ADVERTISEMENT

സംഗീത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അർഹിക്കുന്ന അംഗീകാരവും പ്രതിഫലവും ലഭിക്കുന്നില്ലെന്ന വിജയ് യേശുദാസിന്റെ വെളിപ്പെടുത്തലിനെ അനുകൂലിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. മറ്റൊരു ജോലിയുള്ളതു കൊണ്ടാണ് തന്റെ കാര്യങ്ങൾ നടന്നു പോകുന്നതെന്നും സ്വതന്ത്രസംഗീതരംഗത്തുള്ളവരും സ്റ്റേജ് പ്രോഗ്രാമുകൾ മാത്രം ആശ്രയിച്ച് കഴിയുന്നവരുമായ അനേകം കലാകാരൻമാർക്ക് ജീവിക്കാനുള്ള വരുമാനം സംഗീതത്തിൽ നിന്ന് കിട്ടുന്നില്ലെന്നും ‘വനിത ഓൺലൈന്’ നൽകിയ അഭിമുഖത്തിൽ ഹരീഷ് ശിവരാമകൃഷ്ൻ പറഞ്ഞു. 

‘കോവിഡ് കാലം വന്നപ്പോൾ വരുമാനം ഇല്ലാതായി എന്നല്ല, അതിനും എത്രയോ മുൻപ് വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണിത്. ഞാൻ ഒരു സ്വതന്ത്രകലാകാരനാണ്. മറ്റൊരു ജോലി ഉള്ളതുകൊണ്ട് എന്റെ കാര്യങ്ങൾ നടന്നുപോകുന്നുണ്ട്. എനിക്കറിയാവുന്ന  മറ്റ് കലാകാരന്മാരെക്കുറിച്ച് ഓർക്കുമ്പോൾ  വേദന തോന്നുന്നുണ്ട്. സ്വതന്ത്രസംഗീത രംഗത്തുള്ളവരും സ്റ്റേജ് പ്രോഗ്രാമുകൾ മാത്രം ആശ്രയിച്ച് കഴിയുന്നവരുമായി എത്രയോ കലാകാരന്മാരുണ്ട്. അതുമാത്രമാണ് അവരുടെ ഉപജീവനമാർഗം. ഉത്സവങ്ങളിൽ വായിക്കുന്ന വാദ്യകലാകാരന്മാരും ക്ഷേത്രകലകളെ ഉപാസിച്ച് ജീവിക്കുന്നതുമായ നൂറുകണക്കിന് ആളുകളാണുള്ളത്. അവരുടെയെല്ലാം ഏക വരുമാനമാർഗം ഇത്തരം സ്റ്റേജ് പരിപാടികളാണ്. കോവിഡ് കാലം വന്നതോടെ അവർക്കെല്ലാം വരുമാനമില്ലാതായി. 

ADVERTISEMENT

 എനിക്ക് ബുദ്ധിമുട്ടുകൾ ഇല്ലെന്നല്ല, പക്ഷെ, എന്നെക്കാൾ ബുദ്ധിമുട്ടി ഓരോ ദിവസവും തള്ളി നീക്കുന്ന അവരോട് കണക്ക് പറയുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല. വീട്ടുടമസ്ഥന് നിങ്ങൾ വാടക കൊടുക്കുന്നില്ലേ, കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങുമ്പോൾ പണം നൽകുന്നില്ലേ, കല ആസ്വദിച്ച ശേഷം കലാകാരന് പണം നൽകാൻ മാത്രം പിന്നെന്തുകൊണ്ട് മടിക്കുന്നു? കലാകാരൻ വലിയ സംഭവമാണ് എന്നല്ല, ന്യായമല്ലാത്ത ഒരു പൈസ പോലും ചോദിക്കുന്നില്ല. പാർശ്വധാരയിലും സ്വതന്ത്രമായും തനതുകലയിലും മാത്രം ഒതുങ്ങി നിൽക്കുന്നവർക്ക് അവരർഹിക്കുന്ന പണം നൽകണം എന്നേ പറയുന്നുള്ളൂ. ജീവിക്കാനുള്ള തത്രപ്പാടിൽ ഞങ്ങൾക്കും ശബ്ദമുയർത്താതെ തരമില്ല. ഇല്ലെങ്കിൽ ഈ പാവം കലാകാരന്മാരുടെ ജീവിതം പോലും സാധ്യമല്ല. അങ്ങനെയുള്ള കലാകാരന്മാർക്കു വേണ്ടിയുള്ള വിനീതമായൊരു അപേക്ഷയാണിത്.’

മലയാള സിനിമയിൽ സംഗീത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അർഹിക്കുന്ന അംഗീകാരവും പ്രതിഫലവും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മലയാള ചലച്ചിത്രങ്ങളിൽ പിന്നണി പാടില്ലെന്ന വിജയ് യേശുദാസിന്റെ തീരുമാനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. പ്രതിഫല കാര്യത്തിൽ കടുംപിടുത്തം പാടില്ലെന്നും കല ദൈവദത്തമാണെന്നും വിജയ് യേശുദാസിനെ ഉപദേശിക്കാനും സോഷ്യൽ മീഡിയയിലെ ‘വിധിയെഴുത്തുകാർ’ മടിച്ചില്ല. ഈ സാഹചര്യത്തിൽ വിജയ്‌യുടെ നിലപാടിനു പിന്തുണയുമായാണ് ഹരീഷ് രാമകൃഷ്ണന്‍  രംഗത്തെത്തിയത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT