Monday 07 December 2020 04:48 PM IST

ദീപയുടെ ’കാട്ട് പയലേ’ കവര്‍സോങ് സൂര്യയുടെ ട്വിറ്റര്‍ പേജില്‍; ഷെയര്‍ ചെയ്ത് മഞ്ജുവാര്യരും

V N Rakhi

Sub Editor

Surya1

ചങ്ങനാശ്ശേരിക്കാരി ദീപ ജെസ്‌വിന്‍ പാടിയ 'കാട്ട് പയലേ...' കവര്‍ സോങ്ങിന് സൂര്യയുടെ അഭിനന്ദനം



എംബിഎ പഠനം കഴിഞ്ഞ് വിവാഹവും പിന്നെ കുടുംബവുമൊക്കെയായി ദീപ ജെസ്‌വിന്‍ അബുദബിയില്‍ അടിച്ചുപൊളിച്ച് ജീവിക്കുകയായിരുന്നു. അവിടത്തെ സ്വകാര്യ റേഡിയോയില്‍ ജോക്കിയായ ക്ലാസ്‌മേറ്റ് ഒരു ദിവസം ചോദിച്ചു എന്റെ ഷോയില്‍ ദീപയൊരു പാട്ടു പാടാമോ എന്ന്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണല്ലോ ഈശോയേ പൊതുവേദിയില്‍ അവസാനമായി പാടിയത്, ഇത്രേം വര്‍ഷം കഴിഞ്ഞില്ലേ, എന്താകുമോ ആവോ എന്നൊക്കെ ഓര്‍ത്തെങ്കിലും ആശങ്കയൊന്നും പുറത്തു കാണിക്കാതെ ഈശോ മിശിഹായെ മനസ്സില്‍ ധ്യാനിച്ച് കൂള്‍ ആയി മറുപടി കൊടുത്തു. '' അതിനെന്താ പാടിക്കളയാം.'' കണ്‍സോള്‍ മൈക്കിലൂടെ തച്ചോളി വര്‍ഗീസ് ചേകവറിലെ മാലേയം മാറോടലിഞ്ഞു... പാടിക്കേട്ടപ്പോള്‍ ആര്‍ജെ കൂട്ടുകാരന്റെ കമന്റ്: 'ഇതു കൊള്ളാമല്ലോ എന്നാല്‍ പിന്നെ നല്ലൊരു പാട്ടെടുത്ത് കവര്‍ സോങ് ചെയ്ത് യൂട്യൂബിലിടെടോ' എന്ന്. എന്നാല്‍ അതും ആയിക്കളയാം എന്നു പറഞ്ഞ് ചങ്ങാതി നല്‍കിയ മോട്ടിവേഷനുമായി അന്ന് അവിടെ നിന്ന് പോന്നു.

'ആ സമയത്ത് 10 ദിവസത്തെ ലീവില്‍ നാട്ടിലേക്ക് വരേണ്ടി വന്നു. പിന്നാലെയെത്തി കൊവിഡും ലോക്ഡൗണും. തിരിച്ചു പോകാനാകാതെ വീട്ടില്‍ കുത്തിയിരിക്കുമ്പോള്‍ കവര്‍സോങ് ഐഡിയ മെല്ലെ തലപൊക്കി.സൂര്യയുടെ കട്ട ആരാധികയായതുകൊണ്ട് വാരണം ആയിരത്തിലെ 'അനല്‍മേലെ പനിതുളി....'യില്‍ ഐശ്വര്യമായി ഹരിശ്രീ കുറിക്കാമെന്നു വച്ചു. പാട്ട് റെഡിയായപ്പോള്‍ ഫെയ്‌സ്ബുക്കിലെ സൂര്യാ ഫാന്‍സ് ക്ലബ് പേജില്‍ കണ്ട നമ്പറില്‍ വിളിച്ചു. ഫോണ്‍ എടുത്തത് ഫാന്‍സ് ക്ലബ് ലേഡീസ് യൂണിറ്റ് ഹെഡ്. കാര്യം പറഞ്ഞു. സൂര്യയുടെ ജന്മദിനത്തില്‍ ഫാന്‍സ് ക്ലബ് പേജിലൂടെ ഗാനം റിലീസ് ആയി. റിലീസ് ആയി എന്നു മാത്രം പറഞ്ഞാല്‍ പോര വന്‍ ഹിറ്റും ആയി. അതായിരുന്നു അടുത്ത മോട്ടിവേഷന്‍. അധികം വൈകാതെ അടുത്ത സൂര്യഹിറ്റ് സോങ് മുന്‍പേ വാ എന്‍ അന്‍പേ വാ...യുടെ കവര്‍ ഇറക്കി. അതും ഹിറ്റ്. കുറച്ചുകൂടി നല്ല രീതിയില്‍ ഇനിയൊരു സൂര്യാ സോങ് ചെയ്യണമെന്നൊക്കെ കരുതിയിരിക്കുമ്പോഴാണ് ഒടിടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന സൂരറൈ പോട്ര് എന്ന പടത്തിലെ കാട്ട് പയലേ...സോങ്ങ് മനസ്സില്‍ കയറിയത്.

Surya3

കൊച്ചിയിലെ മികച്ച സ്റ്റൂഡിയോകളിലൊന്നില്‍ ചെന്ന് പാട്ട് പാടി റെക്കോഡ് ചെയ്യാന്‍ പിന്നെയൊട്ടും വൈകിയില്ല. ആന്ധ്രയിലെയും തമിഴ്‌നാട്ടിലെയും കേരളത്തിലെയും സൂര്യ ഫാന്‍സ് ക്ലബുകള്‍ വഴി സൂര്യയുടെ കരിയര്‍ യാത്ര മുഴുവന്‍ കാണിക്കുന്ന കുറേ ചിത്രങ്ങളും വിഡിയോസും തപ്പിപ്പിടിച്ചെടുത്തു. സോണി മ്യൂസിക്‌സുമായി അടുത്ത ബന്ധമുള്ള മറ്റൊരു കൂട്ടുകാരന്‍ വഴി അവരെ സോങ് കേള്‍പ്പിച്ചു. യൂട്യൂബില്‍ അവര്‍ എന്റെ കാട്ടു പയലേ... റിലീസ് ചെയ്തു. അതിന്റെ ലിങ്ക് സൂരറൈ പോട്രിലെ നായിക അപര്‍ണ ബാലമുരളി എഫ് ബിയിലും ട്വിറ്ററിലും ഷെയര്‍ ചെയ്തു. അവിടന്നങ്ങോട്ട് സംഭവിച്ചതെല്ലാം സ്വപ്‌നമാണോ സത്യമാണോ എന്ന് തിരിച്ചറിയാനായിട്ടില്ല ഇതുവരെയും.

അപര്‍ണയുടെ പോസ്റ്റ് കണ്ട് ഗാനം ഇഷ്ടപ്പെട്ട് സൂര്യയുടെ പ്രൊഡക്ഷന്‍ കമ്പനിയായ 2D എന്റര്‍ടെയ്ന്‍മെന്റിന്റെ ട്വിറ്റര്‍ പേജില്‍ ഗാനം ഷെയര്‍ ചെയ്തു. കേരളത്തിലെ സൂര്യാ ഫാന്‍സ് ക്ലബ് കമ്മിറ്റിയില്‍ വിളിച്ച് ചിത്രത്തിനും ഗാനത്തിനും ഇങ്ങനെയൊരു പ്രൊമോഷന്‍ നല്‍കിയതില്‍ സന്തോഷവും അറിയിച്ചു. ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ജി വി പ്രകാശ് കുമാറും നടി മഞ്ജു വാര്യരും സമൂഹമാധ്യമങ്ങളിലൂടെ സോങ് ഷെയര്‍ ചെയ്തതോടെ സംഗതി ഹിറ്റായി. പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ഞാന്‍ ആദ്യമായി സ്റ്റൂഡിയോയില്‍ മൈക്കിനു മുമ്പില്‍ നിന്നു പാടിയ ഗാനം ഇത്രയ്ക്ക് 'നോട്ടപ്പുള്ളി' ആകും എന്നൊന്നും കരുതിയില്ല.' ആ സന്തോഷത്തിലാണ് ഇപ്പോള്‍ ദീപ. ദീപയുടെ ഭര്‍ത്താവ് ജെസ്‌വിന്‍ ജോണ്‍ അബുദബിയില്‍ എന്‍ജിനീയര്‍ ആണ്. മക്കള്‍ ആറു വയസ്സുകാരി നിയയും നാലുവയസ്സുകാരന്‍ നിക്കും.