Thursday 17 December 2020 10:56 AM IST

ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നം സഫലമായി ; ചിത്രച്ചേച്ചിക്കും കൈലാസ് മേനോനും ശ്യാം കുറുപ്പിനും നന്ദി പറ‍ഞ്ഞ് ശാന്തി

Sreerekha

Senior Sub Editor

sree22

ഹൗസ്ബോട്ട് യാത്രയ്ക്കിടയിൽ കൺമുന്നിലെ ടിവിയിൽ ഗായിക ചിത്രച്ചേച്ചി. ശാന്തി ഏറ്റവും ഇഷ്ടപ്പെടുന്ന പാട്ടുകാരി. ചിത്രച്ചേച്ചിയുടെ മധുര ശബ്ദത്തിൽ കേൾക്കുന്നത് താൻ എഴുതി ഈണമിട്ട പാട്ടിന്റെ വരികൾ. എല്ലാവരും േകൾക്കണമെന്നും പുറം ലോകത്തേക്ക് എത്തണമെന്നും താൻ ആഗ്രഹിച്ച പാട്ട്.

‘രാക്കിളി തൻ പാട്ടിലേ

ഒരു കൂടൊഴിഞ്ഞൊരു കൂട്ടിൽ ഞാൻ

നിനക്കായി മാത്രം കാത്തിരുന്നു...

ഇളം തെന്നലറിയാതെ

ഇളം കാറ്ററിയാെത..

പകൽ പോലുമറിയാതെ....’

അപ്രതീക്ഷിതമായി ആ ഗാനം കേൾക്കെ വീൽ ചെയറിലിരുന്ന് ശാന്തി ശിവദാസൻ സന്തോഷം െകാണ്ട് കണ്ണു തുടച്ചു. തന്റെ മനസ്സിലെ വലിയ മോഹം യാഥാർത്ഥ്യമാക്കിയവരോട് എങ്ങനെ നന്ദി പറയുമെന്നറിയാതെ ഇടറിയ വാക്കുകളോടെ മനസ്സു തുറന്നു.

ഭിന്നശേഷിക്കാർക്കായുള്ള സപ്പോർട്ട് ഗ്രൂപ്പ് ‘ഫെയർ ലാൻഡ് ഫാമിലി ഗ്രൂപ്പി’ന്റെ പിന്തുണയോടെ ആലപ്പുഴയിൽ ഒരുക്കിയ ഹൗസ് ബോട്ട് യാത്രയിലാണ് ഈ വികാര നിർഭരമായ നിമിഷങ്ങൾ പിറന്നത്. ശാന്തിക്കായി ഇങ്ങനെ ഒരു സർപ്രൈസ് സമ്മാനം ഒരുക്കാൻ മുൻ കൈയെടുത്തതാവട്ടെ, കൊച്ചി വിസ്മയ സ്റ്റുഡിയോയുടെ ഡയറക്ടറും ചാരിറ്റി പ്രവർത്തനങ്ങളിൽ വൊളന്റിയറും ആയ ശ്യാം കുറുപ്പും കൂട്ടുകാരും. ‘ഫ്ളഡ് വൊളന്റിയേഴ്സ് ഫാമിലി ’ എന്ന ചാരിറ്റി സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ശ്യാം, മാവേലിക്കര സ്വദേശിനിയായ ഭിന്നശേഷിക്കാരിയായ പെൺകുട്ടി ശാന്തിയുടെ സംഗീതസ്വപ്നമറിഞ്ഞപ്പോൾ അത് യാഥാർത്ഥ്യമാക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു. സംഗീത സംവിധായൻ കൈലാസ് മേനോന് ശാന്തി എഴുതി ഈണമിട്ട് ശാന്തിയുടെ ചേച്ചി പാടിയ ഗാനം അയച്ചു കൊടുത്തു. അത് സിനിമയിലോ ആൽബത്തിലോ വരണമെന്നതാണ് ശാന്തിയുടെ ആഗ്രഹമെന്നും എണീറ്റ് നടക്കാൻ വയ്യാത്ത കുട്ടിയാണ് ശാന്തിയെന്നും അറിയിച്ചു. ആ ഗാനവും ശാന്തിയുടെ സ്വപ്നവും കൈലാസ് മറന്നു കളഞ്ഞില്ല.

സിബി മലയിലിന്റെ പുതിയ സിനിമയ്ക്കായി ചെന്നൈയിൽ വച്ച് കെ. എസ്. ചിത്രയെ കണ്ടുമുട്ടിയപ്പോൾ തിരക്കൊഴിഞ്ഞ നേരത്ത് ശാന്തിയുടെ പാട്ടിനെ കുറിച്ചും കൈലാസ് ചിത്രച്ചേച്ചിയോട് പറഞ്ഞു. അങ്ങനെയാണ് ഒരു സ്വപ്ന സാഫല്യത്തിനു വഴിയൊരുങ്ങിയത്. കൈലാസ് മേനോൻ ഈ സംഭവം വിവരിക്കുന്നു:

‘‘ജോലിക്കിടയിൽ സോഷ്യൽ വർക് കൂടെ ചെയ്യാറുള്ള ശ്യാം എന്നെ ഇടയ്ക്ക് പല ചാരിറ്റി സംഭവങ്ങൾക്കു വേണ്ടിയും വിളിക്കാറുണ്ട്. ഒരു മാസം മുമ്പ് ശ്യാം, ശാന്തി എന്ന സ്പെഷലി ഏബിൾഡ് ആയ, എണീറ്റ് നടക്കാൻ വയ്യാത്ത പെൺകുട്ടി എഴുതി കംപോസ് ചെയ്തിട്ട് ആ കുട്ടിയുടെ ചേച്ചി പാടിയ ഈ ഗാനത്തിന്റെ ഒാഡിയോ ക്ലിപ് അയച്ചു തന്നിരുന്നു. ഈ പാട്ട് കേട്ട് ശാന്തിക്ക് പ്രോൽസാഹനമേകുന്ന എന്തെങ്കിലും ഒാഡിയോ അയ്ക്കാമോ എന്നും ചോദിച്ചിരുന്നു. ആൽബത്തിലോ സിനിമയിലോ ഉപയോഗിച്ചോ മറ്റോ ഈ പാട്ട് ആളുകളിലേക്ക് എത്തണം എന്നത് ശാന്തിയുടെ ഏറ്റവും വലിയ മോഹമാണെന്നും ശ്യാം പറ‍ഞ്ഞിരുന്നു. ഞാൻ ചെന്നൈയിൽ ചിത്രച്ചേച്ചിയെ കാണാൻ പോകുന്നുണ്ടായിരുന്നു. സിബി മലയിൽ സാറിന്റെ പുതിയ സിനിമയിലെ ഗാനങ്ങൾക്കു വേണ്ടി. അപ്പോൾ ചിത്രച്ചേച്ചിയോട് ഈ പാട്ടിന്റെ കാര്യം പറയാമെന്ന് ഞാൻ മനസ്സിൽ കരുതിവച്ചു. പാട്ട് റെക്കോർഡിങ് കഴിഞ്ഞ് ഞാൻ ചിത്രച്ചേച്ചിയെ ഈ പാട്ടും ഈ കുട്ടിയുടെ ഫോട്ടോയും കാണിച്ചിട്ട് ചേച്ചിക്ക് ഈ ഗാനം നാലു വരി പാടാൻ പറ്റുമോയെന്ന് ചോദിച്ചു. ചേച്ചി സന്തോഷത്തോടെ സമ്മതിച്ചു. ചേച്ചി ആ വരികൾ എഴുതി പഠിച്ച് പാടി. ചിത്രച്ചേച്ചിയുടെ സ്റ്റുഡിയോയിൽ വച്ചായിരുന്നു. ചേച്ചി പാടിയ വീഡിയോ ഞാൻ ശ്യാമിന് അയച്ചു കൊടുത്തിരുന്നു. ശ്യാം അതു കണ്ടിട്ട് പറ‍ഞ്ഞു, അവർ ഫെയർ ലാൻഡ് കൂട്ടായ്മയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കായി ഒരു ഹൗസ് ബോട്ട് ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്. ശാന്തിയും വരുന്നുണ്ടാകും. അന്ന് അവിടെ വച്ച് ആ വീഡിയോ സർപ്രൈസായി ശാന്തിയെ കാണിക്കാമെന്ന്.

ഡിസംബർ 14 നായിരുന്നു ഹൗസ് ബോട്ട് യാത്ര. ‍ഞാനും ആ യാത്രയിൽ പങ്കെടുത്തു. അവിടെ വച്ച് ശാന്തിക്കായി ഒരുക്കിയ സർപ്രൈസ് സമ്മാനം പോലെ ചിത്രച്ചേച്ചി പാടുന്ന വീഡിയോ ഹൗസ് ബോട്ടിലെ ടിവിയിൽ കാണിച്ചു. സന്തോഷം െകാണ്ട് ശാന്തി കണ്ണു നിറഞ്ഞിരുന്ന നിമിഷം ‍ഞങ്ങൾക്കെല്ലാവർക്കും തന്നെ ധന്യ നിമിഷമായി. ഇെതാരുക്കാൻ മുൻ കൈയ്യെടുത്ത ശ്യാമിനും ശാന്തിയുടെ പാട്ട് ഒരു മടിയുമില്ലാതെ പാടിയ ചിത്രച്ചേച്ചിക്കും വളരെയേറെ നന്ദിയുണ്ട്.

sree11

ശാന്തിക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നായി അതു മാറി. ശാന്തിയുടെ വാക്കുകളിെലല സന്തോഷം ഞങ്ങൾക്കും വലിയ ഉൗർജമേകി. സ്കൂളിൽ പോയി പഠിക്കാനൊന്നും അവസരം കിട്ടാത്ത കുട്ടിയായ ശാന്തി, വളരെ വികാര ഭരിതമായിട്ടാണ് സംസാരിച്ചത്.

‍ഞാൻ ശാന്തിയുടെ ട്യൂൺ അതു പോലെ തന്നെ ചിത്രച്ചേച്ചിയെ കേൾപ്പിക്കുകയായിരുന്നു. ഞാനായിട്ട് ഒന്നും മാറ്റിയിട്ടില്ല. ഇൻസ്ട്രമെന്റ്സ് ഒന്നും ആഡ് ചെയ്യാതെ റോ ആയി ചേച്ചിയുടെ ശബ്ദം കേൾക്കുന്നതു തന്നെയാവും ഭംഗിയെെന്ന് തോന്നി. അത് ഒരു പാട്ട് പോലെ ആക്കാതെ ചേച്ചിയുടെ ശബ്ദത്തിൽ മാത്രം കേൾക്കുമ്പോൾ ഒരു ഫീൽ ഉണ്ടായിരുന്നു. വരികളിൽ ആ കുട്ടിയുടെ മനസ്സ് പ്രതിഫലിക്കും പോലെ തന്നെ തോന്നി.’’ കൈലാസ് പറയുന്നു.

‘‘ഒരുപാട് സന്തോഷം. ഇതു ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല. ചിത്രച്ചേച്ചിക്കും ശ്യാം ചേട്ടനും കൈലാസ് ചേട്ടനും എല്ലാവർക്കും നന്ദി. ഞാനെഴുതിയത് പുറത്തു വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. പഠിക്കാനൊന്നും പോയിട്ടില്ല ഞാൻ. അക്ഷരം പോലും ശരിക്കും പഠിച്ചിട്ടില്ല. എഴുതിയതിൽ ശരിക്കും അക്ഷരത്തെറ്റുണ്ടായിരുന്നു. പുറത്ത് കാണിക്കാൻ പോലും ധൈര്യമില്ലായിരുന്നു. ഞാൻ സ്വപ്നം പോലും കാണാത്ത സംഭവമാണിത്. ഇനി ചിത്രച്ചേച്ചിയെ നേരിട്ടു കാണണം എന്നും മോഹമുണ്ട്. ഈ സ്വപ്നം സത്യമായതു പോലെ ആ മോഹവും നടക്കുമെന്നാണ് വിശ്വാസം.’’ സന്തോഷം െകാണ്ട് ഇടറുന്ന വാക്കുകളോടെ വീൽ ചെയറിലിരുന്ന് ശാന്തി പറയുന്നു. 

Tags:
  • Movies