുന്നത്.
‘നമ്മളെല്ലാവരും ആദ്യമായി കേൾക്കുന്ന സംഗീതം പ്രകൃതിയുടേതാണ്. അതാവാഹിച്ച് ഇന്ദ്രിയങ്ങളെ തൊട്ടുണർത്തുന്നതും പ്രകൃതിയിലൂടെയാണ്. വർഷങ്ങൾ കഴിയുമ്പോൾ നമ്മൾ അവളിൽ നിന്ന് അകന്നു പോകുന്നു. നിലനിൽപ്പിന്റെ അടിത്തറ പാകിയ അമ്മയോട് ക്രൂരമായും അശ്രദ്ധമായും പെരുമാറുന്നു. നമ്മുടെ ജീവിതത്തെ സൃഷ്ടിക്കുന്ന, നിലനിർത്തുന്ന, പരിപോഷിപ്പിക്കുന്ന മനോഹരിയായ പ്രകൃതിക്കുള്ള സമർപ്പണമാണ് ഈ ഗാനം.’ എന്ന് പേജിൽ കുറിച്ചിരിക്കുന്നു.
‘ഞങ്ങൾ ഏഴു പേരിലൂടെ ജനിച്ച പാട്ടാണിത്. ഏഴു പേരുടെയും ചെറിയ ചെറിയ അംശങ്ങൾ ഇതിലുണ്ട്. ഓരോരുത്തരും ഇപ്പോൾ അകലത്താണെങ്കിലും ഒരുമയുടെ ആ ശക്തിയാണ് ഈ പാട്ടിലേക്ക് ഞങ്ങളെ എത്തിച്ചത്.’ അവർ പറയുന്നു.
വിനായക് ശശികുമാറിന്റെതാണ് വരികൾ. അനന്തനാരായണൻ, അബിൻ സാഗർ, ബോണി എബ്രഹാം, അഭിജിത്ത് സുധി,അൽനിഷാദ് എന്നിവരാണ് പിന്നണിയിൽ.