ജിയോ ബേബി – മമ്മൂട്ടി കൂട്ടുകെട്ടില്‍ വന്ന കാതല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുമ്പോൾ, സിനിമയിലെ ഗാനരചയിതാവ് ജാക്വിലിന്‍ മാത്യുവിന്റെ ഹൃദയം തൊടുന്നൊരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
ജാക്വിലിന്‍ മാത്യുവിന്റെ കുറിപ്പ് –
എഴുതുന്നതെല്ലാം കവിതയാവണേ എന്ന് പ്രാർഥിച്ചിരുന്ന കാലത്തിൽ നിന്നും കവിത തന്നെയെന്നെ മറന്ന് പോയ ദിവസങ്ങളിൽ ഒന്നാണ് ജിയോ ചേട്ടന്റെ വോയിസ് മെസേജ് ഫോണിൽ എത്തിയത്. ‘നോർമ്മ ഒന്ന് എഴുതി നോക്ക് നോർമ്മയെ കൊണ്ട് പറ്റും’ എന്ന് പറയുമ്പോൾ, ‘ആ ചേട്ടാ, ഞാൻ ശ്രമിക്കാ’ മെന്ന് പറയുവാനെ തോന്നിയുള്ളൂ.
പണ്ടൊരിക്കൽ ഇങ്ങനെ എഴുതിയിരുന്നു:
‘എനിക്കപ്പനെ ഓർക്കുമ്പോൾ
അമരത്തിലെ
അച്ചൂട്ടിയെ ഓർമ്മ വരും
വികാര വിക്ഷോഭങ്ങളുടെ
ആൾരൂപം
വേറെ ചിലപ്പോൾ
നിറക്കൂട്ടിലെ രവി
ഉള്ളിലാകെ
കലഹം നിറച്ച്
എങ്ങനൊക്കെയായാലും
എനിക്കപ്പൻ മമ്മൂട്ടിയാണ്’.
മമ്മൂക്ക എനിക്ക് അങ്ങനെയാണ്. നമ്മളിൽ പലരെയും പോലെ മമ്മൂക്ക വിങ്ങി പൊട്ടുന്നത് കാണാൻ ശേഷിയില്ലാത്തയൊരാൾ. പപ്പയുടെ ചില മാനറിസങ്ങൾ ഉള്ളതിനാൽ തന്നെ ഇമോഷണലി മമ്മൂക്കയിൽ കുടുങ്ങി പോയൊരാൾ. ഇനിയും കാണാനാവതില്ലാത്ത അമരവും തനിയാവർത്തനവും.
മമ്മൂക്കയുടെ മുഖം, എന്റെ വരികൾ - ഒരു സ്‌ക്രീനിൽ : നിങ്ങൾക്ക് മനസിലാവുന്നുണ്ടല്ലോ അല്ലെ,
ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ മുന്നിൽ വെച്ച് ജീവിച്ചിരുന്ന / ജീവിക്കുന്ന ഒരാളല്ല ഞാൻ. എന്നിട്ടും പണ്ടത്തെ, വളരെ പണ്ടത്തെ ഡയറിൽ ഒരാഗ്രഹം കുറിച്ച് വെച്ചിരുന്നു. ഒരു പാട്ട് എഴുതണമെന്ന്. ഞാനും ഡയറിയും അത് മറന്ന് പോയിരുന്നു. ഓർമ്മപ്പെടുത്തുവാൻ ജിയോ ചേട്ടന്‍ വന്നു.
എന്റെ എഴുത്തു കുത്തുകൾ വായിച്ചിട്ടുള്ളവർക്ക് അറിയാം, സങ്കടങ്ങളുടെ എഴുത്തുകൾ മാത്രമാണ് എനിക്ക് പറഞ്ഞിട്ടുള്ളത്. സങ്കടമില്ലാത്തപ്പോൾ എഴുത്ത് വരാത്തൊരാൾ.
എനിക്ക് ദൈവവും ആത്മീയതയും എന്നാൽ , ഒരടി മുന്നോട്ട് പോകാൻ ഇനിയാവില്ലയെന്നും ഒറ്റയ്ക്കിനി മുന്നോട്ട് നീങ്ങില്ലെന്നും തോന്നുമ്പോൾ മുകളിലേയ്ക്കുള്ള നിസ്സഹായതയുടെ നോട്ടമാണ്. അത് മാത്രമാണ് എനിക്ക് പ്രാർത്ഥന.
മാത്യുവിന്റെയും (അതെ എന്റെ അപ്പന്റെ പേര് തന്നെയാണ് മമ്മൂക്കയുടെ കഥാപാത്രത്തിന്) ഓമനയുടെയും ഒരു കുഞ്ഞു വീടിന്റെയും സ്നേഹവും നിസ്സഹായതയും പ്രാര്‍ഥനയുമാണ് ഈ പാട്ട്.
Nishitha Kallingalചേച്ചി വഴി എന്റെ എഴുത്തുകൾ വായിച്ചു, ചേച്ചി വഴി connect ആയ ആളുകൾ ആണ് ഞാനും ജിയോ ചേട്ടനും. ഇങ്ങോട്ട് വന്നു മിണ്ടി...പരിചയപ്പെട്ട്, എഴുത്തിനെ പറ്റി പറഞ്ഞു. അത്രയും സിമ്പിൾ ആയൊരു മനുഷ്യൻ .
എന്നെ ഓർത്തതിന്, ഞാൻ കൊടുക്കാത്ത വില എന്റെ എഴുത്തിന് കൊടുത്തതിനു സ്നേഹം ജിയോ ചേട്ടാ.
പിന്നെ നീ
proud ഓഫ് you എന്ന് പറയുവാൻ എനിക്കൊത്തിരി ആളുകൾ ഒന്നുമില്ല. കൂടെയിരുന്ന്, നിന്നെ കൊണ്ട് പറ്റുമെന്ന് പറഞ്ഞു, ആഹാരം ഉണ്ടാക്കി തന്നു, കൂടെ നടന്ന്, എന്റെ കരച്ചിലുകളെല്ലാം കാലങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന നിനക്ക്, നിന്റെ സിനിമാ ഭ്രാന്തിന്, നമ്മുടെ സിനിമാ കാണലുകൾക്ക്, ചർച്ചകൾക്ക്, മമ്മൂക്കയും ലാലേട്ടനും ഇർഫാൻ ഖാനും രജനീകാന്തുമെല്ലാം നിറഞ്ഞ നമ്മുടെ കുഞ്ഞുവീട്ടിലെ ചുമരിന്
നിനക്ക്
പറയുവാൻ ഉള്ളത് മുഴുവൻ പറഞ്ഞു തീർന്നിട്ടില്ല. ഇനി പിന്നെയാവട്ടെ. കാതലിന്റെ pre റിലീസ് ടീസർ ഇറങ്ങിയിട്ടുണ്ട്. അതിൽ നമ്മുടെ കുഞ്ഞു പാട്ടിന്റെ വളരെ കുഞ്ഞൊരു ഭാഗമുണ്ട്. മാത്യൂസ് ആണ് മ്യൂസിക്. അസാമാന്യ പ്രതിഭയാണ്.
‘ഉയിരിൽ തൊടും’ മുതൽ എന്റെ പ്രിയപ്പെട്ട ശബ്ദമാണ് ആൻ ആമി. വളരെ യൂണിക് and addictive ആയ ശബ്ദമാണ് അവരുടേത്.
കിളിവാതിലിൽ തുടങ്ങി ഞാൻ ലൂപിൽ കേൾക്കുന്ന കുറേയേറെ പാട്ടുകൾ പാടിയ ഗായിക. പടം നിങ്ങൾ കാണണം.